Connect with us

ആരോഗ്യം

ആരോഗ്യം ഒരു ദിവസത്തെ ലക്ഷ്യമല്ല; നമ്മുടെ ജീവിതശൈലിയാണ്

ആരോഗ്യം എന്നത് ഒരു ദിവസത്തെ മാത്രം ലക്ഷ്യമല്ല; അത് നമ്മുടെ ജീവിതശൈലിയാണ്. ശാസ്ത്രീയ അറിവും ശരിയായ ശീലങ്ങളും മുൻനിർത്തി ആരോഗ്യകരമായ ഒരു തലമുറയെ നമുക്ക് വളർത്തിക്കൊണ്ടുവരാം.

Published

|

Last Updated

വർഷത്തെ ലോക ആരോഗ്യ ദിനം (ഏപ്രിൽ 7) കഴിഞ്ഞുപോയെങ്കിലും അത് മുന്നോട്ടുവെച്ച സന്ദേശം ഇന്നും ഏറെ പ്രസക്തമാണ്. “ശാസ്ത്രീയമായ സമീപനത്തിലൂടെ ആരോഗ്യ സംരക്ഷണം’ എന്നതായിരുന്നു 2026ലെ ആരോഗ്യ ദിന സന്ദേശം. വിശ്വാസ്യതയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുകയും തെറ്റായ പ്രചാരണങ്ങളെ തിരിച്ചറിയുകയും ആധുനിക ചികിത്സാരീതികൾ എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം നാം വരും ദിവസങ്ങളിലും ഉയർത്തിപ്പിടിക്കേണ്ടതാണ്.

പോഷകാഹാരം ആരോഗ്യത്തിന്റെ അടിസ്ഥാനം

നമ്മുടെ ആരോഗ്യനിലയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. ശാസ്ത്രീയമായി ക്രമീകരിച്ച, ശരിയായ പോഷകങ്ങൾ അടങ്ങിയ ആഹാരം ശരീരത്തിനും മനസ്സിനും ഊർജം നൽകുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

സമീകൃതാഹാരം

ഓരോ ഭക്ഷണത്തിലും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശരിയായ അളവിൽ ഉൾപ്പെടുത്തണം. ഒരു പോഷക ഘടകത്തെ മാത്രം ആശ്രയിക്കുന്നതോ പൂർണമായി ഒഴിവാക്കുന്നതോ ആയ ഭക്ഷണരീതികൾ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിന് ഹാനികരമാണ്.

പ്രാദേശികവും കാലാനുസൃതവുമായ ഭക്ഷണം

നമ്മുടെ ചുറ്റുപാടുകളിൽ ലഭ്യമായ പച്ചക്കറികളും പഴങ്ങളും കൂടുതൽ പോഷകസമൃദ്ധമാണ്. വളരെ ദൂരത്തുനിന്ന് ദിവസങ്ങളെടുത്ത് എത്തുന്നവയെക്കാൾ ഇവ ആരോഗ്യത്തിന് കൂടുതൽ ഗുണകരമാണ്.

ജങ്ക് ഫുഡ് നിയന്ത്രിക്കുക

അമിതമായ ഉപ്പും പഞ്ചസാരയും എണ്ണയും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ ജീവിതശൈലി രോഗങ്ങൾക്ക് പ്രധാന കാരണമാണ്. കൃത്രിമ പാനീയങ്ങളും അമിതമധുരവും പരമാവധി ഒഴിവാക്കുക.

ഭക്ഷണവൈവിധ്യം

വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ശരീരത്തിന് ആവശ്യമായ വ്യത്യസ്ത ഫൈറ്റോ ന്യൂട്രിയന്റുകൾ ലഭിക്കാൻ സഹായിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ക്രാഷ് ഡയറ്റ് ഒഴിവാക്കുക

പെട്ടെന്ന് ഭാരം കുറയ്ക്കാൻ വേണ്ടി ചെയ്യുന്ന കർശനമായ ഡയറ്റുകൾ ശരീരത്തിന് ദോഷകരമാണ്. കൃത്യമായ പോഷകാഹാരം ഉറപ്പാക്കി സാവധാനത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതാണ് ശാസ്ത്രീയമായ രീതി.

മതിയായ വെള്ളം

ദിവസേന 2.5 – 3 ലിറ്റർ വെള്ളം കുടിക്കുന്നത് ദഹനത്തിനും ശരീരത്തിലെ മാലിന്യങ്ങൾ പുറത്താക്കുന്നതിനും അനിവാര്യമാണ്. നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, മോര് എന്നിവയും ഉൾപ്പെടുത്താം.

വ്യായാമം

ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30-45 മിനുട്ട് വ്യായാമം അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം ശീലമാക്കണം.

ഇന്നത്തെ ഡിജിറ്റൽ കാലത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അവയെല്ലാം ശാസ്ത്രീയമായി ശരിയായിരിക്കണമെന്നില്ല. ഓരോ വ്യക്തിയുടെയും പ്രായം, ആരോഗ്യനില, ജീവിതശൈലി എന്നിവ പരിഗണിച്ചാണ് കൃത്യമായ നിർദേശങ്ങൾ നൽകേണ്ടത്. അതിനാൽ, ആരോഗ്യ കാര്യങ്ങളിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ധരുടെയോ ഡയറ്റീഷ്യന്മാരുടെയോ ഉപദേശം തേടുന്നത് അനിവാര്യമാണ്.

ആരോഗ്യം എന്നത് ഒരു ദിവസത്തെ മാത്രം ലക്ഷ്യമല്ല; അത് നമ്മുടെ ജീവിതശൈലിയാണ്. ശാസ്ത്രീയ അറിവും ശരിയായ ശീലങ്ങളും മുൻനിർത്തി ആരോഗ്യകരമായ ഒരു തലമുറയെ നമുക്ക് വളർത്തിക്കൊണ്ടുവരാം.

 

 

Latest