Kannur
സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ രക്ഷിച്ചു; പിന്നെ പുഴയിൽ മുങ്ങി മരണത്തിലേക്ക്; രാജേഷിന് വിട നൽകി നാട്; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി
രാജേഷിനോടുള്ള ആദരസൂചകമായി സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സർക്കാർ
തിരുവനന്തപുരം | കണ്ണൂർ ചെറുപുഴ മീൻതുള്ളിയിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ കല്ലൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ അന്തിമോപചാരം അർപ്പിച്ചു. കല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചിരുന്ന മൃതദേഹത്തിൽ അഞ്ജലി അർപ്പിച്ച ശേഷം സമീപത്തുള്ള രാജേഷിന്റെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെയും മക്കളെയും ആശ്വസിപ്പിച്ചു.
കണ്ണൂർ മീൻതുള്ളിയിൽ മലവെള്ളപ്പാച്ചിലിൽ തുരുത്തിൽ അകപ്പെട്ടുപോയ ആളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെടുന്നത്. രക്ഷപ്പെടുത്തിയ ആൾക്ക് തന്റെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയ ശേഷം കയറിൽ പിടിച്ച് പുഴ നീന്തിക്കടക്കാൻ ശ്രമിക്കവെ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.
രാജേഷിനോടുള്ള ആദരസൂചകമായി സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രാജേഷിന്റെ പണിപൂർത്തിയാകാത്ത വീടിന്റെ നിർമ്മാണം പൂർത്തിയാക്കി നൽകാനുള്ള മുഴുവൻ സഹായവും സർക്കാർ നൽകുമെന്നും കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവരും നേരത്തെ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
Content Highlights:
Chief Minister VD Satheesan visited the residence of rescue worker Rajesh in Kalloor to pay his last respects. Rajesh tragically lost his life during a rescue operation in Kannur Cherupuzha after giving his own life jacket to save a stranded person. The government announced full official honors for his funeral and promised financial assistance to complete his unfinished home.


