Connect with us

Kerala

ദേശീയപാത പിലിക്കോട് പടുവളത്ത് അരക്കിലോമീറ്റർ നീളുന്ന വിള്ളൽ

വിള്ളൽ കണ്ടെത്തിയത് അഞ്ച് മീറ്ററിലധികം കെട്ടി ഉയർത്തിയ ഭാഗത്ത്

Published

|

Last Updated

തൃക്കരിപ്പൂർ (കാസർകോട്) | കാസർകോട്-  കണ്ണൂർ ദേശീയപാതയിലെ പിലിക്കോട് പടുവളത്ത് വിള്ളൽ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ബസ് സ്‌റ്റോപ്പിലെ പാലം മുതൽ പടുവളം റോഡ് വരെ അഞ്ച് മീറ്ററിലധികം കെട്ടി ഉയർത്തിയ ഭാഗത്താണ് അരക്കിലോമീറ്റർ നീളുന്ന വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. നിർമാണം നടന്നുവരുന്ന ഇതുവഴി നിലവിൽ വാഹന ഗതാഗതം ഇല്ല. വിള്ളലുണ്ടെന്ന വിവരം പുറത്തു വന്നതിന് തൊട്ടുപിന്നാലെ നിർമാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ തൊഴിലാളികൾ ഇവിടെയെത്തി ടാറും കോൺക്രീറ്റും ഉപയോഗിച്ചും ഷീറ്റ് വിരിച്ചും വിള്ളൽ അടക്കാനും മറക്കാനും ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ചെർക്കളം- കാലിക്കടവ് റീച്ചിൽ മേഘ കമ്പനിക്കാണ് ദേശീയപാത നിർമാണ ചുമതല.

തോട്ടം ഗേറ്റ് മുതൽ പടുവളം വരെ ഇരുവശത്തും സർവീസ് റോഡിന് സമീപം നിരവധി വീടുകളുണ്ട്. നിർമാണ കമ്പനി താൽക്കാലികമായി വിള്ളൽ അടച്ച് പണി പൂർത്തിയാക്കിയാലും ടൺ കണക്കിന് ഭാരമുള്ള വാഹനങ്ങളൾ ചീറിപ്പാഞ്ഞു തുടങ്ങുമ്പോൾ ഇവിടെ താമസിക്കുന്നവരുടെ സുരക്ഷയെ ബാധിക്കും. മലപ്പുറം കൂരിയാട് സംഭവിച്ചത് പോലെ  ഉയരത്തിലുള്ള ഭിത്തി തകർന്നുവീണാൽ വലിയ ദുരന്തം സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.  വിള്ളൽ വീണ സ്ഥലത്തെ അറ്റകുറ്റപ്പണികൾ നിർത്തി ജില്ലാ കലക്ടറും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കണമെന്നും ഭിത്തിയുടെ ഫിറ്റ്‌നസ് പരിശോധന നടത്തി തുടർനടപടികൾ കൈക്കൊള്ളണമെന്നും ആവശ്യമുയർന്നു.

Latest