Connect with us

Saudi Arabia

ഹജ്ജ്: 43,425 തീര്‍ഥാടകര്‍ക്ക് ചികിത്സ നല്‍കി; മെയ് 31 മുതല്‍ ജൂലൈ മൂന്ന് വരെ നടത്തിയത് അഞ്ച് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍

മെയ് 31 മുതല്‍ ജൂലൈ മൂന്ന് വരെ അഞ്ച് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍, 66 കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, 182 ഡയാലിസിസ്, രണ്ട് എന്‍ഡോസ്‌കോപ്പിക്, 95 ശസ്ത്രക്രിയകളും നടത്തി.

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം 43,425 തീര്‍ഥാടകര്‍ക്ക് ചികിത്സ നല്‍കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മെയ് 31 മുതല്‍ ജൂലൈ മൂന്ന് വരെ അഞ്ച് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍, 66 കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, 182 ഡയാലിസിസ്, രണ്ട് എന്‍ഡോസ്‌കോപ്പിക്, 95 ശസ്ത്രക്രിയകളും നടത്തി. ഹജ്ജിനെത്തിയ ഒരു തീര്‍ഥാടക കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ഹോസ്പിറ്റലിന്റെ ഉപയോഗത്തിലൂടെ നാല് പേരുടെ സ്‌ട്രോക്ക് കേസുകള്‍ തിരിച്ചറിയുകയും 740-ലധികം തീര്‍ഥാടകര്‍ സെഹാതി ഹെല്‍ത്ത് ആപ്പ് വഴി ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. ഇരു ഹറമുകളിലും മിന-അറഫാ എന്നിവിടങ്ങളില്‍ 23 ആശുപത്രികളും 147 ക്ലിനിക്കുകളും 1,080 ഐ സി യു കിടക്കകള്‍ ഉള്‍പ്പെടെ 4,654 കിടക്കകളുള്ള സംയോജിത ശേഷിയുള്ള 147 ക്ലിനിക്കുകള്‍ തയാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും ഉഷ്ണം കൂടിയതിനാല്‍ ക്ഷീണം അനുഭവിക്കുന്ന തീര്‍ഥാടകര്‍ക്കായി 230 കിടക്കകളും നീക്കിവെച്ചിട്ടുണ്ട്. 25,000 പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് ഈ വര്‍ഷത്തെ ഹജ്ജ് സേവന രംഗത്തുള്ളത്.