Connect with us

ഹരിതചട്ട പാലനം

മാലിന്യമുക്ത തിരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ കേരളം

മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം പരിമിതപ്പെടുത്തിയാണ് സംസ്ഥാനം മാതൃകയാകുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാലിന്യ സംസ്‌കരണത്തിലും ഹരിത ചട്ടപാലനത്തിലും രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി കേരളം. മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം പരിമിതപ്പെടുത്തിയാണ് സംസ്ഥാനം മാതൃകയാകുന്നത്. പ്രചാരണ വേളയിലും ബൂത്തുകളിലും പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്. ബൂത്തുകളില്‍ നിന്നുള്‍പ്പെടെ തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യം ഹരിതകര്‍മ സേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സഹകരണത്തോടെ ശാസ്ത്രീയ

സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയാണ് മാലിന്യമുക്ത തിരഞ്ഞെടുപ്പെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. എല്ലാ ജില്ലകളിലും ഈ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. കാസര്‍കോട്ടെ പോളിംഗ് കേന്ദ്രങ്ങളില്‍ രണ്ടു വിധത്തിലുളള ബിന്നുകള്‍ സ്ഥാപിക്കുകയും മേല്‍നോട്ടത്തിനായി ഹരിത കര്‍മസേനാംഗങ്ങളെ നിയോഗിക്കുകയും ചെയ്തു.

മലപ്പുറത്ത് ‘വോട്ട് ചെയ്യാം പ്രകൃതിയെ തോല്‍പ്പിക്കാതെ’ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 25 മാതൃകാ ഹരിത ബൂത്തുകളും ജില്ലയിലുണ്ട്.പാലക്കാട് ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതിനൊപ്പം ഉദ്യോഗസ്ഥര്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ക്ലാസ്സുകളും സംഘടിപ്പിച്ചു. കോഴിക്കോട് വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും എന്‍ എസ് എസുമായി ചേര്‍ന്ന് 4,000 ഹരിത സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചായിരുന്നു മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലയില്‍ 20 ബൂത്തുകള്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

വയനാട് എല്ലാ ബൂത്തിലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യപരിപാലന ചുമതല നല്‍കി. തൃശൂരില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് പരിശീലനം നല്‍കിയതിനൊപ്പം രാഷ്ട്രീയകക്ഷികള്‍ക്കുള്ള ബോധവത്കരണവും സംഘടിപ്പിച്ചു. ഹരിത ബൂത്ത്, ചുവര്‍ചിത്രം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ഫ്‌ലാഷ് മോബ്, ഹരിത ബൂത്തുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍, സൈക്കിള്‍ റാലി എന്നിവയിലൂടെയായിരുന്നു എറണാകുളത്തെ ഹരിത തിരഞ്ഞെടുപ്പ് പ്രചാരണം.

ആലപ്പുഴയില്‍ സ്ഥാനാര്‍ഥികള്‍ക്കായി പുനരുപയോഗിക്കാവുന്ന സ്റ്റീല്‍ കുപ്പി, തുണിസഞ്ചി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരിതചട്ട കൈപ്പുസ്തകം എന്നിവ ഉള്‍പ്പെടുത്തിയ കിറ്റ് കലക്ടര്‍ കൈമാറി. ജില്ലയിലെ നഗരസഭകളില്‍ രണ്ട് ഹരിത ബൂത്തുകളും സജ്ജമാക്കി. തിരുവനന്തപുരത്ത് ബൂത്തുകള്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകളില്‍ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിച്ചു. ഇ വി എം മെഷീനുകള്‍ സൂക്ഷിക്കുന്ന മാര്‍ ഇവാനിയോസ് ക്യാമ്പസിലെ സ്റ്റോര്‍ റൂമുകളില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി കോര്‍പറേഷനുമായി ചേര്‍ന്ന് ജൈവ- അജൈവ ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഹരിതചട്ട പാലനത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ കൈപ്പുസ്തകവും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് മാര്‍ഗരേഖയും പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച പരിശീലനം ശുചിത്വ മിഷനും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായി നല്‍കി.