Kerala
ഗസ്റ്റ് അധ്യാപക നിയമനം: കേരള സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം
നിയമനം ഉടന്‍ നടത്തണമെന്ന് സി പി എം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്

തിരുവനന്തപുരം | ഗസ്റ്റ് അധ്യാപക നിയമനത്തെച്ചൊല്ലി കേരള സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. കേരള സര്‍വകലാശാലക്ക് കീഴിലെ 12 ഗസ്റ്റ് അധ്യാപക തസ്തികകളെ ചൊല്ലിയാണ് തര്‍ക്കം. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിക്കാന്‍ വിളിച്ച യോഗത്തിലാണ് ബഹളമുണ്ടായത്.
സിന്‍ഡിക്കേറ്റ് നല്‍കിയ പട്ടിക നടപ്പാക്കി നിയമനം ഉടന്‍ നടത്തണമെന്ന് സി പി എം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. പട്ടിക ചട്ടവിരുദ്ധമെന്ന് കാട്ടി വി സി ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരുന്നു. ദീര്‍ഘനാളായി ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി വി സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്നുണ്ട്.
നേരത്തേ സിന്‍ഡിക്കേറ്റ് അംഗമായ ഷിജു ഖാന്‍ അധ്യക്ഷനായ സമിതി ഒരു 12 അംഗ പട്ടിക തയ്യാറാക്കി വി സിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ പട്ടിക ചട്ടവിരുദ്ധമാണെന്നും താനോ തന്റെ നോമിനിയോ ഇല്ലാത്ത സമിതി തയ്യാറാക്കിയ പട്ടിക അംഗീകരിക്കാന്‍ കഴിയില്ലെന്നും വി സി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ പട്ടിക നടപ്പാക്കി നിയമനം ഉടന്‍ നടത്തണമെന്ന് സി പി എം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് യോഗത്തില്‍ ബഹളം ഉണ്ടായത്.