Cover Story
ഫോറസ്റ്റ് രാജ്
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപോർട്ടുകളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിലോല പ്രദേശ (ESA) നിർണയവും വിജ്ഞാപനവും സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ മുന്നോട്ടുപോകുമ്പോൾ, നീലഗിരി നൽകുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം. വനസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരുടെ ജീവിതവും ഭൂമിയുടെ അവകാശങ്ങളും അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം ആവർത്തിക്കരുത്. ഓവാലിയിൽനിന്ന് മലയിറങ്ങുന്ന മനുഷ്യരുടെ അനുഭവം ഒരു പ്രദേശത്തിന്റെ മാത്രം ദുരന്തമല്ല, പ്രകൃതിസംരക്ഷണത്തിൽ നീതിയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാൻ കഴിയാത്തപക്ഷം കേരളവും നേരിടേണ്ടിവരാവുന്ന പ്രതിസന്ധിയുടെ മുന്നറിയിപ്പാണത്.
കാട് സംരക്ഷിക്കപ്പെടണം. അപ്പോൾ, കാടിന്റെ അതിരുകൾക്കുള്ളിൽ തലമുറകളായി കഴിയുന്ന മനുഷ്യരുടെ ജീവിതമോ ? നീലഗിരിയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകൾ നമുക്ക് മുന്നിൽ വെക്കുന്ന ചോദ്യം ഇതാണ്. തേയിലയുടെയും കാപ്പിയുടെയും സുഗന്ധം നിറഞ്ഞിരുന്ന കുടിയേറ്റ ഗ്രാമങ്ങളിൽ ഇന്ന് ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിലവിളികളുയരുന്നു. ഇവിടങ്ങളിൽ നിന്ന് മലയാളികളടക്കമുള്ള കുടുംബങ്ങൾ മലയിറങ്ങുമ്പോൾ, മനുഷ്യനും പ്രകൃതിയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ എവിടെയാണ് വിള്ളൽ വീണതെന്ന അന്വേഷണം അനിവാര്യമായി വരുന്നു.
ഒരു നാട് പതുക്കെ ഒഴിഞ്ഞുപോകുന്നു
രാവിലെ മഞ്ഞിറങ്ങുമ്പോൾ ഓവാലിയുടെ മലഞ്ചെരിവുകളിൽ തേയിലച്ചെടികൾ പച്ചപ്പിന്റെ പരവതാനി വിരിക്കും. കാപ്പിച്ചെടികൾക്കിടയിലൂടെ കാറ്റ് കടന്നുപോകും. ഗ്രാമ്പൂവിന്റെയും കുരുമുളകിന്റെയും ഗന്ധം വായുവിൽ കലരും. മലയുടെ വളവുകളിൽനിന്ന് നോക്കിയാൽ കാടും കൃഷിയിടവും വീടുകളും ഒരേ ഭൂപ്രകൃതിയുടെ ഭാഗങ്ങളായി തോന്നും. ആ കാഴ്ചയിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ അതിരുകളില്ല.
എന്നാൽ ആ പച്ചപ്പിനിടയിൽ ജീവിക്കുന്ന മനുഷ്യരിലേക്ക് ചെന്നാൽ മറ്റൊരു ചിത്രം തെളിയും. കൃഷി ചെയ്യുന്ന ഭൂമിക്ക് രേഖയില്ല. വീട് പുതുക്കിപ്പണിയുന്നതിനും ഭൂമി കൈമാറ്റം ചെയ്യുന്നതിനും സാധിക്കുന്നില്ല. ബാങ്ക് വായ്പ ലഭിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങൾ അറ്റകുറ്റപ്പണി നടത്താൻ പോലും നിയമക്കുരുക്കുകൾ. സ്വന്തം മണ്ണിൽ ഭീതിയുടെ നിഴലിൽ കഴിയുന്ന മനുഷ്യർ.
വനസംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങളും ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഉദ്യോഗസ്ഥ നടപടികളും കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയും ഇവരുടെ ജീവിതത്തെ വരിഞ്ഞുമുറുക്കുന്നു. കാടിന്റെ പച്ചപ്പ് നിലനിൽക്കുമ്പോൾ മനുഷ്യരുടെ ജീവിതം വരണ്ടുപോകുന്ന ഈ അനുഭവത്തെ നാട്ടുകാർ “ഫോറസ്റ്റ് രാജ്’ എന്നു വിളിക്കുന്നു. വനം സംരക്ഷിക്കപ്പെടണം എന്നതിൽ തർക്കമില്ല. എന്നാൽ ആ സംരക്ഷണത്തിന്റെ മുഴുവൻ ഭാരവും തലമുറകളായി അവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ചുമലിലാകുമ്പോൾ, അതിന്റെ നീതിയെക്കുറിച്ച് ചോദിക്കേണ്ടിവരും. ആ ചോദ്യത്തിന്റെ ഏറ്റവും വേദനാജനകമായ മുഖമാണ് ഓവാലി.
ഓവാലി: കുടിയേറ്റത്തിന്റെ ഓർമകളും മണ്ണിന്റെ അവകാശവും
നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിലുള്ള ഓവാലി, വനത്തിന്റെ പച്ചപ്പിനുള്ളിൽ ഒതുങ്ങിക്കിടക്കുന്ന ഒരു ടൗൺ പഞ്ചായത്താണ്. ഇവിടെ കാപ്പിത്തോട്ടം തുടങ്ങിയ ബ്രിട്ടീഷുകാരൻ ജെയിംസ് ഓച്ചർലോണിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ‘ഓച്ചർലോണി വാലി’ കാലക്രമേണ ഓവാലിയായി ചുരുങ്ങുകയായിരുന്നു.
വർഷങ്ങളോളം തേയിലയും കാപ്പിയും ഗ്രാമ്പൂവും കുരുമുളകും വിളഞ്ഞ മണ്ണാണിത്. തോട്ടങ്ങളിൽ അധ്വാനിച്ച തൊഴിലാളികളുടെ വിയർപ്പും കർഷകരുടെ പ്രതീക്ഷകളും ചേർന്നുണ്ടാക്കിയ ജീവിതലോകം. മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിനും കേരളത്തിലെ ന്യൂ അമരമ്പലം വനമേഖലകൾക്കും സമീപമായതിനാൽ പരിസ്ഥിതിപരമായി ഈ പ്രദേശത്തിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വനസംരക്ഷണവും മനുഷ്യവാസവും തമ്മിലുള്ള സംഘർഷം ഇവിടെ സങ്കീർണമാണ്.
ഇന്നത്തെ ഭരണപരമായ അതിരുകളും വനഭൂമിയുടെ രേഖകളും കർശനമാകുന്നതിനുമുമ്പ് പല ജനവിഭാഗങ്ങളും ഈ ഭൂപ്രകൃതിയുടെ ഭാഗമായി. ചെട്ടിമാരും ആദിവാസി സമൂഹങ്ങളും ഉൾപ്പെടെയുള്ള പഴയ താമസക്കാർക്കൊപ്പം ബ്രിട്ടീഷ് തോട്ടങ്ങളിലെ തൊഴിലാളികളും ഇവിടെ എത്തി. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും ഭക്ഷ്യോത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകർ മലകയറി. മധ്യതിരുവിതാംകൂറിൽനിന്നും മലബാറിൽനിന്നും എത്തിയ മലയാളികൾ ഈ കുടിയേറ്റത്തിന്റെ പ്രധാന ഭാഗമായിരുന്നു. ശ്രീലങ്കയിൽനിന്ന് പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജരും പ്രദേശത്തിന്റെ ജനജീവിതത്തിൽ ഇടംപിടിച്ചു. അങ്ങനെ രൂപപ്പെട്ടതാണ് ഇവിടത്തെ ബഹുസ്വരമായ സാമൂഹികലോകം.
മലയാളിക്ക് ഓവാലി വെറുമൊരു അയൽനാടല്ല. കൃഷിയിലൂടെ ജീവിതം പടുത്തുയർത്താമെന്ന പ്രതീക്ഷയിൽ മലകയറിയവരുടെ വിയർപ്പിന്റെ ചരിത്രമാണത്. ഭൂമി തെളിച്ച് കൃഷി ചെയ്തും തോട്ടങ്ങളിൽ പണിയെടുത്തും മക്കളെ വളർത്തിയും അവർ അവിടെ വേരൂന്നി. അവരുടെ മക്കൾക്ക് ആ മണ്ണ് ജന്മനാടായി. പക്ഷേ, കാലം മാറിയപ്പോൾ അവർ ജീവിക്കുന്ന ഭൂമിയുടെ നിയമപരമായ സ്വഭാവം ജീവിതത്തെ ചോദ്യം ചെയ്യുന്ന ഒന്നായി മാറി.
നിയമത്തിന്റെ വരയും മനുഷ്യന്റെ ജീവിതവും
ഗൂഡല്ലൂരിലെ ഭൂമിത്തർക്കത്തിന് പിന്നിൽ ഒരൊറ്റ നിയമമല്ല, ചരിത്രപരമായ ഉടമസ്ഥാവകാശ പ്രശ്നങ്ങളും വനനിയമങ്ങളും കോടതി നടപടികളും ചേർന്നുണ്ടാക്കിയ കുരുക്കാണത്. 1969-ൽ നിലവിൽവന്ന തമിഴ്നാട് ജന്മം എസ്റ്റേറ്റ് (അബോളിഷൻ ആൻഡ് കൺവേർഷൻ ഇൻടു റയത്വാരി) നിയമത്തിന്റെ ഭാഗമായി പഴയ ജന്മി ഭൂമികളുടെ ഉടമസ്ഥാവകാശം സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറി. ഇതിന്റെ ഭാഗമായി ഏകദേശം 80,088 ഏക്കർ ഭൂമി സർക്കാർ അധീനതയിലായതായി കണക്കുകളുണ്ട്. അതിൽ 28,087 ഏക്കറോളം ഭൂമിക്ക് പട്ടയം നൽകിയപ്പോൾ, ഏകദേശം 52,000 ഏക്കർ ഭൂമി സെക്്ഷൻ 17ന്റെ പരിധിയിൽ തർക്കഭൂമിയായി തുടരുന്നുവെന്നാണ് റിപോർട്ടുകൾ.
ഈ ഭൂമിയുടെ സ്വഭാവമാണ് തർക്കത്തിന്റെ കാരണം. സർക്കാർ ചില പ്രദേശങ്ങളെ വനഭൂമിയായി കണക്കാക്കുമ്പോൾ, ഭൂവുടമകൾ അവ തോട്ടഭൂമിയാണെന്ന് വാദിക്കുന്നു. തലമുറകളായി അവിടെ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് അതാകട്ടെ വീടും ഉപജീവനവുമാണ്. രേഖകളിൽ ഒരേ ഭൂമിക്ക് വ്യത്യസ്ത അർഥങ്ങൾ വരുമ്പോൾ, അവയ്ക്കിടയിൽ സാധാരണ മനുഷ്യരുടെ ജീവിതം കുടുങ്ങിപ്പോകുകയാണ്.
പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകന് കൃഷിയിടം ഈടുവെച്ച് വായ്പയെടുക്കാൻ കഴിയാതെ വരുന്നു. ഭൂമി വിൽക്കുന്നതിനും മക്കൾക്ക് കൈമാറുന്നതിനും തടസ്സങ്ങളുണ്ടാകുന്നു. വീടിന്റെ അറ്റകുറ്റപ്പണിക്കും നിർമാണത്തിനും അനുമതി തേടേണ്ടിവരുന്നു. ഭൂമിയുടെ നിയമസ്ഥിതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അടിസ്ഥാനസൗകര്യങ്ങളെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഗൂഡല്ലൂരിലെ ഭൂമിത്തർക്കം റവന്യൂ രേഖകളിലെ പ്രശ്നമായി മാത്രം കാണാനാകില്ല. അത് മനുഷ്യരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെയും ബാധിക്കുന്ന പ്രതിസന്ധിയാണ്.
വനസംരക്ഷണത്തിൽനിന്ന് “ഫോറസ്റ്റ് രാജി’ലേക്ക്
1995ൽ നിലമ്പൂർ കോവിലകത്തെ ഗോദവർമൻ തിരുമുൽപാട് ഗൂഡല്ലൂരിലെ വനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ വനസംരക്ഷണ നിയമനടപടികളിൽ നിർണായകമായിത്തീർന്ന ഈ കേസ് പിന്നീട് ടി എൻ ഗോദവർമൻ തിരുമുൽപാട് കേസ് എന്ന പേരിൽ പ്രസിദ്ധമായി. വനങ്ങളുടെ നിർവചനം, സംരക്ഷണം, വനഭൂമിയിലെ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ കേസാണിത്.
ഗൂഡല്ലൂരിലെ ജന്മം ഭൂമികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ നിയമനടപടികളുടെ പരിധിയിൽ വന്നു. സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ ശിപാർശകൾ ഉൾപ്പെടെയുള്ള നടപടികൾ പ്രദേശത്തെ ജീവിതത്തെ സ്വാധീനിച്ചു.
വനസംരക്ഷണം ലക്ഷ്യമിടുന്ന നിയമനടപടികൾ പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. മരങ്ങൾ മുറിക്കുന്നതിനും തോട്ടങ്ങൾ വികസിപ്പിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി. ഭൂമിയുടെ നിയമസ്ഥിതി സംബന്ധിച്ച അനിശ്ചിതത്വം നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും ബാധിക്കുമ്പോൾ, അതിന്റെ ആഘാതം തോട്ടംതൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും വരുമാനത്തിലും പ്രതിഫലിക്കുന്നു.
“ഫോറസ്റ്റ് രാജ്’ എന്നത് വനംവകുപ്പിന്റെ സാന്നിധ്യം മാത്രമല്ല. ജീവിതത്തിലെ ഓരോ നിമിഷത്തിലും അനുമതിയും നിരോധനവും അനിശ്ചിതത്വവും കടന്നുവരുന്ന അവസ്ഥയാണ്. കൃഷിയിടത്തിന്റെ ഭാവി അറിയാതെ വിത്തിറക്കേണ്ടിവരുന്ന കർഷകൻ. സ്വന്തം വീടിന്റെ നിയമസ്ഥിതി എന്താകുമെന്ന് ഉറപ്പില്ലാത്ത കുടുംബം. പ്രകൃതിയെ സംരക്ഷിക്കാനുള്ള നിയമം മനുഷ്യരെ പ്രകൃതിയിൽനിന്ന് പുറത്താക്കാനുള്ളതായി മാറരുത്. അതിന്റെ ലക്ഷ്യവും നടപ്പാക്കൽ രീതിയും തമ്മിലുള്ള അകലം പരിശോധിക്കപ്പെടണം.
കുടിയൊഴിപ്പിക്കലിന്റെ ഭീതി
ഗൂഡല്ലൂരിലെയും പന്തല്ലൂരിലെയും കുടുംബങ്ങൾ പങ്കുവെക്കുന്ന ആശങ്കകളിൽ ഏറ്റവും വേദനാജനകമായത് കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിയാണ്. തലമുറകളായി അധ്വാനിച്ച് ഒരുക്കിയ കൃഷിയിടം, അതിനോടു ചേർന്ന വീട്, കുട്ടികൾ വളർന്ന മുറ്റം, പൂർവികരുടെ ഓർമകൾ – ഇവയെല്ലാം ഒരു ദിവസം നഷ്ടപ്പെടുമെന്ന ചിന്ത അവരുടെ ജീവിതത്തെത്തന്നെ അസ്ഥിരമാക്കുന്നു. വന്യജീവികളുടെ സാന്നിധ്യം ഈ പ്രതിസന്ധിക്ക് മറ്റൊരു തലം നൽകുന്നു. ആനയും കടുവയും പുലിയും കാട്ടുപോത്തും സഞ്ചരിക്കുന്ന ഭൂപ്രകൃതിയിൽ കൃഷിയും താമസവും എളുപ്പമല്ല. 10 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് നൂറിലേറെ പേരാണ്. മൃഗങ്ങളുടെ ഭീഷണിക്കൊപ്പം ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള ആശങ്കയും ചേരുമ്പോൾ ജീവിതം ഇരട്ട സമ്മർദത്തിലാകുന്നു. ഇത് നിരവധി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
മലയാളി മലകയറിയ കാലം
കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂമിയുടെ പരിമിതിയും ഉപജീവനപ്രശ്നങ്ങളും നിലനിന്നിരുന്ന കാലത്ത് ഗൂഡല്ലൂരിന്റെ മലഞ്ചെരിവുകൾ പുതിയ ജീവിതസാധ്യതയായി മാറി. ചിലർ തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തി. മറ്റു ചിലർ ഭക്ഷ്യവിളകൾ കൃഷി ചെയ്യാനുള്ള പ്രതീക്ഷയോടെ മലകയറി. രണ്ടാം ലോകമഹായുദ്ധകാലത്തെയും അതിനുശേഷത്തെയും ഭക്ഷ്യക്ഷാമം മറികടക്കാനുള്ള കൃഷിവിപുലീകരണ ശ്രമങ്ങളും ഈ കുടിയേറ്റത്തിന് പ്രേരണയായി. അന്നത്തെ യാത്രക്ക് ഇന്നത്തെപ്പോലെ സൗകര്യങ്ങളുണ്ടായിരുന്നില്ല. മലമ്പാതകളും കാടും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് ജീവിതം തുടങ്ങേണ്ടിവന്നു. കൃഷിയിടങ്ങൾ ഒരുങ്ങി. വീടുകൾ ഉയർന്നു. വഴികളും കടകളും ചന്തകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും രൂപപ്പെട്ടു. കാലക്രമേണ കുടിയേറ്റ ഗ്രാമങ്ങൾ സ്വന്തം സാമൂഹികജീവിതം കെട്ടിപ്പടുത്തു.
മലയാളം സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരും ആദിവാസി സമൂഹങ്ങളും വിവിധ പശ്ചാത്തലങ്ങളിൽനിന്നെത്തിയ തൊഴിലാളികളും കർഷകരും ചേർന്നാണ് ഈ ലോകം രൂപപ്പെടുത്തിയത്. അവർക്കിടയിൽ ഭാഷക്കും ദേശത്തിനും അപ്പുറം അധ്വാനത്തിന്റെ പൊതുഭാഷയുണ്ടായിരുന്നു.
ഇന്ന് ആ ചരിത്രത്തിന്റെ തുടർച്ചയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കൽ മെച്ചപ്പെട്ട ജീവിതം തേടി മലകയറിയവരുടെ മക്കൾക്ക് അവിടെ തുടരാനാകുമോ? കുടിയേറ്റത്തിന്റെ ആദ്യതലമുറക്ക് ഈ മണ്ണ് പ്രതീക്ഷയായിരുന്നു, രണ്ടാം തലമുറയ്ക്ക് ഇവിടം സ്വന്തം നാടായി. പുതിയ തലമുറയ്ക്ക് അത് അനിശ്ചിതമായ ഭാവിയായി മാറുന്നു.
മലയിറങ്ങുന്ന മനുഷ്യർ
പത്ത് വർഷം മുമ്പ് ഓവാലി പഞ്ചായത്തിൽ ഏകദേശം 25,000 പേർ ഉണ്ടായിരുന്നുവെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടികയിൽ ആളുകളുടെ എണ്ണം 15,000ൽ താഴെയായെന്നും കർഷക സംഘം നീലഗിരി ജില്ലാ സെക്രട്ടറി എ യോഹന്നാൻ പറയുന്നു. ആളുകൾ ഓവാലി വിടുന്നുവെന്നതിന് കണക്കുകൾ തന്നെ തെളിവാകുന്നു. തേയില ഫാക്ടറികൾ പൂട്ടിയതോടെ ഒരുപാട് പേർ ഗൂഡല്ലൂർ, കോയമ്പത്തൂർ, ഈറോഡ് പോലെയുള്ള നഗരത്തിലേക്ക് മാറി കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു. ചിലർ ചേരങ്കോട് പോലുള്ള പ്രദേശങ്ങളിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിക്ക് ശ്രമിക്കുന്നു. മറ്റുചിലർ വയനാട്ടിലേക്കും നിലമ്പൂരിലേക്കും കുടിയേറുന്നു.
ഓരോ യാത്രക്കും പിന്നിൽ ഒരു കുടുംബത്തിന്റെ കണക്കുകൂട്ടലുണ്ട്. കൃഷിക്ക് വായ്പ ലഭിക്കാത്തതിനാൽ മറ്റൊരു തൊഴിൽ തേടുന്ന യുവാവ്. സ്വന്തം ഭൂമിയിൽ വീടുപണിയാൻ കഴിയാത്തതിനാൽ മറ്റൊരിടത്ത് വാടകക്ക് താമസിക്കുന്ന കുടുംബം. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ജനിച്ചുവളർന്ന നാട് ഉപേക്ഷിക്കുന്ന മാതാപിതാക്കൾ. അവർ കൊണ്ടുപോകുന്നത് വീട്ടുപകരണങ്ങളും വസ്ത്രങ്ങളും രേഖകളും മാത്രമായിരിക്കാം. എന്നാൽ പിന്നിൽ ഉപേക്ഷിക്കുന്നത് അതിലേറെയാണ് – കൃഷിയിടത്തോടുള്ള ബന്ധം, അയൽക്കാരുമായുള്ള അടുപ്പം, ഉത്സവങ്ങളുടെ ഓർമകൾ, പരിചിതമായ വഴികൾ, പൂർവികരുടെ സ്മരണകൾ. മണ്ണിൽ വേരൂന്നിയ ജീവിതത്തിന്റെ ഒരു ഭാഗം അവിടെത്തന്നെ അവശേഷിക്കുന്നു.
യുവാക്കൾ നാട്ടിൽ തുടരാൻ മടിക്കുന്നുവെന്ന പ്രദേശവാസികളുടെ നിരീക്ഷണവും ഈ പശ്ചാത്തലത്തിൽ വായിക്കണം. ഭൂമിയുടെ ഭാവി അനിശ്ചിതമാണെങ്കിൽ കൃഷിയിലേക്ക് ഇറങ്ങാൻ ആരാണ് തയ്യാറാവുക? തൊഴിലവസരങ്ങൾ ചുരുങ്ങുകയും വീടിന്റെയും ഭൂമിയുടെയും കാര്യത്തിൽ ഉറപ്പില്ലാതാകുകയും ചെയ്താൽ മറ്റിടങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. ഓവാലിയിൽനിന്ന് ഉയരുന്ന ചോദ്യങ്ങൾ അതിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല.
മനുഷ്യർ ഒഴിയുമ്പോൾ കാടിന് എന്തു സംഭവിക്കും?
ഓവാലിയുടെ പ്രശ്നത്തെ പരിസ്ഥിതിയും മനുഷ്യജീവിതവും തമ്മിലുള്ള സംഘട്ടനമായി ചുരുക്കാനാകില്ല. മനുഷ്യരെ പുറത്താക്കി മാത്രമേ പ്രകൃതിയെ സംരക്ഷിക്കാനാകൂ എന്ന ധാരണയെ പുനഃപരിശോധിക്കുകയാണ് വേണ്ടത്.
വനം വനമായി നിലനിൽക്കണം. വന്യജീവികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ഇടനാഴികൾ സംരക്ഷിക്കപ്പെടണം. വനനശീകരണം നിയന്ത്രിക്കപ്പെടണം. അതേസമയം, തലമുറകളായി താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കപ്പെടുകയും വേണം.
മനുഷ്യരെ പുറത്താക്കുന്നതുകൊണ്ടുമാത്രം വനപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ല. അതുപോലെ, ഭൂമിയുടെ സ്വഭാവവും നിയമപരമായ അവകാശങ്ങളും പരിശോധിക്കാതെ എല്ലാ താമസക്കാർക്കും പട്ടയം നൽകുന്നതും നീതിപൂർവമായ സമീപനമല്ല. വനഭൂമിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം തടയുന്നതിനൊപ്പം, അർഹരായ കുടുംബങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാനും കഴിയണം.
ഉത്തരവാദിത്വത്തോടെ ഭൂമിയെ പരിപാലിക്കുന്നവരെ നിയമപരമായ ഉറപ്പുകളിൽനിന്ന് അകറ്റുന്നത് മനുഷ്യനും മണ്ണും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ദുർബലപ്പെടുത്തും. ഭൂമിയുടെ യഥാർഥ സ്വഭാവം തിരിച്ചറിയുകയും മനുഷ്യാവകാശങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് ഉറപ്പാക്കുകയും ചെയ്യുകയാണ് വേണ്ടത്.
പരിഹാരം: നിയമം മനുഷ്യനിലേക്കെത്തണം
ഗൂഡല്ലൂരിലെയും പന്തല്ലൂരിലെയും പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥ അവസാനിപ്പിക്കണം. അതിന് ചരിത്രപരമായ രേഖകളും നിലവിലുള്ള നിയമങ്ങളും ജനങ്ങളുടെ ജീവിതവും ഒരുപോലെ പരിഗണിക്കുന്ന സമീപനം ആവശ്യമാണ്.
ഭൂമിയുടെ സമഗ്രമായ സർവേ
തോട്ടഭൂമി, വനഭൂമി, പട്ടയമുള്ള ഭൂമി, തർക്കഭൂമി, പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഭൂമി എന്നിവ വ്യക്തമായി വേർതിരിക്കണം. പഴയ സർവേ രേഖകൾ, ചരിത്രരേഖകൾ, നികുതി രസീതുകൾ, കൃഷിയുടെയും താമസത്തിന്റെയും തെളിവുകൾ എന്നിവ പരിശോധിച്ച് ഓരോ കുടുംബത്തിന്റെയും അവകാശവാദത്തിൽ കാരണസഹിതമായ തീരുമാനം എടുക്കണം. വനത്തിന്റെ യഥാർഥ അതിരുകൾ ശാസ്ത്രീയമായി നിർണയിക്കുകയും തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അപ്പീൽ സംവിധാനം ഉറപ്പാക്കുകയും വേണം.
വനാവകാശ നിയമം നടപ്പാക്കണം
പട്ടികവർഗക്കാർക്കും നിയമത്തിൽ നിർവചിച്ചിട്ടുള്ള മറ്റ് കുടുംബങ്ങൾക്കും അർഹതയനുസരിച്ച് വ്യക്തിഗതവും സമൂഹപരവുമായ വനാവകാശങ്ങൾ അംഗീകരിക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
മറ്റുള്ളവർക്ക് 13 ഡിസംബർ 2005ന് മുമ്പുള്ള കുറഞ്ഞത് മൂന്ന് തലമുറകളുടെ, അതായത് 75 വർഷത്തെ, വാസവും വനത്തെ ആശ്രയിച്ചുള്ള ജീവിതവും തെളിയിക്കേണ്ടതുണ്ട്. ഓരോ അവകാശവാദവും നിയമത്തിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിക്കപ്പെടണം. ഗ്രാമസഭകൾ മുതൽ ബന്ധപ്പെട്ട സമിതികൾ വരെയുള്ള നടപടികൾ സുതാര്യമായി പൂർത്തിയാക്കുകയും അർഹമായ അവകാശങ്ങൾ അംഗീകരിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുകയും വേണം.
അടിസ്ഥാന സൗകര്യങ്ങൾക്ക് വഴിതുറക്കണം
വൈദ്യുതി, കുടിവെള്ളം, റോഡ്, ആരോഗ്യസേവനം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ ഭൂമിയുടെ നിയമസ്ഥിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അനിശ്ചിതമായി കുടുങ്ങരുത്. വനനിയമങ്ങളും കോടതി ഉത്തരവുകളും പാലിച്ചുകൊണ്ട് ആവശ്യമായ അനുമതികൾ സമയബന്ധിതമായി നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം വേണം. ഓവാലിയിലെയും സമീപത്തെ ആദിവാസി കുടിയിരിപ്പുകളിലെയും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള 2018ലെ സുപ്രീം കോടതി നടപടികൾ ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
കുടിയൊഴിപ്പിക്കൽ അവസാന ആശ്രയമായിരിക്കണം
നിയമപരമായ നടപടികൾ ആവശ്യമായിടത്ത് മുൻകൂർ അറിയിപ്പ്, വ്യക്തിഗത വാദം കേൾക്കാനുള്ള അവസരം, അപ്പീൽ സംവിധാനം, നിയമസഹായം എന്നിവ ഉറപ്പാക്കണം. പുനരധിവാസം അനിവാര്യമായ സാഹചര്യമുണ്ടെങ്കിൽ തൊഴിൽ, വിദ്യാഭ്യാസം, സാമൂഹികബന്ധങ്ങൾ എന്നിവ കണക്കിലെടുത്തുള്ള പദ്ധതി വേണം. വീടുകളിൽനിന്ന് മാറ്റുന്നതിന് മുമ്പ് കുടുംബങ്ങളുടെ അവകാശങ്ങളും സുരക്ഷിതമായ ഭാവിയും പരിഗണിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
വനസംരക്ഷണവും ഉപജീവനവും ഒരുമിച്ച് കൊണ്ടുപോകണം
വന്യജീവി ഇടനാഴികളുടെ സംരക്ഷണം, മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ, പ്രാദേശിക തൊഴിലവസരങ്ങൾ എന്നിവ സമഗ്രമായ പദ്ധതിയുടെ ഭാഗമാകണം. വനത്തെ നശിപ്പിക്കാത്ത ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുകയും പരിസ്ഥിതിയുടെ ശേഷിക്കുള്ളിൽ ഉത്തരവാദിത്വമുള്ള വികസനത്തിന് വഴിയൊരുക്കുകയും വേണം.
തമിഴ്നാട് സർക്കാരിനും കേന്ദ്ര സർക്കാരിനും കോടതികൾക്കും വനവകുപ്പിനും റവന്യൂ വകുപ്പിനും പ്രാദേശിക ഭരണസ്ഥാപനങ്ങൾക്കും ഇതിൽ വ്യക്തമായ ഉത്തരവാദിത്വങ്ങളുണ്ട്. ജനങ്ങളുടെ പരാതികൾ കേൾക്കുക മാത്രമല്ല, അവയ്ക്ക് സമയബന്ധിതമായ പരിഹാരം നൽകുകയും വേണം. പരിസ്ഥിതി സംരക്ഷണം മനുഷ്യാവകാശങ്ങൾക്ക് എതിരായ പദ്ധതിയാകരുത്. മനുഷ്യാവകാശങ്ങൾ പ്രകൃതിയുടെ നിലനിൽപ്പിനെ അവഗണിക്കുന്നതിനുള്ള ന്യായീകരണവുമാകരുത്. ഈ രണ്ടിനെയും സംരക്ഷിക്കുന്ന നീതിപൂർവമായ വഴിയാണ് കണ്ടെത്തേണ്ടത്.
മലയിൽ വീണ്ടും ജീവിതം തളിർക്കുമോ?
ഓവാലിയെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്: അത് വെറുമൊരു വനമേഖലയല്ല; മനുഷ്യരുടെ ഓർമകളും അധ്വാനവും ചേർന്ന് രൂപപ്പെട്ട സാമൂഹിക ഭൂപ്രകൃതിയാണ്.
കൃഷി ചെയ്യാമെന്ന പ്രതീക്ഷയിൽ മലകയറിയ കുടുംബങ്ങളുടെ മക്കൾ ഇന്ന് അവിടെ തുടരാനാകുമോ എന്ന ആശങ്കയിലാണ്. അവർ മറ്റിടങ്ങളിൽ തൊഴിൽ തേടുമ്പോൾ ശൂന്യമാകുന്നത് ചില വീടുകൾ മാത്രമല്ല; ഒരു ഗ്രാമത്തിന്റെ ഭാവിയാണ്.
ഗൂഡല്ലൂരിന്റെയും പന്തല്ലൂരിന്റെയും പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നത് അവിടുത്തെ മനുഷ്യർക്കു മാത്രമുള്ള നഷ്ടമല്ല. കുടിയേറ്റത്തിന്റെ ചരിത്രവും തോട്ടം തൊഴിലാളികളുടെ അധ്വാനവും കർഷകരുടെ ജീവിതവും പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധവും എങ്ങനെ സംരക്ഷിക്കപ്പെടണം എന്നതിനെക്കുറിച്ചുള്ള വലിയ ചോദ്യമാണത്. ഓവാലിയിൽനിന്ന് മലയിറങ്ങുന്ന ഓരോ കുടുംബവും ആ ചോദ്യം നമ്മളിലേക്ക് കൊണ്ടുവരുന്നു. കാടിന്റെ പച്ചപ്പ് മാത്രമാകരുത് അളവുകോൽ; അവിടെ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും അന്തസ്സും അവകാശങ്ങളും ഉറപ്പാക്കപ്പെടുന്നുണ്ടോ എന്നതും അത്രതന്നെ പ്രധാനമാണ്.
ഓവാലിയിലെ ഒരു പഴയ വീട്ടുമുറ്റത്ത് വീണ്ടും കുട്ടികൾ കളിക്കട്ടെ. കൃഷിയിടത്തിൽ വിത്തിറക്കുമ്പോൾ കർഷകന്റെ മനസ്സിൽ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീതിക്കു പകരം വിളവെടുപ്പിന്റെ പ്രതീക്ഷ നിറയട്ടെ. മക്കൾക്ക് ഭൂമിയുടെ രേഖകൾ കൈമാറാനാകുമോ എന്ന ആശങ്കയ്ക്കു പകരം അവരുടെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം വളരട്ടെ. അതിനായി വേണ്ടത് മനുഷ്യനെ തോൽപ്പിക്കാത്ത വനസംരക്ഷണമാണ്. കാട് നിലനിൽക്കണം, മനുഷ്യനും നിലനിൽക്കണം. ഇവയ്ക്കിടയിൽ നീതി ഉറപ്പാക്കുമ്പോൾ മാത്രമേ പ്രകൃതിയുടെ സംരക്ഷണവും മനുഷ്യന്റെ നിലനിൽപ്പും ഒരുപോലെ സാധ്യമാകൂ.
Content Highlights: Gudalur and Pandalur in the Nilgiris are facing a severe crisis as generations of settlers deal with land disputes and strict forest conservation laws. Lack of land titles, limited infrastructure, and wildlife conflicts have forced many families to migrate away from the region. Balancing environmental protection with the basic human rights and livelihoods of local residents remains an urgent challenge.



