Connect with us

Editorial

ജിഎസ്ടി ഇളവ് നാളെ മുതൽ പ്രാബല്യത്തിൽ; എന്തിനെല്ലാം വില കുറയും?

അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തിൽ 40 ശതമാനം സ്ലാബും ഉൾപ്പെടുത്തിയാണ് പുതിയ മാറ്റങ്ങൾ.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ പരോക്ഷ നികുതിഘടന ലളിതമാക്കുന്നതിനും പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണങ്ങൾ നാളെ (സെപ്റ്റംബർ 22) മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തിൽ 40 ശതമാനം സ്ലാബും ഉൾപ്പെടുത്തിയാണ് പുതിയ മാറ്റങ്ങൾ.

നികുതി സ്ലാബുകൾ ലളിതമാക്കുക, ഉപഭോഗം വർദ്ധിപ്പിക്കുക, നികുതി നിരക്കുകൾ യുക്തിസഹമാക്കുക എന്നിവ ലക്ഷ്യമിട്ട് ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ ആദ്യവാരമാണ് പരോക്ഷ നികുതി സംവിധാനത്തിൽ ഈ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ പദ്ധതി പ്രകാരം, നിലവിലുള്ള നാല് സ്ലാബുകൾ രണ്ട് പ്രധാന വിഭാഗങ്ങളായി സംയോജിപ്പിക്കും. 5% സ്ലാബ് (അവശ്യവസ്തുക്കൾക്കായിരിക്കും ഈ നികുതി), 18% സ്ലാബ് (മിക്ക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ നിരക്ക് ബാധകമാകും), 40% സ്ലാബ് (ലഹരിവസ്തുക്കൾ, ചൂതാട്ടം, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയ ‘സിൻ ഗുഡ്സ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഉത്പന്നങ്ങൾക്ക് ) എന്നിങ്ങനെയാകും പുതിയ ജിഎസ്ടി ഘടന.

നിലവിൽ 12% അല്ലെങ്കിൽ 28% നികുതിയുണ്ടായിരുന്ന ഉത്പന്നങ്ങളുടെ വില കുറയുന്നതിന് ഇത് കാരണമാകും. ഈ മാറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് എഫ്എംസിജി, ഓട്ടോമൊബൈൽ മേഖലകളിലെ പല കമ്പനികളും ഇതിനോടകം അറിയിച്ചിട്ടുണ്ട്.

എന്തൊക്കെ സാധനങ്ങൾക്ക് വില കുറയും?

നിത്യോപയോഗ സാധനങ്ങൾ: ടൂത്ത്പേസ്റ്റ്, സോപ്പ്, ഷാംപൂ, ബിസ്കറ്റ്, ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ, നെയ്യ്, സൈക്കിൾ, സ്റ്റേഷനറി, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെ 12% നികുതിയുള്ള പല ഉത്പന്നങ്ങൾക്കും ഇനി 5% മാത്രം നികുതി നൽകിയാൽ മതിയാകും. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ: എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, ഡിഷ്വാഷറുകൾ, വലിയ സ്ക്രീൻ ടെലിവിഷനുകൾ എന്നിവയുൾപ്പെടെ 28% നികുതിയുണ്ടായിരുന്ന ഉത്പന്നങ്ങളുടെ നികുതി 18% ആയി കുറയും.

വാഹനങ്ങൾ: 1,200 സി.സിയിൽ താഴെയുള്ള ചെറിയ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നികുതി 28%ൽ നിന്ന് 18% ആയി കുറയും. ഇത് വാഹനവിപണിക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.

വില കൂടും സാധനങ്ങൾ

പുകയില ഉത്പന്നങ്ങൾ, മദ്യം, ഓൺലൈൻ ചൂതാട്ടം എന്നിവയ്ക്ക് 40% നികുതി ഏർപ്പെടുത്തുന്നതോടെ ഈ ഉത്പന്നങ്ങൾക്ക് വില കൂടും. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാൽ ഇന്ധനവിലയിൽ മാറ്റങ്ങളുണ്ടാവില്ല.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള സ്വാധീനം

ജി എസ് ടി പരിഷ്കരണം ഇന്ത്യൻ സബദ് വ്യവസ്ഥയിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. വില കുറയുന്നതോടെ ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾക്ക് താല്പര്യം കൂടുകയും ഇത് ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ ജിഎസ്ടി ഘടന രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.7-0.8% വരെ വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

Latest