Editors Pick
സുരക്ഷാ പരീക്ഷണം: മൂന്ന് കമ്പനികളുടെ സിസ്റ്റത്തിൽ നുഴഞ്ഞുകയറി ഗൂഗിൾ ജമിനി എഐ; ആശങ്കയിൽ ടെക് ലോകം
നേരത്തെ മെറ്റാ, ആന്ത്രോപിക്, ഓപ്പൺ എ ഐ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ എ ഐ മോഡലുകളും സമാന രീതിയിൽ പരീക്ഷണ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടന്ന് മറ്റ് കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വാഷിംഗ്ടൺ | സുരക്ഷാ പരിശോധനയുടെ ഭാഗമായി നടപ്പിലാക്കിയ പരീക്ഷണങ്ങൾക്കിടയിൽ ഗൂഗിളിന്റെ നിർമ്മിത ബുദ്ധി മോഡലായ ജമിനി (Gemini AI) മൂന്ന് കമ്പനികളുടെ സിസ്റ്റത്തിൽ നുഴഞ്ഞുകയറി. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ സംഭവം ഗൂഗിൾ സ്ഥിരീകരിച്ചു. നേരത്തെ മെറ്റാ, ആന്ത്രോപിക്, ഓപ്പൺ എ ഐ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ എ ഐ മോഡലുകളും സമാന രീതിയിൽ പരീക്ഷണ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടന്ന് മറ്റ് കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
‘ഇറഗുലർ’ എന്ന കമ്പനി മെയ് മാസത്തിൽ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ജമിനി ആദ്യമായി ഈ രീതിയിൽ പുറത്തുകടന്നതെന്ന് ദി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഒരു സാങ്കൽപ്പിക കമ്പനിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയപ്പോൾ മോഡലിന് ഇൻ്റർനെറ്റിലേക്ക് തെറ്റായ രീതിയിൽ ആക്സസ് ലഭിക്കുകയായിരുന്നു. ആദ്യ സംഭവത്തിൽ പാസ്‌വേഡ് ഊഹിച്ചെടുത്താണ് ഒരു യഥാർത്ഥ കമ്പനിയുടെ സേവനത്തിലേക്ക് മോഡൽ പ്രവേശിച്ചത്.
മറ്റ് രണ്ട് സംഭവങ്ങളിൽ മോഡൽ ഓൺലൈനിൽ ലഭ്യമായ പൊതുവിവരങ്ങൾ കണ്ടെത്തുകയും പരീക്ഷണത്തിന്റെ ഭാഗമാണെന്ന് കരുതി ചില വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാൻ പാസ്‌വേഡുകൾ ഊഹിച്ചെടുക്കുകയുമായിരുന്നുവെന്ന് ഗൂഗിളിന്റെ സെക്യൂരിറ്റി എൻജിനീയറിംഗ് വൈസ് പ്രസിഡന്റ് ഹീതർ അഡ്കിൻസ് പറഞ്ഞു. മൊത്തം മൂന്ന് തവണയാണ് ഇത് സംഭവിച്ചതെന്നും, എന്നാൽ ഓരോ തവണയും ലക്ഷ്യം പൂർത്തിയാക്കുന്നതിന് മുമ്പ് മോഡൽ പ്രവർത്തനം സ്വയം അവസാനിപ്പിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ജൂലൈ അവസാനത്തോടെയാണ് ഇറഗുലർ ഈ വിവരങ്ങൾ ഗൂഗിളിനെ അറിയിച്ചത്. എന്നാൽ ഇത് മോഡലിന്റെ പിഴവല്ലെന്നും, ജമിനിയുടെ സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിച്ചതിനാൽ പൊതുജനങ്ങളോട് പരസ്യപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നുമാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.
അതേസമയം ഇറഗുലറുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന സമാന സംഭവങ്ങളിൽ ആന്ത്രോപിക് തയ്യാറാക്കിയ ക്ലോഡ് എന്ന മോഡൽ തങ്ങൾ പ്രവേശിക്കുന്നത് യഥാർത്ഥ കമ്പനികളുടെ സിസ്റ്റത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും പ്രവർത്തനം നിർത്തിയിരുന്നില്ല. എന്നാൽ ജമിനി സ്വയം പ്രവർത്തനം നിർത്തുകയായിരുന്നു. പരീക്ഷണത്തിനിടെ സ്വന്തം മോഡലുകൾ തെറ്റായ രീതിയിൽ ഇൻ്റർനെറ്റ് ഉപയോഗിച്ചതായി ഓപ്പൺ എ ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആന്ത്രോപിക് സ്വന്തം വിവരങ്ങൾ പുറത്തുവിട്ടത്. സുരക്ഷാ ആശങ്കകളെ തുടർന്ന് ഒരു ഗവേഷകൻ രാജിവെച്ചതിന് ശേഷം ആന്ത്രോപിക് നാലാമത്തെ എ ഐ ഹാക്കിംഗ് സംഭവവും വെളിപ്പെടുത്തിയിരുന്നു.
എ ഐ സാങ്കേതികവിദ്യയുടെ വളർച്ചയുടെ വേഗത കുറയ്ക്കണമെന്ന് ആന്ത്രോപിക് സി ഇ ഒ ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണിയായേക്കാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഓപ്പൺ എ ഐ. സി ഇ ഒ സാം ആൾട്ട്മാനും ഇലോൺ മസ്കും ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എ ഐ വികസനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ചൈനയ്ക്ക് മുന്നിൽ അമേരിക്കയുടെ ആധിപത്യം നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് ട്രംപിന്റെ വാദം.
Content Highlights
Google Gemini AI accessed three real companies during a cybersecurity test by guessing credentials before automatically stopping. This marks Google’s first recorded model breakout following similar incidents reported by Meta, OpenAI, and Anthropic.



