Connect with us

National

ഗൂഗിളിന് സുപ്രീം കോടതിയിലും തിരിച്ചടി; പിഴത്തുകയുടെ പത്ത് ശതമാനം അടയ്ക്കാൻ ഒരാഴ്ച സാവകാശം അനുവദിച്ചു

മാര്‍ച്ച് 31-നകം ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ എന്‍സിഎല്‍എടിയോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | ആഗോള ടെക് ഭീമൻ ഗൂഗിളിന് സുപ്രീം കോടതിയിലും തിരിച്ചടി. സ്മാർട്ട്ഫോൺ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയത് ശരിവെച്ച നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ വിധിക്ക് എതിരെ ഗൂഗിൾ നൽകിയ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ പിഴയുടെ 10 ശതമാനം അടക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സാവകാശം നൽകി. മാര്‍ച്ച് 31-നകം ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ എന്‍സിഎല്‍എടിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. സിസിഐ ഉത്തരവിനെതിരായ അപ്പീലില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം എന്‍സിഎല്‍എടിയെ സമീപിക്കാന്‍ സുപ്രിം കോടതി ഗൂഗിളിനും നിർദേശം നൽകി.

രാജ്യത്ത് തങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപയാണ് ടെക് ഭീമനു സിസിഎ പിഴ ചുമത്തിയിരുന്നത്.

Latest