International
ഗസ്സ വെടിനിർത്തൽ; ആവശ്യങ്ങളിൽ അയഞ്ഞ് ഹമാസ്
"ശാശ്വത വെടിനിർത്തൽ വേണമെന്നില്ല'
		
      																					
              
              
            ഗസ്സ | ഇസ്റാഈൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ യു എസ് മുന്നോട്ടുവെച്ച നിർദേശം ഹമാസ് അംഗീകരിച്ചതായി റിപോർട്ട്. കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇസ്റാഈൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ഹമാസ് ഉപേക്ഷിച്ചതായി സംഘടനാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപോർട്ട് ചെയ്തു. ഈ നിർദേശം ഇസ്റാഈലും അംഗീകരിച്ചാൽ കരട് കരാർ യാഥാർഥ്യമാകുമെന്നും ഗസ്സയിൽ ഒമ്പത് മാസമായി തുടരുന്ന ആക്രമണം അവസാനിക്കുമെന്നും സമാധാനത്തിന് അന്താരാഷ്ട്രതലത്തിൽ മാധ്യസ്ഥം വഹിക്കുന്ന ഫലസ്തീൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യു എസ് നിർദേശിച്ച കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള പരോക്ഷ ചർച്ചകൾ തുടരുന്ന കാലത്തോളം, താത്കാലിക വെടിനിർത്തൽ, സഹായ വിതരണം, ഇസ്റാഈൽ സൈനികരെ പിൻവലിക്കൽ എന്നിവ മധ്യസ്ഥരുടെ ബാധ്യതയാണെന്ന് പുതിയ നിർദേശം ഉറപ്പാക്കുന്നുവെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. ആറാഴ്ചത്തെ സന്പൂർണ വെടിനിർത്തൽ ഘട്ടത്തിൽ ഫലസ്തീൻ തടവുകാർക്ക് പകരമായി ഇസ്റാഈൽ ബന്ദികളെ മോചിപ്പിക്കും. ഈ ദിവസങ്ങളിൽ ഇസ്റാഈൽ സൈന്യം ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് പിന്മാറണം. വടക്കൻ ഗസ്സയിൽ കുടിയിറക്കപ്പെട്ടവരെ വീടുകളിൽ തിരികെയെത്താൻ അനുവദിക്കുമെന്നും കരാർ നിർദേശിക്കുന്നു.
എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവ് തയ്യാറായില്ല. ഇരു പക്ഷവും തമ്മിലുള്ള വിയോജിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
