Connect with us

Editorial

മരുന്ന് കുറിപ്പടികളിലെ കളികള്‍

വിദേശ രാജ്യങ്ങള്‍ മിക്കതും കൈപ്പടയിലുള്ള മരുന്ന് കുറിപ്പടികള്‍ നിരോധിക്കുകയും കുറിപ്പടികള്‍ ഇലക്ട്രോണിക്‌വത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും നടപ്പില്‍ വരേണ്ടതുണ്ട് സമാനമായ നിയമങ്ങള്‍.

Published

|

Last Updated

ചികിത്സാ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കലിന്റെ (ഐ എം സി ആര്‍) അടുത്തിടെ പുറത്തിറങ്ങിയ പഠന റിപോര്‍ട്ട്. രാജ്യത്തെ 45 ശതമാനം ഡോക്ടര്‍മാരും എഴുതുന്ന മരുന്ന് കുറിപ്പടികള്‍ അവ്യക്തവും അപൂര്‍ണവും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയുമാണെന്ന് പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു. വായിച്ചെടുക്കാന്‍ പ്രയാസമായ എഴുത്ത്, മരുന്നുകളുടെ ചേരുവകള്‍, ഡോസേജ്, ഉപയോഗക്രമം, ഇടവേള തുടങ്ങിയവ കൃത്യമായി സൂചിപ്പിക്കാത്തവയാണ് നിബന്ധനകള്‍ പാലിക്കാത്ത കുറിപ്പടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഡല്‍ഹി എയിംസ്, സഫ്ദര്‍ജംഗ് തുടങ്ങി രാജ്യത്തെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു 2019 ആഗസ്റ്റ് മുതല്‍ 2020 ആഗസ്റ്റ് വരെ ഒരു വര്‍ഷത്തോളം നീണ്ട പഠനം. ഓരോ സ്ഥാപനത്തില്‍ നിന്നും 600 കുറിപ്പടികള്‍ എന്ന കണക്കില്‍ ശേഖരിച്ച 7,800 കുറിപ്പടികളില്‍ 4,838 എണ്ണമാണ് ഐ എം സി ആര്‍ വിശദമായ പഠനത്തിന് വിധേയമാക്കിയത്. ഇവയില്‍ 2,171 എണ്ണത്തില്‍ പോരായ്മകള്‍ കണ്ടെത്തി. പത്ത് ശതമാനം കുറിപ്പടികള്‍ തീര്‍ത്തും തെറ്റാണെന്ന് പഠന റിപോര്‍ട്ട് പറയുന്നു. വേദനക്ക് പരിഹാരം തേടി എത്തുന്ന രോഗികള്‍ക്ക് ചില ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ക്കൊപ്പം പാന്റോപ്രസോളും നിര്‍ദേശിച്ചതായി കണ്ടു. രോഗിക്ക് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലാണ് പാന്റോപ്രസോള്‍ നിര്‍ദേശിക്കേണ്ടത്. അനാവശ്യമായി ഈ മരുന്ന് നിര്‍ദേശിക്കുന്നത് വയറുവേദന, നീര്‍ക്കെട്ട്, ചുണങ്ങ് തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ക്കിടയാക്കും.

ബിരുദാനന്തര ബിരുദമുള്ളവരും നാല് മുതല്‍ 18 വര്‍ഷം വരെ സേവനം അനുഷ്ഠിച്ചവരുമായ ഡോക്ടര്‍മാരുടെ കുറിപ്പടികളായിരുന്നു പരിശോധനക്ക് വിധേയമാക്കിയവയെല്ലാം. ശരിയായി കുറിപ്പടി തയ്യാറാക്കേണ്ട രീതി, മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ ജെ എം ആര്‍) പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ട്.
വളരെ മഹത്തരമെന്നതിനൊപ്പം അതീവ ഉത്തരവാദിത്വമുള്ളതു കൂടിയാണ് ഡോക്ടര്‍മാരുടെ ജോലി. തികഞ്ഞ ശ്രദ്ധയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ട ജോലിയാണത്. സാധ്യമായതില്‍ ഏറ്റവും മികച്ചതും ശ്രദ്ധാപൂര്‍വവുമായ പരിചരണമാണ് ഏതൊരു രോഗിക്കും അവര്‍ നല്‍കേണ്ടത്. രോഗികളുടെ അവകാശവും കൂടിയാണിത്. തന്നെ സമീപിക്കുന്ന ഒരു രോഗിയുടെ ജീവന്‍ ഡോക്ടറുടെ കൈകളിലാണ്. അശ്രദ്ധയോ ആലസ്യമോ മൂലം ചികിത്സയില്‍ അബദ്ധം സംഭവിച്ചാല്‍ രോഗിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്‌തേക്കാം. അനിവാര്യമായ മരുന്നുകളും ടെസ്റ്റുകളും മാത്രമേ നിര്‍ദേശിക്കാവൂ. എന്നാല്‍ ചികിത്സാ രംഗത്തെ ഈ ധാര്‍മിക തത്ത്വങ്ങളും മൂല്യങ്ങളും പാലിക്കാത്തവരാണ് ഡോക്ടര്‍മാരില്‍ പലരും. ഐ എം സി ആര്‍ പഠന റിപോര്‍ട്ടില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്.

ചില ഡോക്ടര്‍മാര്‍ക്ക് ഫാര്‍മ കമ്പനികളുമായും ലാബുകളുമായും ഉള്ള അവിഹിത ബന്ധം പരസ്യമായ രഹസ്യമാണ്. ഡോക്ടര്‍മാരെ സ്വാധീനിക്കുകയാണ് തങ്ങളുടെ മരുന്നുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ മരുന്ന് കമ്പനികള്‍ സ്വീകരിക്കുന്ന മാര്‍ഗം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും വിദേശയാത്ര തരപ്പെടുത്തിക്കൊടുത്തുമൊക്കെയാണ് ഡോക്ടര്‍മാരെ കമ്പനികള്‍ വലയിലാക്കുന്നത്. ചില പ്രത്യേക മരുന്നുകള്‍ സ്ഥാനത്തും അസ്ഥാനത്തും കുറിച്ചു കൊടുക്കുന്നതിന്റെയും വില കുറഞ്ഞ മരുന്നുകള്‍ കൊണ്ട് സുഖപ്പെടുന്ന രോഗങ്ങള്‍ക്ക് വില കൂടിയ മരുന്നുകള്‍ എഴുതിക്കൊടുക്കുന്നതിന്റെയും പിന്നിലെ രഹസ്യമിതാണ്. പാര്‍ലിമെന്റില്‍ വരെ ചര്‍ച്ചയായതാണ് ഡോക്ടര്‍-ഫാര്‍മ കമ്പനി കൂട്ടുകെട്ട്. 2018 ജനുവരി എട്ടിന് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം പി വിഷയം രാജ്യസഭയില്‍ ഉന്നയിക്കുകയും ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയ മരുന്ന് കമ്പനികളുടെ പേരുകള്‍ പരസ്യപ്പെടുത്താനും അവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വെളിപ്പെടുത്താനും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വ്യക്തമായൊരു പ്രതികരണമുണ്ടായില്ല. ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ തെറ്റായ വിപണന രീതികള്‍ക്കെതിരെ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ടെന്ന അന്നത്തെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി ചൗബയുടെ മറുപടിയില്‍ സഭ ആ ചര്‍ച്ച അവസാനിപ്പിക്കുകയാണുണ്ടായത്.

നാലോ അഞ്ചോ മരുന്നുകളാണ് ചെറിയ രോഗങ്ങള്‍ക്ക് പോലും ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. ഇതൊക്കെ എന്തിനാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത ഡോക്ടര്‍മാര്‍ക്കുണ്ടെങ്കിലും അത് ചെയ്യാറില്ല. ഈ ദുഷ്പ്രവണത തടയാനും നിയന്ത്രിക്കാനും ആരോഗ്യ മന്ത്രാലയം എന്തെങ്കിലും നടപടിക്കു തുനിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സംഘടനയും ചില വമ്പന്‍ സ്രാവുകളും ചേര്‍ന്ന് മുളയിലേ അത് നുള്ളിക്കളയും. നിയമലംഘനം നടത്തുന്ന ഡോക്ടര്‍മാരെ നിലക്കു നിര്‍ത്തേണ്ട ഭരണകൂടം മെഡിക്കല്‍ അസ്സോസിയേഷന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്നു. വിദേശ രാജ്യങ്ങള്‍ മിക്കതും കൈപ്പടയിലുള്ള മരുന്ന് കുറിപ്പടികള്‍ നിരോധിക്കുകയും കുറിപ്പടികള്‍ ഇലക്ട്രോണിക്‌വത്കരിക്കുകയും ചെയ്തിട്ടുണ്ട്. മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരം, കഴിക്കേണ്ട അളവ്, ഉപയോഗിക്കേണ്ട വിധം, ഡോക്ടറുടെ പേരും ഒപ്പും, കുറിപ്പ് നല്‍കിയ തീയതി തുടങ്ങിയ കാര്യങ്ങളും കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ചികിത്സാ പിഴവുകള്‍ ഒഴിവാക്കലും അനാവശ്യമായി മരുന്നുകള്‍ നിര്‍ദേശിക്കുന്നത് നിയന്ത്രിക്കലും ലക്ഷ്യമാക്കിയാണ് ഈ നടപടികള്‍. ഇന്ത്യയിലും നടപ്പില്‍ വരേണ്ടതുണ്ട് സമാനമായ കര്‍ശന നിയമങ്ങള്‍. മരുന്ന് കുറിപ്പടികള്‍ തയ്യാറാക്കുന്നതിലെ ശാസ്ത്രീയതയെക്കുറിച്ച് ഡോക്ടര്‍മാരെ ബോധവാന്മാരാക്കുകയെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം നടപ്പാക്കിയതു കൊണ്ട് പരിഹൃതമാകുകയില്ല ഈ പ്രശ്‌നം. അശ്രദ്ധമായും നിക്ഷിപ്ത താത്പര്യത്തോടെയും കുറിപ്പടികള്‍ എഴുതുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൂടി ആവശ്യമാണ്.

Latest