Connect with us

Kerala

മുന്നണി വിപുലീകരണം; ചോദ്യ ചിഹ്നമായി ചിന്തന്‍ ശിബിരം

തുടര്‍ച്ചയായി കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന പാര്‍ട്ടിക്ക് അതിജീവിക്കാന്‍ 19 സീറ്റുകള്‍ നിലനിര്‍ത്തിയേ പറ്റൂ.

Published

|

Last Updated

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും തൂത്തുവാരാനുള്ള തന്ത്രങ്ങളുമായാണ് കോഴിക്കോട് കടപ്പുറത്ത് കെ പി സി സി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം പിരിയുന്നത്. യു ഡി എഫ് വിട്ടുപോയവരെ തിരികെ എത്തിക്കുക എന്നതാണ് ഈ നീക്കത്തില്‍ പ്രധാനം. ഇതിനായി പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ തയാറാക്കുകയായിരുന്നു ശിബിരത്തിന്റെ പ്രധാന ലക്ഷ്യം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റില്‍ 19 സീറ്റും യു ഡി എഫ് തൂത്തുവാരിയിരുന്നു. എല്‍ ഡി എഫ് വിജയം ആലപ്പുഴയിലെ ഒരു സീറ്റില്‍ ഒതുങ്ങി. ഈ വിജയം 2024 ല്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു കേരളത്തിലെ കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കും. തുടര്‍ച്ചയായി കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന പാര്‍ട്ടിക്ക് അതിജീവിക്കാന്‍ 19 സീറ്റുകള്‍ നിലനിര്‍ത്തിയേ പറ്റൂ.

നിലവിലെ സംഘടനാ സംവിധാനവും മുന്നണി സമവാക്യവും വച്ചുകൊണ്ടു മുന്നോട്ടു പോയാല്‍ ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഉറപ്പുള്ള 20 സീറ്റുകളായി കണക്കാക്കിയിരുന്നത് കേരളത്തിലെതാണ്. ഈ പ്രതീക്ഷ കാത്തുസൂക്ഷിക്കാനുള്ള തന്ത്രങ്ങളാണ് ചിന്തന്‍ ശിബിരത്തില്‍ ഉണ്ടായത്. 2019 ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത് കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കാന്‍ കാരണമായിരുന്നു. രാഹുല്‍ പ്രധാന മന്ത്രിയാവുമെന്ന പ്രചാരണം കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഇടതു തരംഗം തകര്‍ക്കാതെ 2024 ലോക്‌സഭയില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി പ്രഭാവം കൊണ്ടു മാത്രം ഇത്തവണ വിജയം ആവര്‍ത്തിക്കാനാവില്ലെന്നും പാര്‍ട്ടി കരുതുന്നു.

നേരത്തെ ഉണ്ടായിരുന്ന യു ഡി എഫ് മെലിഞ്ഞുപോയത് ഇരു മുന്നണികളും തമ്മിലുള്ള ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്തിയതായി യു ഡി എഫ് തിരിച്ചറിയുന്നു. മാണി കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിട്ട് എല്‍ ഡി എഫില്‍ എത്തിയതുമൂലം ഉണ്ടായിട്ടുള്ള ആഘാതം ഗുരുതരമായി തുടരുകയാണ്. എല്‍ ഡി എഫിന് പരമ്പരാഗതമായി അപ്രാപ്യമായ ഇടങ്ങളിലേക്ക് കടന്നുകയറാന്‍ മാണി കേരളയുടെ സ്വാധീനം വഴി തുറന്നിട്ടുണ്ട്. തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ യു ഡി എഫില്‍ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ കടുത്ത നൈരാശ്യം പ്രകടമാണ്. ഇവരുടെ അണികള്‍ കൂടുമാറുമെന്നതിന്റെ സൂചനയുമുണ്ട്. ജോസ് കെ മാണിയുമായി അടുക്കാനുള്ള ഒരു സാധ്യതയും ജോസഫ് വിഭാഗം അംഗീകരിക്കില്ല എന്ന ഭീഷണിയുമുണ്ട്.

ഘടക കക്ഷികളില്‍ ഇപ്പോള്‍ മുസ്‌ലിം ലീഗിന് മാത്രമാണ് കരുത്തുള്ളത്. എന്നാല്‍, ലീഗിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ന്യൂനപക്ഷ സംഘടനകളെ യു ഡി എഫിനു പിന്നില്‍ അണിനിരത്തുന്നതില്‍ ലീഗിന്റെ നീക്കം പലപ്പോഴും ചോദ്യംചെയ്യപ്പെടുകയാണ്. മറ്റൊരു ഘടകകക്ഷിയായ ആര്‍ എസ് പി കടുത്ത അതൃപ്തിയോടെയാണ് യു ഡി എഫില്‍ തുടരുന്നത്. തുടര്‍ച്ചയായ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സമ്പൂര്‍ണ പരാജയം നേരിട്ടിരുന്നു. ഇടതുമുന്നണി വിട്ടശേഷം രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതായ അവസ്ഥയിലാണ് ആ പാര്‍ട്ടി. ഇടതുമുന്നണിക്ക് എന്‍ കെ പ്രേമചന്ദ്രനെ താത്പര്യം ഇല്ലാത്തതു കൊണ്ടുമാത്രമാണ് അവര്‍ യു ഡി എഫില്‍ തുടരുന്നത്.
യു ഡി എഫ് ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ആര്‍ എസ് പി യോഗങ്ങളില്‍ പലവട്ടം ഉയര്‍ന്നെങ്കിലും എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫില്‍ തന്നെ തുടര്‍ന്നു പോകണമെന്ന് വാദിക്കുന്നതുകൊണ്ടു മാത്രാണ് ബന്ധം നിലനില്‍ക്കുന്നത്. ഷിബു ബേബി ജോണ്‍ പക്ഷം ഇടതുമുന്നണിയിലെത്താനുള്ള സാധ്യതകള്‍ ആരായുന്നതായും സൂചനയുണ്ട്. തുടര്‍ച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിയമസഭയില്‍ ആര്‍ എസ് പിക്ക് പ്രതിനിധികളില്ലാതായതോടെ അണികളില്‍ ഉണ്ടായ കൊഴിഞ്ഞുപോക്കു തടയാന്‍ പാടുപെടുകയാണ് അവര്‍. യു ഡി എഫിനൊപ്പം നിന്നതു മൂലം എന്‍ കെ പ്രേമചന്ദ്രന് ലോക്‌സഭയിലെത്താന്‍ കഴിഞ്ഞത് മാത്രമാണ് പാര്‍ട്ടിക്കുണ്ടായ ഏക നേട്ടം.

സി പി എം പുറത്താക്കിയ എം വി രാഘവന്‍ ഏറെക്കാലം യു ഡി എഫിന് ഇടതുമുന്നണിയെ അടിക്കാനുള്ള ശക്തമായ വടിയായിരുന്നു. ഇതേ തന്ത്രം മുന്നില്‍ കണ്ടാണ് വടകരയില്‍ കെ കെ രമയെ വിജയിപ്പിച്ചത്. യു ഡി എഫ് വിജയിച്ചാല്‍ മന്ത്രിയാക്കി രാഘവന്റെ പദവയിലേക്കു വളര്‍ത്തുകയായിരുന്നു ലക്ഷ്യം. എം വി രാഘവന്റെ കാലശേഷം സി എം പി പിളര്‍ന്ന് ഒരു വിഭാഗം സി പി എമ്മിലെത്തി. സി പി ജോണ്‍ എന്ന നേതാവ് മാത്രമേ യു ഡി എഫിനെ അംഗീകരിക്കുന്നുള്ളൂ എന്ന് ആരോപിച്ചാണ് അരവിന്ദാക്ഷന്‍ വിഭാഗം മുന്നണി വിട്ടത്.

എന്‍ സി പി വിട്ട് യു ഡി എഫില്‍ എത്തിയ മാണി സി കാപ്പന്‍ ഇടതു പക്ഷത്തേക്ക് അടുക്കുന്ന സ്ഥിതിയാണുള്ളത്. യു ഡി എഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു എന്ന പരാതിയുമായി മാണി സി കാപ്പന്‍ എം എല്‍ എ രംഗത്തുവന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് യു ഡി എഫ് വിപുലീകരണമെന്ന അജന്‍ഡയുമായി മുന്നോട്ടു പോവുക എന്ന ചോദ്യമാണ് ചിന്തന്‍ ശിബിരം അവശേഷിപ്പിക്കുന്നത്.

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്