editorial
യുദ്ധഭൂമിയില്‍ നിന്ന് നയതന്ത്ര മേശയിലേക്ക്
അമേരിക്ക- ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വിവേകവും മനുഷ്യത്വവുമാണ് നേതാക്കളില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. ഇനിയും ആയുധമെടുക്കാന്‍ ഇടയാക്കാതെ ചര്‍ച്ചയില്‍ ഒരു ശാശ്വത പരിഹാരം ഉരുത്തിരിയുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ആഗോള സമൂഹം.
ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ പശ്ചിമേഷ്യയില്‍ നിന്നൊരു ശുഭവാര്‍ത്ത. ചൊവ്വാഴ്ച രാത്രിക്കകം ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനിലെ ഊർജനിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കി ശക്തമായ ആക്രമണം നടത്തുകയും ഇറാനെ നാമാവശേഷമാക്കുകയും ചെയ്യുമെന്ന ട്രംപിന്റെ അന്ത്യശാസനയുടെ സമയം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും സമ്മതിച്ച വാര്‍ത്ത പുറത്തുവന്നത്. ഇതൊരു സൈനിക പിന്മാറ്റമല്ലെങ്കിലും യുദ്ധത്തിന്റെ വക്കില്‍ നിന്ന് നയതന്ത്രത്തിന്റെ മേശയിലേക്കുള്ള തിരിച്ചുനടത്തമെന്ന നിലയില്‍ ശുഭസൂചകമാണ്.
പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫും പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും നടത്തിയ നയതന്ത്ര ഇടപെടലാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് വഴിതുറന്നത്. ഇരുവരുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇറാനില്‍ ബോംബാക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുതയുടെ ആഴം കണക്കിലെടുക്കുമ്പോള്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനിവാര്യവുമായിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ക്ക് സമയം നല്‍കണമെന്ന ശരീഫിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇരുരാഷ്ട്രങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഒരു ശാശ്വത പരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ വെള്ളിയാഴ്ച ഇരു രാഷ്ട്ര പ്രതിനിധികളെയും ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചിരിക്കുകയുമാണ് ശഹബാസ് ശരീഫ്.
ഒന്നരമാസം നീണ്ട യുദ്ധത്തിനിടെ ഇത് രണ്ടാം തവണയാണ് താത്കാലിക വെടിനിര്‍ത്തലും ഇടവേളയും. രണ്ടാഴ്ച മുമ്പ് മാര്‍ച്ച് അവസാനത്തിലുമുണ്ടായി ഇന്നത്തേതിനു സമാനമായ സാഹചര്യം. 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ തകര്‍ക്കുമെന്ന മാര്‍ച്ച് 24ലെ ട്രംപിന്റെ പ്രഖ്യാപനം ലോകത്തെ ഭീതിയിലാഴ്ത്തിയതാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഊര്‍ജ ശൃംഖലകളിലൊന്നായ ഇറാന്റെ പ്ലാന്റുകള്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ ഇന്ധനവിലയെയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമായിരുന്നു. ആ സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് അന്ന് ട്രംപ് അഞ്ച് ദിവസത്തെ സാവകാശം പ്രഖ്യാപിച്ചത്. ആ വെടിനിര്‍ത്തലിന് പിന്നിലും പാകിസ്താന്റെ നീക്കങ്ങളായിരുന്നു.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ തങ്ങളുടെ വിജയമെന്ന് അമേരിക്കയും ഇറാനും അവകാശപ്പെടുന്നുണ്ട്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന് ട്രംപ് പറയുമ്പോള്‍, യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യവും കൈവരിച്ചെന്നും ശത്രുപക്ഷം ആഴ്ചകളായി വെടിനിര്‍ത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അവകാശവാദം. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് ഇറാന്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ചതെന്നും കൗണ്‍സില്‍ പറയുന്നു. ഈ അവകാശവാദങ്ങളുടെ നിജസ്ഥിതിയെന്തായാലും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന സാഹചര്യത്തിലെത്തിയത് ആശ്വാസമാണ്. ആഗോള എണ്ണവിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുമായിരുന്ന ഒരു വലിയ ഭീഷണിയാണ് ഇതിലൂടെ താത്കാലികമായെങ്കിലും ഒഴിവാക്കപ്പെട്ടത്. അമേരിക്കയുടെ വലിയൊരു സൈനിക നീക്കത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായത് ഇറാനും ആശ്വാസകരമാണ്. ഈ ഇടവേള പ്രതിരോധ സംവിധാനം പുനഃസംഘടിപ്പിക്കാനും പുതിയ യുദ്ധതന്ത്രങ്ങള്‍ മെനയാനും ഇറാന് അവസരം നല്‍കുകയും ചെയ്യും. സാമ്പത്തികമായി തളര്‍ന്ന ഇറാന് വളരെ വിലപ്പെട്ടതാണ് ഈ സമയപരിധി.
ആരാണ് ഒരു യുദ്ധത്തിലെ യഥാര്‍ഥ വിജയി? ശത്രുവിന് എത്രത്തോളം നാശനഷ്ടം വരുത്തി എന്നതിനെ ആശ്രയിച്ചാണ് മിക്കപ്പോഴും വിജയിയെ നിര്‍വചിക്കുന്നത്. എന്നാല്‍ ഏതൊരു രാജ്യവും സ്വന്തം പക്ഷത്തിന് വലിയ നാശനഷ്ടം വരുത്തിയാണ് വിജയം നേടുന്നതെന്ന കാര്യം കാണാതെ പോകരുത്. ഇത്തരം വിജയങ്ങളെ “പിറിക് വിക്ടറി’ (ജയിച്ചതു കൊണ്ട് കാര്യമായ നേട്ടമില്ലാത്ത, ജയിക്കാനായി ഒരുപാട് കാര്യങ്ങള്‍ ബലികഴിക്കേണ്ടി വന്ന അവസ്ഥ) എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ഇവിടെ “വിജയി’യെന്നത് കേവലം അര്‍ഥമില്ലാത്ത ഒരു പദവിയായി മാറുന്നു. അമേരിക്ക- ഇറാന്‍ യുദ്ധത്തില്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമുണ്ടായി വന്‍ നാശനഷ്ടങ്ങള്‍. ഇറാന് നിരവധി സമുന്നത നേതാക്കളും സൈനികസജ്ജീകരണങ്ങളും നഷ്ടമായി. സൈനികമായി അമേരിക്കക്കും വലിയ നഷ്ടം സംഭവിക്കുകയും രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കനത്ത തിരിച്ചടിയേല്‍ക്കുകയും ചെയ്തു. വിജയികളില്ല ഈ യുദ്ധത്തില്‍, പരാജിതരാണ് ഇരു രാജ്യവും.
കൂടുതല്‍ നാശനഷ്ടം വിതച്ചവനെ പ്രത്യക്ഷത്തില്‍ വിജയിയായി തോന്നിയേക്കാമെങ്കിലും നൈതികമായി അവരും പരാജിതരാണ്. മാരകമായ സാങ്കേതിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ യുദ്ധങ്ങളില്‍ സൈനികര്‍ക്കു പുറമെ സാധാരണക്കാരും നിരപരാധികളും വലിയ തോതില്‍ കൊല്ലപ്പെടുന്നു. “യുദ്ധം തീരുമാനിക്കുന്നത് ആരാണ് ശരിയെന്നല്ല, ആരാണ് ബാക്കിയുള്ളതെന്നാണ്’ എന്ന റസ്സലിന്റെ വാക്കുകള്‍ അര്‍ഥവത്താണ്. കൊലപ്പെടുത്തിയവരുടെ എണ്ണമല്ല, സംരക്ഷിക്കപ്പെട്ട ജീവിതങ്ങളുടെ എണ്ണമാണ് വിജയത്തിന്റെ അളവുകോലാക്കേണ്ടത്.
എത്ര പ്ലാന്റുകള്‍ തകര്‍ത്തു, എത്ര നാശനഷ്ടങ്ങള്‍ വരുത്തിയെന്നതിനേക്കാള്‍ ഒരു മഹാദുരന്തം ഒഴിവാക്കാന്‍ ഏത് രാജ്യമാണ് വിവേകപൂര്‍ണമായ നിലപാട് സ്വീകരിച്ചത് എന്നതിനെയും അടിസ്ഥാനമാക്കണം. അമേരിക്ക- ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വിവേകവും മനുഷ്യത്വവുമാണ് നേതാക്കളില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. ഇനിയും ആയുധമെടുക്കാന്‍ ഇടയാക്കാതെ ചര്‍ച്ചയില്‍ ഒരു ശാശ്വത പരിഹാരം ഉരുത്തിരിയുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ആഗോള സമൂഹം.


