Editorial
സൗജന്യയാത്ര വടക്കന്‍ കേരളത്തിലും സാധ്യമാകണം
പദ്ധതിയില്‍ സ്വകാര്യ ബസുകളെ കൂടി ഉള്‍പ്പെടുത്തുക, വടക്കന്‍ കേരളത്തിലെ കെ എസ് ആര്‍ ടി സി ഓര്‍ഡനിറി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഗ്രാമവണ്ടി വിപുലീകരണം തുടങ്ങിവയാണ് അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍.
കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് നാളെ തുടക്കമാവുകയാണ്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സാമൂഹിക ചലനാത്മഗതയും വര്‍ധിപ്പിക്കുന്ന സ്വാഗതാര്‍ഹമായ പദ്ധതിയാണിതെങ്കിലും കെ എസ് ആര്‍ ടി സി സര്‍വീസില്‍ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും സാരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കള്‍ തെക്കന്‍ കേരളത്തിലെ സ്ത്രീകളായിരിക്കും. വടക്കന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രയോജനം പരിമിതമായിരിക്കും. ഇക്കാര്യം വി ടി ബല്‍റാം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. മൊത്തം 3,125 കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ ബഹുഭൂരിഭാഗവും തെക്കന്‍ ജില്ലകളിലാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. നാലിലൊരു ഭാഗം മാത്രമേ (28 ശതമാനം) വടക്കന്‍ ജില്ലകളില്‍ ഓടുന്നുള്ളു. തലസ്ഥാന ജില്ലയായ തിരുവന്തപുരത്ത് 678ഉം കൊല്ലത്ത് 415ഉം എറണാകുളത്ത് 325ഉം ഓര്‍ഡിനറി ബസുകള്‍ ഓടുമ്പോള്‍ കാസർകോട് 128, കണ്ണൂര്‍ 205, വയനാട് 172, കോഴിക്കോട് 156, മലപ്പുറം 98 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ കണക്ക്. ഏറ്റവും ജനസംഖ്യയുള്ള മലപ്പുറത്താണ് ബസുകളുടെ എണ്ണം ഏറ്റവും കുറവ്. ഡിപ്പോകളുടെ എണ്ണം പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ നാമമാത്രമാണ്.
ഈ അസന്തുലിതാവസ്ഥക്ക് ചരിത്രപരമായ കാരണങ്ങളുണ്ട്. കേരളത്തില്‍ പൊതുഗതാഗതത്തിന് തുടക്കമിട്ടത് തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലവര്‍മയാണ്. പിന്നീട് കൊച്ചി രാജഭരണ പ്രദേശത്തും സമാനരീതിയില്‍ പൊതുഗതാഗതം ആരംഭിച്ചു. ഈ പൊതുഗതാഗത സംവിധാനമാണ് കാലക്രമേണ കെ എസ് ആര്‍ ടി സിയായി മാറിയത്. സ്വാഭാവികമായും കോര്‍പറേഷന്റെ ആസ്ഥാനവും ഭൂരിഭാഗം ഡിപ്പോകളും തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിക്കാന്‍ ഇതിടയാക്കി. അക്കാലത്ത് വടക്കന്‍ കേരളം മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ ബ്രിട്ടീഷ് ഭരണത്തിലുമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രാദേശിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ അത്ര താത്പര്യം കാണിച്ചതുമില്ല. കേരള രൂപവത്കരണത്തിനു ശേഷം നിലവില്‍വന്ന ഭരണകൂടങ്ങളും കെ എസ് ആര്‍ ടി സി സേവനങ്ങളുടെയും ഡിപ്പോകളുടെയും കാര്യത്തില്‍ തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ പരിഗണന നല്‍കിയതും. വടക്കന്‍ കേരളത്തിലെ യാത്രാപ്രശ്‌നം സ്വകാര്യബസുകള്‍ പരിഹരിക്കുന്നതിനാല്‍ കെ എസ് ആർ ടി സി സര്‍വീസിലെ അസന്തുലിതാവസ്ഥക്കെതിരെ കാര്യമായ പ്രതിഷേധം ഉയര്‍ന്നതുമില്ല.
അതേസമയം പുതിയൊരു ജനക്ഷേമ പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക അസന്തുലിതാവസ്ഥയില്ലാത്തവിധം സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി ലഭ്യമാക്കേണ്ടത് ജനാധിപത്യ സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇതടിസ്ഥാനത്തില്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം വടക്കന്‍ കേരളത്തിലെ സ്ത്രീകള്‍ക്കും പൂര്‍ണമായ തോതില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. വടക്കന്‍ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ- തൊഴില്‍ നിരക്കുകള്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും പ്രാദേശിക തൊഴില്‍ സംരഭങ്ങളും അവരുടെ സാമൂഹിക പങ്കാളിത്തത്തിലും വര്‍ധന സൃഷ്ടിച്ചു. തൊഴിലിടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്ക് ഇവര്‍ക്ക് പ്രതിമാസം വലിയൊരു തുക ചെലവ് വരുന്നുണ്ട്. മാത്രമല്ല, സൗജന്യ യാത്ര സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ഇനിയും വര്‍ധനയുണ്ടാക്കുമെന്ന് മറ്റ് സംസ്ഥാനങ്ങളിലെ സമാനപദ്ധതി വ്യക്തമാക്കുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കിയതിനെ തുടര്‍ന്നു തൊഴില്‍ പങ്കാളിത്തം പത്ത് ശതമാനം വര്‍ധിക്കുകയുണ്ടായി. കേരളത്തില്‍ ഈ നേട്ടം സംസ്ഥാനത്തിന്റെ ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിക്കാനിട വരുന്നത് നീതികരിക്കത്തക്കതല്ല.
പദ്ധതിയില്‍ സ്വകാര്യ ബസുകളെ കൂടി ഉള്‍പ്പെടുത്തുക, വടക്കന്‍ കേരളത്തിലെ കെ എസ് ആര്‍ ടി സി ഓര്‍ഡനിറി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഗ്രാമവണ്ടി വിപുലീകരണം തുടങ്ങിവയാണ് ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍. വടക്കന്‍ കേരളത്തിലും കെ എസ് ആര്‍ ടി സി സര്‍വീസ് കുറവായ മധ്യ- തെക്കന്‍ ജില്ലകളിലും സ്ത്രീയാത്രക്കാരുടെ എണ്ണത്തിനനുസരിച്ചു സ്വകാര്യ ബസ് ഉടമകള്‍ക്ക് നിശ്ചിത തുക സബ്‌സിഡിയായി നല്‍കുകയോ കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ വാടകക്കെടുത്തു സര്‍വീസ് നടത്തുകയോ ചെയ്യാവുന്നതാണ്. കെ എസ് ആര്‍ ടി സിയിലും സ്വകാര്യബസുകളിലും ഒരുപോലെ സ്ത്രീകള്‍ക്ക് നിശ്ചിതദുരം യാത്ര ചെയ്യാവുന്ന പ്രതിമാസ യാത്രാപാസ്സുകള്‍ വിതരണ ചെയ്യുന്ന കാര്യവും നിര്‍ദേശിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി തന്നെ വേണമെന്നില്ലല്ലോ.
കെ എസ് ആര്‍ ടി സി പുതുതായി വാങ്ങുന്ന ബസുകളില്‍ ഗണ്യഭാഗവും വടക്കന്‍ കേരളത്തിലെ ഓര്‍ഡിനറി സര്‍വീസുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം. നിലവിലുള്ള റൂട്ടുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിച്ചും വടക്കന്‍ കേരളത്തിലെ കുറവ് പരിഹരിക്കാനാകും. ഇന്ധനച്ചെലവ് സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന “ഗ്രാമവണ്ടി’ സര്‍വീസ് നടത്തിവരുന്നുണ്ട്. നിലവില്‍ 58 ഗ്രാമവണ്ടികളാണുള്ളത്. ഇത് 500 ആക്കി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം എത്രയും വേഗം യാഥാര്‍ഥ്യമാക്കി അത് വടക്കന്‍ കേരളത്തിലെ കെ ആര്‍ ടി സി സര്‍വീസിന്റെ കുറവ് പഹിഹരിക്കുന്നതിനു ഉപയോഗപ്പെടുത്താവുന്നതുമാണ്. സര്‍ക്കാര്‍ പൊതുഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ജില്ലാതല ജനസംഖ്യാ സ്ഥിതിയും യാത്രാസൗകര്യങ്ങളും പരിഗണിച്ചുള്ള ശാസ്ത്രീയമായ ആസൂത്രണം ആവശ്യമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ട അസന്തുലിതമായ ഗതാഗത സൗകര്യങ്ങള്‍ അതേപടി തുടരുന്നതും തദടിസ്ഥാനമാക്കിയുള്ള സൗജന്യങ്ങള്‍ നടപ്പാക്കുന്നതും ജനാധിപത്യപരമായ പൊതുസേവന സങ്കൽപ്പത്തിന് അനുയോജ്യമല്ല.







