From the print
നിപ്പാ, ഷിഗെല്ല, കോളറ, പകർച്ചപ്പനി: ഏകോപനമില്ലാതെ വകുപ്പ്; മന്ത്രിയും ഉദ്യോഗസ്ഥരും രണ്ട് തട്ടിൽ
നിപ്പാ റിപോർട്ട് ചെയ്ത് അഞ്ചാം ദിനവും മന്ത്രിയെത്തിയില്ല • ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റവും വിവാദത്തിൽ
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ മുതൽ പകർച്ചപ്പനി വരെ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏകോപനമില്ലാതെ ആരോഗ്യ വകുപ്പ്. മുൻകാലങ്ങളിൽ ആരോഗ്യ മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
എന്നാൽ കോഴിക്കോട്ട് നിപ്പാ ബാധ റിപോർട്ട് ചെയ്ത് അഞ്ച് ദിവസമായിട്ടും കോഴിക്കോട്ടുകാരൻ കൂടിയായ മന്ത്രി സ്ഥലത്തെത്താത്തത് വിമർശത്തിനിടയാക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചതിൽ രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. പരിശോധനാഫലം പുറത്തുവന്ന വിവരം കലക്ടർ പ്രഖ്യാപിച്ചിട്ടും മന്ത്രി അറിയാതിരുന്നതും ഒപ്പം പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന തിരുത്തി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി വി റോഷ് രംഗത്തെത്തിയതും ആശയക്കുഴപ്പം പ്രകടമാക്കുന്നതാണ്.
പാലക്കാട്ട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയാണ് മണിക്കൂറുകൾക്കകം തിരുത്തേണ്ടിവന്നത്. പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇരുവർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചുവെന്നുമായിരുന്നു ഡി എം ഒ പറഞ്ഞത്. എന്നാൽ പാലക്കാട്ട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ തള്ളിയാണ് ഡി എം ഒ രംഗത്തെത്തിയത്. ഡി എം ഒയുടെ പ്രസ്താവന വന്നതിന്റെ തൊട്ടുപിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പിന്റെ പ്രതികരണമെത്തി. രണ്ട് പേർക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ആശയക്കുഴപ്പമായിരുന്നു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിപ്പാ സ്ഥിരീകരിച്ചത് മന്ത്രി അറിഞ്ഞിരുന്നില്ല. എന്നാൽ ആ വിഷയത്തിൽ കലക്ടറെ പഴി ചാരുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
കലക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. വൈകിട്ട് അഞ്ചിന് കലക്ടറുമായി സംസാരിച്ചിട്ടാണ് താൻ വാർത്താസമ്മേളനം നടത്തിയതെന്നും അതുവരെ പൂണെയിൽ നിന്നുള്ള റിപോർട്ട് വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനിടെ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സമയത്ത് ലീവെടുത്തത് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയതും വിമർശത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടര ദിവസത്തെ അവധിക്കാണ് താൻ അപേക്ഷിച്ചതെന്നും അവധിയിലായിരുന്നിട്ടും അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും മന്ത്രിയുമായി ഫോണിൽ വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന പ്രതികരിച്ചിരുന്നു. എന്നാൽ 15 ദിവസത്തെ അവധിയെടുത്തതിനാലാണ് സ്ഥം മാറ്റിയതെന്നായിരുന്നു സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിനിടെ കഴിഞ്ഞ വർഷങ്ങളിൽ നിപ്പായുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ പ്രസ്താവനകള്‍ സാമൂഹിക മാധ്യമങ്ങൾ കുത്തിപ്പൊക്കിയിരുന്നു.







