International
ബ്രിട്ടന് തിരിച്ചടി; 'വൺ ഇൻ, വൺ ഔട്ട്' കുടിയേറ്റ കരാറിൽ നിന്ന് പിന്മാറാനൊരുങ്ങി ഫ്രാൻസ്
ഇംഗ്ലീഷ് ചാനൽ വഴിയുള്ള ചെറുബോട്ടുകളിലെ അനധികൃത കടന്നുകയറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചത്.
പാരീസ് | ബ്രിട്ടനുമായുള്ള ‘വൺ ഇൻ, വൺ ഔട്ട്’ കുടിയേറ്റ കരാറിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഫ്രാൻസ്. ഇതുസംബന്ധിച്ച് ബ്രിട്ടനുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കരാറിൽ നിന്ന് പിന്മാറുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് ഞങ്ങൾ ബ്രിട്ടനുമായി ചർച്ച നടത്തുകയാണന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇംഗ്ലീഷ് ചാനൽ വഴിയുള്ള ചെറുബോട്ടുകളിലെ അനധികൃത കടന്നുകയറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം ചെറുബോട്ടുകളിൽ അനധികൃതമായി എത്തുന്നവരെ ബ്രിട്ടൻ ഫ്രാൻസിലേക്ക് നാടുകടത്തുകയും അതിന് പകരമായി ബ്രിട്ടനിൽ കുടുംബബന്ധങ്ങളുള്ള അത്രയും എണ്ണം യഥാർത്ഥ അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു.
കരാറിലെ വ്യവസ്ഥകൾ പ്രകാരം, ഒരാൾ ബ്രിട്ടനിൽ എത്തി മൂന്ന് മാസത്തിനകം ഫ്രാൻസിലേക്ക് മാറ്റണമെന്നായിരുന്നു തീരുമാനം. ബ്രിട്ടനിൽ എത്തി 14 ദിവസത്തിനകം ഒരാളെ തിരിച്ചയക്കണമെന്നും രക്ഷിതാക്കളില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളെയോ മുൻകാല സുരക്ഷാ ഭീഷണിയുള്ള വ്യക്തികളെയോ ഫ്രാൻസ് സ്വീകരിക്കേണ്ടതില്ലെന്നും കരാറിൽ വ്യക്തമാക്കിയിരുന്നു.
Content Highlights:
France is preparing to withdraw from the ‘One In, One Out’ migration deal with Britain. The agreement allowed Britain to deport small-boat migrants to France while accepting legal refugees in return. Official discussions are ongoing, though France has not disclosed its reasons for opting out.




