Connect with us

Articles

വിദ്യാഭ്യാസത്തിന്റെ ഭാവി; യുനെസ്കോ റിപോർട്ടിലെ കരിനിഴൽ

യുനെസ്‌കോയുടെ കണക്കനുസരിച്ച് നിലവില്‍ ലോകത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 27.3 കോടിയായി ഉയര്‍ന്നിരിക്കുന്നു. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഈ സംഖ്യ മാറ്റമില്ലാതെ തുടരുന്നത്. ആഗോളതലത്തില്‍ ആറിലൊന്ന് കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കുന്നില്ല എന്നത് തികച്ചും സങ്കടകരമായ യാഥാർഥ്യമാണ്.

Published

|

Last Updated

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്ഷരാഭ്യാസവും ഭാവിയും കടുത്ത ഭീഷണി നേരിടുകയാണെന്ന് വെളിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ 2026ലെ ഗ്ലോബല്‍ എജ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപോര്‍ട്ട്. വികസിത- വികസ്വര രാജ്യ വ്യത്യാസമില്ലാതെ, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും നടത്തുന്ന ശ്രമങ്ങള്‍ മിക്ക മേഖലകളിലും കടുത്ത മന്ദഗതിയിലായെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം എന്നത് ഏതൊരു കുട്ടിയുടെയും അടിസ്ഥാനപരമായ മൗലികാവകാശമാണ്.

വർധിച്ചുവരുന്ന പ്രതിസന്ധി
യുനെസ്‌കോയുടെ കണക്കനുസരിച്ച് നിലവില്‍ ലോകത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 27.3 കോടിയായി ഉയര്‍ന്നിരിക്കുന്നു. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഈ സംഖ്യ മാറ്റമില്ലാതെ തുടരുന്നത്. ആഗോളതലത്തില്‍ ആറിലൊന്ന് കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കുന്നില്ലെന്നത് തികച്ചും സങ്കടകരമായ യാഥാർഥ്യമാണ്. 2015ന് ശേഷം ഈ രംഗത്തുണ്ടായ പുരോഗതി തികച്ചും മന്ദഗതിയിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

തടസ്സങ്ങള്‍
ലോകത്തിലെ ആറിലൊന്ന് കുട്ടികളും നിലവില്‍ ജീവിക്കുന്നത് സജീവമായ യുദ്ധ- സംഘര്‍ഷ മേഖലകളിലാണ്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും. ഇത്തരം പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ വന്‍തോതില്‍ അടച്ചുപൂട്ടപ്പെടുകയും ഭയം കാരണം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. ദാരിദ്ര്യം, ജനസംഖ്യാ പെരുപ്പം, ഗവണ്‍മെന്റുകളുടെ വിദ്യാഭ്യാസ ബജറ്റുകളിലെ കുറവ്, പ്രകൃതിദുരന്തങ്ങള്‍ എന്നിവയും കുട്ടികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പല വികസ്വര രാജ്യങ്ങള്‍ക്കും സൗജന്യ വിദ്യാഭ്യാസവും അടിസ്ഥാന സ്‌കൂള്‍ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സാധിക്കുന്നില്ല.

പ്രതിസന്ധി ബാധിച്ച രാജ്യങ്ങള്‍
ലോകത്ത് സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാന രാജ്യങ്ങളില്‍ നൈജീരിയയാണ് ഒന്നാമത്; 90 ലക്ഷത്തിലധികം കുട്ടികളാണ് ഇവിടെ സ്‌കൂളിന് പുറത്തുള്ളത്. പ്രകൃതി ദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം പാകിസ്താനില്‍ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. വംശീയ അക്രമങ്ങളും ആഭ്യന്തരയുദ്ധവും കാരണം കോംഗോ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ തടസ്സം നേരിടുന്നു. രാഷ്ട്രീയ പ്രതിസന്ധികളും പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും അഫ്ഗാനിസ്താനില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഭീഷണിയാകുന്നു. ഗസ്സയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന ഫലസ്തീൻ, യമന്‍, സിറിയ എന്നീ പ്രദേശങ്ങളിലുണ്ടാകുന്ന നിരന്തരമായ ബോംബാക്രമണങ്ങള്‍ കാരണം സ്‌കൂളുകള്‍ തകരുകയോ അഭയാർഥി ക്യാമ്പുകളാക്കി മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, നൈജര്‍, അങ്കോള എന്നിവിടങ്ങളില്‍ വറുതിയും സാമ്പത്തിക തകര്‍ച്ചയും കാരണം വലിയൊരു വിഭാഗം കുട്ടികള്‍ വിദ്യാലയങ്ങള്‍ക്ക് പുറത്താണ്.

പദ്ധതികളുണ്ട്, പക്ഷേ…
യുദ്ധമേഖലകളില്‍ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാനും സ്‌കൂളുകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിക്കാനും “സേഫ് സ്കൂൾസ് ഡിക്ലറേഷൻ’ എന്ന അന്താരാഷ്ട്ര ഉടമ്പടി ഉണ്ടെങ്കിലും ഇത് പൂർണമായും നടപ്പാക്കപ്പെടുന്നില്ല.
പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ബാധിച്ച പ്രദേശങ്ങളില്‍ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ രൂപവത്കരിച്ച ആഗോള ഫണ്ടായ “എജ്യൂക്കേഷൻ കാൻ നോട്ട് വെയ്റ്റ്’ പോലുള്ള സംവിധാനങ്ങള്‍ക്ക് സാമ്പത്തിക ലഭ്യതക്കുറവ് മൂലം രാജ്യങ്ങളെ കാര്യക്ഷമമായി സഹായിക്കാന്‍ സാധിക്കുന്നില്ല. യുദ്ധത്തിലോ ദുരന്തങ്ങളിലോ സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള ഡിജിറ്റല്‍ ആൻഡ് ഹൈബ്രിഡ് പഠന സംവിധാനങ്ങള്‍ ഒരുക്കാന്‍ പല രാജ്യങ്ങള്‍ക്കും ഫണ്ടില്ലാത്തതിനാല്‍ സാധിക്കുന്നില്ല.
ഇതിനായുള്ള ആഗോള സഹായങ്ങള്‍ നാമമാത്രമായി ചുരുങ്ങിപ്പോകുകയും ചെയ്തിരിക്കുന്നു.

യുനിസെഫിന്റെ പങ്ക്
എല്ലാ കുട്ടികള്‍ക്കും സമഗ്രവും ഗുണനിലവാരമുള്ളതുമായ സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം- 4 (എസ് ഡി ജി- 4) നേടുന്നതില്‍ യുനിസെഫിന് വലിയ പങ്കാണുള്ളത്. യുദ്ധ/ദുരന്ത മേഖലകളില്‍ “ടെംപററി ലേർണിംഗ് സെന്ററു’കൾ സ്ഥാപിക്കുകയും, “സ്കൂൾ ഇൻ എ ബോക്സ്’ കിറ്റുകള്‍ വഴി പഠനസാമഗ്രികള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അത് കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് സൈക്കോസോഷ്യല്‍ സപ്പോര്‍ട്ടും സ്‌കൂളുകള്‍ വഴി ഉച്ചഭക്ഷണവും കുടിവെള്ള സൗകര്യങ്ങളും കൂടുതലായി നല്‍കാന്‍ യൂനിസെഫ് മുന്നോട്ട് വരേണ്ടതുണ്ട്. ദരിദ്ര- വികസ്വര രാജ്യങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ രീതിയില്‍ പിന്തുണ ആവശ്യമാണ്. അത് നല്‍കാന്‍ യുനിസെഫ് മുന്‍കൈയെടുക്കേണ്ടതുണ്ട്.
ഈ കാര്യത്തില്‍ വികസിത രാജ്യങ്ങളുടെ സമീപനം ആശാവഹമല്ല. ആഗോള വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ പൂർണമായി സഹകരിക്കുന്നില്ല എന്ന വിമര്‍ശം ശക്തമായിട്ടുണ്ട്. വികസന സഹായങ്ങള്‍ക്കുള്ള സാമ്പത്തിക ബജറ്റുകളില്‍ കുറവ് വരുത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസപരമായ ആവശ്യങ്ങളേക്കാള്‍ മറ്റു നയതന്ത്ര മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ വിദ്യാഭ്യാസ മേഖല തഴയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും കാര്‍ബണ്‍ ഉദ്വമനവും മൂലം പ്രകൃതിദുരന്തങ്ങള്‍ നേരിടുന്ന രാജ്യങ്ങള്‍ക്ക് അര്‍ഹമായ “ക്ലൈമറ്റ് ഫൈനാന്‍സ്’ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ പൂർണമായി തയ്യാറാകുന്നില്ല. നിർമിത ബുദ്ധി, ഡിജിറ്റല്‍ ലേണിംഗ് എന്നിവയില്‍ വികസിത രാജ്യങ്ങള്‍ വലിയ മുന്നേറ്റം നടത്തുമ്പോള്‍, പല രാജ്യങ്ങളിലും വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു.

ഇത് തുടര്‍ന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാകാന്‍ പോകുന്നത്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ കുറഞ്ഞ വേതനമുള്ള പണികളിലേക്ക് ഒതുക്കപ്പെടുകയും ഭാവി തലമുറയും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും. ആഗോള സാമ്പത്തിക അസമത്വം വർധിപ്പിക്കാനേ ഇത് സഹായിക്കുകയുള്ളൂ. തൊഴിലില്ലാത്ത യുവാക്കള്‍ തീവ്രവാദ ഗ്രൂപ്പുകളുടെയും ലഹരി മാഫിയകളുടെയും വലയിലകപ്പെടാന്‍ സാധ്യതയേറുന്നു. ആഗോള സാമ്പത്തിക രംഗത്ത് ഉത്പാദനക്ഷമതാ നഷ്ടവും ട്രില്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടവും ഉണ്ടാകും. രോഗങ്ങളെക്കുറിച്ചുള്ള അവബോധം കുറയുന്നതിനും, അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തിനും ഇത് കാരണമാകും.

സാമ്പത്തിക ഭദ്രതയും വിദ്യാഭ്യാസത്തിന് പ്രാഥമിക മുന്‍ഗണനയുമുള്ള ചില രാജ്യങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും പഠനം ഉറപ്പാക്കിയിട്ടുണ്ട്. ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, അയർലാന്‍ഡ്, യു കെ, ജർമനി, സ്ലൊവേനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പ്രവര്‍ത്തനം ഈ കാര്യത്തില്‍ തികച്ചും മാതൃകാപരമാണെന്ന് യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം എന്നത് ഏതൊരു കുട്ടിയുടെയും മൗലികാവകാശമാണ്. ഒരു തലമുറയെ മുഴുവന്‍ അക്ഷരവെളിച്ചത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് ലോകത്തിന്റെ വരുംകാല ശാന്തിയെയും സമൃദ്ധിയെയും ദോഷകരമായി ബാധിക്കും. 2030ഓടെ ഏവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആഗോള സമൂഹം ഒന്നിച്ച് അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം എന്നത് ആ രാജ്യങ്ങളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് ആഗോള സമാധാനത്തെയും സാമ്പത്തിക നിലനില്‍പ്പിനെയും ബാധിക്കുന്ന ഒന്നാണെന്ന് റിപോര്‍ട്ട് അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ഇത് പരിഹരിക്കാന്‍ ആഗോള കൂട്ടായ്മ ശക്തമാക്കാന്‍ യുനിസെഫ് ആഹ്വാനം ചെയ്യുന്നു.

---- facebook comment plugin here -----

Latest