Ongoing News
ഏഷ്യൻ ഗെയിംസ്: പതിനൊന്നാം ദിനം ഇരട്ട സ്വർണം; മെഡൽ വേട്ടയിൽ കുതിച്ച് ഇന്ത്യ
വനിതകളുടെ 4x400 മീറ്റർ റിലേയിൽ കിരൺ, പൂവമ്മ, പ്രാചി, വിത്യ റാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം സ്വർണമണിഞ്ഞു
ന്യൂഡൽഹി | ഏഷ്യൻ ഗെയിംസ് 2026 (Asian Games 2026) പതിനൊന്നാം ദിനത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ, പൂവമ്മ, പ്രാചി, വിത്യ റാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം സ്വർണമണിഞ്ഞു. നേരത്തെ ഷൂട്ടിംഗ് രംഗത്ത് വനിതകളുടെ ട്രാപ്പ് ഇനത്തിൽ നീരു ധൻധ വ്യക്തിഗത സ്വർണ്ണം നേടി ചരിത്രം കുറിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറ് സ്വർണമടക്കം 52 ആയി ഉയർന്നു.
3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം അത്ലറ്റിക്സിലെ ആദ്യ സ്വർണ്ണം രാജ്യത്തിന് സമ്മാനിച്ചത്. ഇതോടെ ഗെയിംസിൽ വിത്യ റാംരാജ് മൂന്ന് മെഡലുകൾ തികച്ചു. മിക്സഡ് റിലേയിലെ വെള്ളിയും 400 മീറ്റർ ഹർഡിൽസിലെ വെങ്കലവുമാണ് വിത്യയുടെ മറ്റ് നേട്ടങ്ങൾ.
വനിതകളുടെ ട്രാപ്പ് ഇനത്തിൽ നീരു ധൻധ വ്യക്തിഗത സ്വർണം നേടിയതിന് പുറമെ വനിതകളുടെ ട്രാപ്പ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ 5000 മീറ്ററിൽ ഗുൽവീർ സിംഗ് വെങ്കലം നേടി ഈ ഏഷ്യൻ ഗെയിംസിലെ തന്റെ മൂന്നാം മെഡൽ പൂർത്തിയാക്കി. 1500 മീറ്ററിലും 10,000 മീറ്ററിലും ഗുൽവീർ വെള്ളി നേടിയിരുന്നു.

നീരു ധൻധ
വനിതകളുടെ ഹൈജംപിൽ 1.87 മീറ്റർ മറികടക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും പൂജ സിംഗ് വെങ്കലം ഉറപ്പിച്ചു. 4×100 മീറ്റർ മിക്സഡ് റിലേയിൽ ഗുരിന്ദർവീർ, സ്നേഹ, അനിമേഷ്, ഹരിത് എന്നിവരടങ്ങിയ സംഘം 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി. പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ധരംവീർ ചൗധരി, മനു ടി, ജയ് കുമാർ, വിശാൽ ടി കെ എന്നിവരടങ്ങിയ ടീം 3:01.61 സമയത്തിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ, ബോക്സിംഗ് 90 പ്ലസ് കിലോഗ്രാം സെമിഫൈനലിൽ തോറ്റ നരേന്ദർ വെങ്കലത്തോടെ മടങ്ങി. പുരുഷന്മാരുടെ പോൾ വാൾട്ടിൽ ദേവ് കുമാർ മീന 5.50 മീറ്റർ ഉയരം താണ്ടി സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടെന്നീസ് പുരുഷ ഡബിൾസിൽ യുകി ഭാംബ്രി – ദക്ഷിണേശ്വർ സുരേഷ് സഖ്യവും അനിരുദ്ധ് ചന്ദ്രശേഖർ – എൻ ശ്രീറാം ബാലാജി സഖ്യവും ക്വാർട്ടർ ഫൈനലിൽ കടന്നു. വോളിബോൾ പ്രാഥമിക റൗണ്ടിൽ ഖത്തറിനെതിരെ ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന് 3-2 ന് ഇന്ത്യ വിജയം നേടി.
Content Highlights
India won six medals, including two golds in the women’s 4x400m relay and trap shooting, on Day 11 of the Asian Games 2026, pushing its total medal tally past 50 to reach 52 and securing the 10th rank.




