Kerala
എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടി; ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ എം വി ഗോവിന്ദന്‍
തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവ്.
തിരുവനന്തപുരം | തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച തിരിച്ചുവരവാണ് എല്‍ ഡി എഫ് നടത്തിയത്. സ്‌പോണ്‍സേഡ് സര്‍ക്കാര്‍, സ്‌പോണ്‍സേഡ് മുഖ്യമന്ത്രി, മന്ത്രിമാരുടെ സ്‌പോണ്‍സേഡ് യാത്രകള്‍, പവര്‍കട്ട് എല്ലാം ജനങ്ങളില്‍ മടുപ്പുണ്ടാക്കിയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായും ഗോവിന്ദന്‍ പ്രതികരിച്ചു.
കേരളത്തില്‍ 12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 18 സീറ്റ് എല്‍ ഡി എഫ് നേടി. 2025 ലെ തിരഞ്ഞെടുപ്പില്‍ 15 സീറ്റിലായിരുന്നു എല്‍ ഡി എഫ് വിജയം. ഇത്തവണ അത് 18 ആയി വര്‍ധിച്ചു. യു ഡി എഫിന്റേത് 22 സീറ്റില്‍ നിന്ന് 19 ആയി കുറഞ്ഞു. സീറ്റിനു പുറമെ വോട്ടിന്റെ കണക്കിലും എല്‍ ഡി എഫ് നേട്ടം കൈവരിച്ചു. യു ഡി എഫ് വിജയിച്ച ഇടങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ എല്‍ ഡി എഫ് ഭൂരിപക്ഷം ഉയര്‍ത്തി. കല്ലറയില്‍ യു ഡി എഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ബി ജെപി യുമായി ഉള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് യു ഡി എഫ് വിജയം. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ട് ലഭിച്ച ബി ജെ പിക്ക് ഇത്തവണ 5000ത്തിലധികം വോട്ട് മാത്രമാണ് ലഭിച്ചത് എന്നത് പരസ്യമായി ബി ജെ പി വോട്ട് യു ഡി എഫിന് ലഭിച്ചുവെന്നതിന് തെളിവാണ്. ഏഴ് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളില്‍ എല്‍ ഡി എഫ് അഞ്ച് സീറ്റ് നേടിയപ്പോള്‍ യു ഡി എഫിന് രണ്ട് സീറ്റ് നേടാനേ സാധിച്ചുള്ളൂവെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights:
CPM State Secretary MV Govindan stated that the by-election results are a strong response to those who wished to eliminate the LDF. He highlighted the victory as evidence of public support for the front’s policies. Govindan reaffirmed the party’s commitment to delivering good governance in Kerala.




