National
യു പിയിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതം
ആശ്രമത്തിലെ മുഖ്യ സന്യാസി സന്ത് പ്രേമാനന്ദ് മഹാരാജില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ദീക്ഷ സ്വീകരിച്ച രസിക് ദുലാരി ശരണിനെയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലക്‌നൗ | ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത. ആശ്രമത്തിലെ മുഖ്യ സന്യാസി സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ത് പ്രേമാനന്ദ് മഹാരാജില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ദീക്ഷ സ്വീകരിച്ച ‘രസിക് ദുലാരി ശരണ്‍’ എന്ന് പേരുമാറ്റിയ ദീപക് ലോധിയാണ് മരിച്ചത്.
രസിക് ദുലാരി ശരണിന്റെ മുറിക്കുള്ളില്‍ കണ്ടെത്തിയ ഒരു ഗ്രൈന്‍ഡര്‍, അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവുകള്‍, നാലാം നിലയിലെ ടെറസില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുന്നതിലേക്ക് നയിച്ച സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണ സംഘം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, വീഴ്ചക്ക് തൊട്ടുമുമ്പ് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, സംഭവസാഹചര്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്ന ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, രാവിലെ 10.25-ഓടെ രസിക് ശരണ്‍ തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നത് കാണാം. ഇയാളുടെ വസ്ത്രങ്ങളില്‍ രക്തക്കറ പുരണ്ടിരുന്നു. മൂന്നാം നിലയില്‍ നിന്ന് നാലാം നിലയിലെ ടെറസിലേക്ക് പോകുന്നതിന് മുമ്പ് ശരണ്‍ കുറച്ചുനേരം മുറിക്ക് പുറത്ത് ചെലവഴിച്ചു. തുടര്‍ന്ന് ടെറസില്‍ ഇരിക്കുന്നതും പിന്നീട് ഏകദേശം 10 സെക്കന്‍ഡോളം നിലത്ത് കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെട്ടെന്ന് എഴുന്നേറ്റ ഇയാള്‍ ടെറസില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ രസിക് ശരണിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇയാള്‍ ടെറസില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Content Highlights:
Police in Uttar Pradesh have launched an intensive investigation into the mysterious death of a young resident at Gurukrupa Ashram. Authorities are examining all angles to determine the actual cause of death. Further details are awaited as the inquiry progresses.


