International
ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് ഹാട്രിക്ക് സ്വര്‍ണം, ചൈനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം
കുശാല്‍ ദലാല്‍, സാഹില്‍ രാജേഷ് യാദവ്, ഗണേഷ് മണി രത്‌നം തിരുമുരു എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് ചൈനയെ പരാജയപ്പെടുത്തിയത്.
നഗോയ|ഏഷ്യന്‍ ഗെയിംസ് കോമ്പൗണ്ട് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ചൈനയെ വീഴ്ത്തി ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണമെഡല്‍ നേടി. മിക്‌സഡ്, വനിതാ വിഭാഗങ്ങള്‍ക്ക് പിന്നാലെ പുരുഷ ടീം കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ഇന്ത്യ കോമ്പൗണ്ട് അമ്പെയ്ത്തില്‍ സുവര്‍ണ്ണ ഹാട്രിക് പൂര്‍ത്തിയാക്കി.
കുശാല്‍ ദലാല്‍, സാഹില്‍ രാജേഷ് യാദവ്, ഗണേഷ് മണി രത്‌നം തിരുമുരു എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് ചൈനയെ പരാജയപ്പെടുത്തിയത്. 238-237 എന്ന ഒരു പോയിന്റ് വ്യത്യാസത്തില്‍ ചൈനയുടെ ജിയാവോ ലിയോ, ജിന്‍യി ലിയു, ജിങ്യു ഷി സഖ്യത്തെ ഇന്ത്യ മറികടക്കുകയായിരുന്നു.
സെമിഫൈനലില്‍ കരുത്തരായ കൊറിയയയുടെ ചോയ് യൂന്‍ ഗ്യു, ചോയ് യോങ്ഹീ, കിം ജോങ്‌ഹോ എന്നിവരടങ്ങിയ ടീമിനെ 236-229 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക് കടന്നത്.
മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ കോമ്പൗണ്ട് മിക്‌സഡ് സഖ്യമായ ചികിത തനിപര്‍ത്തിയും സാഹില്‍ യാദവും കൊറിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു. ഈ വിജയത്തോടെ 2028 ലെ ഒളിമ്പിക്‌സ് യോഗ്യതയും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം പത്തായി. 10 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവുമടക്കം 59 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 149 സ്വര്‍ണവും 66 വെള്ളിയും 54 വെങ്കലവുമടക്കം 269 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. 46 സ്വര്‍ണമടക്കം 191 മെഡലുകളുമായി ആതിഥേയരായ ജപ്പാന്‍ രണ്ടാമതും 24 സ്വര്‍ണമടക്കം 99 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമാണ്.
Content Highlights:
The Indian men’s compound archery team won gold at the Asian Games by edging out China 238-237 in the final. Kushal Dalal, Sahil Rajesh Yadav, and Ganesh Mani Ratnam Tirumuru secured the golden hat-trick for India in compound archery. India’s total gold tally reached ten with this triumph.

