Connect with us

Articles

ഭയം കൂടുന്നു; അറസ്റ്റുകളും

കോടതികളില്‍ നിന്ന് ബി ജെ പിക്ക് നേരിടേണ്ടി വരുന്ന തുടര്‍ച്ചയായ തിരിച്ചടികളെ മറച്ചു വെക്കാനുള്ള ധൃതി പിടിച്ച നീക്കം കൂടിയായിട്ടാണ് കെജ്്രിവാളിന്റെ അറസ്റ്റിനെ പല ദേശീയ മാധ്യമങ്ങളും വിശകലനം ചെയ്തിട്ടുള്ളത്. ഇതേ ഇലക്ടറല്‍ ബോണ്ട് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനായിട്ടാണല്ലോ സി എ എ നടപ്പാക്കാനുള്ള ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ മോദി സര്‍ക്കാര്‍ ധൃതി കാണിച്ചത്.

Published

|

Last Updated

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് രാജ്യം എത്തപ്പെട്ട ഫാസിസ്റ്റ് അധികാര ഭീഷണിയെയാണ് കാണിക്കുന്നത്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷവും ഇ ഡിയുള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ബി ജെ പിയുടെ രാഷ്ട്രീയ ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇലക്ടറല്‍ ബോണ്ടിലൂടെ സഹസ്ര കോടികള്‍ തട്ടിയെടുത്ത ബി ജെ പിയാണ് കള്ളക്കേസുകള്‍ കെട്ടി ചമച്ച് ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്ന ആര്‍ എസ് എസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുള്‍പ്പെടെ ബി ജെ പിക്ക് സുപ്രീം കോടതിയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ തിരിച്ചടികളെ മറച്ചു വെക്കാന്‍ കൂടിയാണ് കെജ്രിവാളിന്റെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തെ തുറുങ്കിലടച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാമെന്നാണ് മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അത്തരം സൂചനകളാണ് നല്‍കുന്നത്. സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് റദ്ദ് ചെയ്തു. ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ എസ് ബി ഐ മുഖേന സമര്‍പ്പിച്ച ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സാന്റിയാഗോ മാര്‍ട്ടിനെ പോലെയുള്ളവരില്‍ നിന്ന് ആയിരത്തിനാനൂറോളം കോടി വാങ്ങിയെടുത്തത് ഇ ഡിയെ ഉപയോഗിച്ച് കൂടിയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വിവരങ്ങള്‍. അതേ ഇ ഡിയെ ഉപയോഗിച്ചാണ് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കെജ്്രിവാളിനെതിരായ കേസും അറസ്റ്റ് നടപടികളും പരിശോധിച്ചാല്‍ ഇത് കൃത്യമായി മനസ്സിലാകും.

രണ്ട് വര്‍ഷ കാലമായി ഇ ഡി അന്വേഷിച്ചിട്ടും ഒരു തെളിവുമില്ലാത്ത ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജ്്രിവാളിനെ അറസ്റ്റ് ചെയ്തത്. ജനാധിപത്യപരമായ എല്ലാ കീഴ് വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ അന്പതാം വകുപ്പ് പ്രകാരം എടുത്ത കേസില്‍ നൂറ് കോടി രൂപ എ എ പിക്ക് ലഭിച്ചു എന്നാണ് ഇ ഡിയുടെ ആരോപണം. രണ്ട് വര്‍ഷമായി ഇ ഡി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ നൂറ് കോടിയില്‍ ഒരു രൂപ പോലും കണ്ടെത്താന്‍ ആയിട്ടില്ല. ഒരു തെളിവുമില്ലാതെയാണ് കെജ്്രിവാളിനെ അറസ്റ്റ് ചെയ്തതെന്നര്‍ഥം. ആം ആദ്മിയുടെ മറ്റൊരു നേതാവും മന്ത്രിയുമായ മനീഷ് സിസോദിയയെയും ഒരു തെളിവുമില്ലാതെയാണ് കള്ളപ്പണം വെളുപ്പിച്ച കുറ്റമാരോപിച്ച് നേരത്തേ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രാഷ്ട്രീയ എതിരാളികളെ പ്രതികാര ബുദ്ധിയോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നത് രാജ്യത്ത് പതിവായി കഴിഞ്ഞിരിക്കുന്നു. കെജ്രിവാളിന്റെ ഇപ്പോഴത്തെ ഈ അറസ്റ്റ് ഭീകരത സൃഷ്ടിക്കുന്ന നടപടികളാണ്. ഇലക്ടറല്‍ ബോണ്ട് ബി ജെ പിയെ കൊണ്ടെത്തിച്ചിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള നീക്കമാണിതെന്ന് ഏതാണ്ടെല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. കോടതികളില്‍ നിന്ന് ബി ജെ പിക്ക് നേരിടേണ്ടി വരുന്ന തുടര്‍ച്ചയായ തിരിച്ചടികളെ മറച്ചു വെക്കാനുള്ള ധൃതി പിടിച്ച നീക്കം കൂടിയായിട്ടാണ് കെജ്്രിവാളിന്റെ അറസ്റ്റിനെ പല ദേശീയ മാധ്യമങ്ങളും വിശകലനം ചെയ്തിട്ടുള്ളത്. ഇതേ ഇലക്ടറല്‍ ബോണ്ട് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനായിട്ടാണല്ലോ സി എ എ നടപ്പാക്കാനുള്ള ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ മോദി സര്‍ക്കാര്‍ ധൃതി കാണിച്ചത്.

സുപ്രീം കോടതിയില്‍ കേരള സംസ്ഥാനമുള്‍പ്പെടെ കൊടുത്തിരിക്കുന്ന ഇരുനൂറിലേറെ ഹരജികള്‍ നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സി എ എ നടപ്പാക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനങ്ങളെ തന്നെ നിഷേധിക്കുന്നതും പൗരത്വത്തെ സംബന്ധിച്ച മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ തള്ളിക്കളയുന്നതുമായ സി എ എ സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് നടപ്പാക്കാന്‍ ചട്ടങ്ങളിറക്കിയത് കോടതിയില്‍ നിന്നുള്ള തിരിച്ചടികളെ ഭയന്നിട്ടാകാം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയെ നിഷേധിക്കുന്ന, മതാധിഷ്ഠിതമായ ഒരു പൗരത്വ നിയമം നിയമപരമായി നിലനില്‍ക്കാന്‍ സാധ്യതയില്ല. കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന കേസുകള്‍ പരിശോധിക്കാനും തീര്‍പ്പ് കല്‍പ്പിക്കാനുമിരിക്കുകയാണ് പരമോന്നത കോടതി. സമൂഹത്തില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ ലാഭം കൈവരിക്കുക എന്ന ഹീന തന്ത്രമാണ് ബി ജെ പിയുടെ അജന്‍ഡ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ ബോണ്ടും പൗരത്വ നിയമവുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമാകും എന്ന് മോദിക്ക് അറിയാം. അതിനെയെല്ലാം മറികടക്കാനുള്ള കൗശലങ്ങള്‍ എന്ന രീതിയിലാണ് കെജ്്രിവാളിനെതിരായ മദ്യനയ കേസ് വന്നിരിക്കുന്നത്.

എതിര്‍ രാഷ്ട്രീയ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രം സാര്‍വത്രികമാക്കുകയാണ് മോദി. കുറച്ചു മുമ്പാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജെ എം എം സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. 4,000 കോടിയുടെ അഴിമതി കേസില്‍ സി ബി ഐ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന മധു കോണ്ട ബി ജെ പിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിനെതിരായ കേസുകള്‍ അവസാനിപ്പിച്ചു. അതുപോലെ അഴിമതി കേസില്‍ അന്വേഷണം നേരിട്ടിരുന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ അശോക് ചവാന്‍ ബി ജെ പിയില്‍ ചേര്‍ന്നതോടെ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചു.

ഇതെല്ലാം കാണിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള തരംതാണ രാഷ്ട്രീയ കളികളെയാണ്. പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയും രാഷ്ട്രീയ അട്ടിമറികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ തന്ത്രങ്ങളാണ് ബി ജെ പി പയറ്റിക്കൊണ്ടിരിക്കുന്നത്.

 

Latest