Connect with us

agriculture

നേന്ത്രക്കായ വില ഉയർന്നിട്ടും ആശ്വസിക്കാനാകാതെ കർഷകർ

കാര്യമായ കായ്ഫലം ലഭിക്കാത്ത സാഹചര്യത്തിൽ വില കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്

Published

|

Last Updated

കോഴിക്കോട് | നേന്ത്രക്കായ വില കുതിച്ചുയരുമ്പോഴും തീരാ നഷ്്ടത്തിൽ കർഷകർ. വിപണിയിൽ രണ്ടാഴ്ച മുമ്പാണ് നേന്ത്രവാഴക്കുലകൾക്ക് വില കൂടിയത്. എന്നാൽ കാര്യമായ കായ്ഫലം ലഭിക്കാത്ത സാഹചര്യത്തിൽ വില കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

നേന്ത്രക്കായക്ക് 38 രൂപയായിരുന്നു രണ്ടാഴ്ച മുമ്പ് വരെ വില. ഇപ്പോൾ 50 രൂപയായി വർധിച്ചിട്ടുണ്ട്. എന്നാൽ തൊഴിലാളികളുടെ കൂലിയും വള പ്രയോഗവും കഴിഞ്ഞാൽ പലർക്കും മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. ഇടക്കിടെയുണ്ടാകുന്ന കാലാവസ്ഥാ വ്യത്യയാനം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ഈ മേഖലയിൽ നശിച്ചത്. പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചാൽ കർഷകർക്ക് കിട്ടുന്നത് തുച്ഛമായ നഷ്്ടപരിഹാരമാണ്. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് പാട്ടത്തുക പോലും ലഭിക്കുന്നില്ല.

വാഴ കർഷകരെ സഹായിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും കർഷകന് യഥാസയമം ലഭിക്കുന്നില്ലെന്ന് വർഷങ്ങളായി വാഴ കൃഷി ചെയ്യുന്ന മാവൂർ സ്വദേശി ജയപ്രകാശ് പറയുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നതിനും മറ്റുമായി കടം വാങ്ങിയും പലിശക്കെടുത്തും കൃഷിയിറക്കിയാൽ മുടക്കുന്ന പണം പോലും തിരികെ ലഭിക്കാത്ത സ്ഥിതിയാണ്. ഇത് തുടർന്നാൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്ന് ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കൂവെന്ന് കർഷകർ പറയുന്നു. പെരുവയൽ പഞ്ചായത്തിലും മാവൂർ പഞ്ചായത്തിലുമാണ് ജില്ലയിൽ വ്യാപകമായ തോതിൽ വാഴ കൃഷി ചെയ്യുന്നത്. കഴിഞ്ഞ മാസങ്ങൽ ഇവിടങ്ങളിലെല്ലാം ദിവസങ്ങളോളം വെള്ളം കെട്ടി നിന്ന് ഏക്കർ കണക്കിന് വാഴകൾ മുഴുവനായി ചീഞ്ഞു പോയ സ്ഥിതിയിലാണ്.

നിലവിൽ തമിഴ്‌നാട്ടിൽ നിന്ന് കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ല. ലോറിക്കണക്കിന് വാഴക്കുലകളാണ് നമ്മുടെ മാർക്കറ്റുകളിൽ തമിഴ്‌നാട്ടിൽ നിന്ന് എത്തുന്നത്. വാഴപ്പഴത്തിൽ നാടൻ കായകൾക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് മധുരവും ഗുണവും കൂടുതൽ. എന്നാൽ വലിപ്പവും നിറവും കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഴപ്പഴങ്ങളാണ് ആളുകൾ കൂടുതലും വാങ്ങുന്നത്. ഇത് നാടൻ കുലകൾക്ക് വിപണിയിൽ ഡിമാൻഡ് കുറയാനിടയാക്കുന്നതായി വ്യാപാരികൾ പറയുന്നു.