National
പീഡനക്കേസിൽ അറസ്റ്റിലായ ആൾദൈവത്തിന്റെ വീട്ടിൽ പ്രധാനമന്ത്രിക്കും ഒബാമയ്ക്കും ഒപ്പമുള്ള വ്യാജ ചിത്രങ്ങൾ; സെക്സ് ടോയിയും കണ്ടെടുത്തു
യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലെ 'സ്ഥിരം അംബാസഡർ', ബി ആർ ഐ സി എസ് കൂട്ടായ്മയുടെ 'പ്രത്യേക പ്രതിനിധി' എന്നിങ്ങനെ രേഖപ്പെടുത്തിയ ബിസിനസ് കാർഡുകളും ഇയാളുട പക്കൽ നിന്ന് പിടിച്ചെടുത്തു.

ഡൽഹി ബാബ എന്നറിയപ്പെട്ടിരുന്ന സ്വയം പ്രഖ്യാപിത ആൾ ദൈവം പാർത്ഥ സാരഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത, ഒബാമക്ക് ഒപ്പമുള്ള വ്യാജ ചിത്രം
ന്യൂഡൽഹി | ഡൽഹിയിലെ വസന്ത് കുഞ്ജ് മേഖലയിലുള്ള ആശ്രമത്തിൽ 17 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ സ്വയം പ്രഖ്യാപിത ആൾദൈവം ‘സ്വാമി ചൈതന്യാനന്ദ സരസ്വതി’ എന്ന പാർഥസാരഥിയുടെ പക്കൽ നിന്ന് മൂന്ന് വ്യാജ ചിത്രങ്ങൾ ഡൽഹി പോലീസ് കണ്ടെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ യു എസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടനിലെ ഒരു രാഷ്ട്രീയ നേതാവ് എന്നിവർക്കൊപ്പം ‘ഡൽഹി ബാബ’ എന്നറിയപ്പെടുന്ന പാർഥസാരഥി പോസ് ചെയ്യുന്ന രീതിയിൽ നിർമിച്ച ചിത്രങ്ങളാണ് കണ്ടെത്തിയത്. ആശ്രമത്തിലെ ഇയാളുടെ മുറിയിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെടുത്തതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലെ ‘സ്ഥിരം അംബാസഡർ’, ബി ആർ ഐ സി എസ് കൂട്ടായ്മയുടെ ‘പ്രത്യേക പ്രതിനിധി’ എന്നിങ്ങനെ രേഖപ്പെടുത്തിയ ബിസിനസ് കാർഡുകളും ഇയാളുട പക്കൽ നിന്ന് പിടിച്ചെടുത്തു. ഇയാളുടെ 8 കോടി രൂപയുടെ ആസ്തി പോലീസ് മരവിപ്പിക്കുകയും ചെയ്തു.
‘സെക്സ് ടോയ്’കളും അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് കരുതുന്ന അഞ്ച് സി ഡികളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വിവാദം പുറത്തുവന്നതിന് ശേഷം ‘ഡൽഹി ബാബ’ അറസ്റ്റ് ഭയന്ന് ഒളിച്ചു താമസിച്ചിരുന്ന ഉത്തരാഖണ്ഡിലെ അൽമോറ, ബാഗേശ്വർ എന്നിവിടങ്ങളിൽ ഒരു പ്രത്യേക പോലീസ് സംഘം സന്ദർശനം നടത്തി.
ഓഗസ്റ്റ് 4 ന് ആദ്യത്തെ പരാതി ലഭിച്ചതുമുതൽ 50 ദിവസമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ആഗ്രയിലെ താജ് ഗഞ്ചിലെ ഒരു ഹോട്ടലിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത്, സ്വകാര്യമായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ പരിസരം നിരീക്ഷിക്കുന്ന സി സി ടി വി ക്യാമറകൾ ആക്സസ് ചെയ്യാൻ കഴിയുന്ന മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ‘ഡയറക്ടർ’ എന്ന് സ്വയം പ്രഖ്യാപിച്ച പാർഥസാരഥി, സ്ത്രീകളെ ആദ്യം പ്രലോഭിപ്പിച്ചും പിന്നീട് മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇയാൾ ലക്ഷ്യമിട്ടിരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ല്യു എസ്) സ്ത്രീകളെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്, ഈ സ്ത്രീകളോ അവരുടെ കുടുംബങ്ങളോ പുറത്ത് പറയില്ലെന്ന് ‘സ്വാമിക്ക്’ അറിയാമായിരുന്നത് കൊണ്ടാകാം ഇത്തരത്തിൽ ചൂഷണം നടത്തിയത് എന്നാണ് പോലീസ് കരുതുന്നത്.
ഇയാളുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മൂന്ന് വനിതാ വാർഡൻമാർ സഹായം നൽകിയതായും റിപ്പോർട്ടുണ്ട്. ഇവർ വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കാമെന്ന് പോലീസ് കരുതുന്നു.
മോശം പെരുമാറ്റം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ 2009-ലും 2016-ലും ഉൾപ്പെടെ മുൻപ് കേസുകളുണ്ട്. ഈ കേസുകളിൽ ഇയാൾ മുമ്പ് അറ്സ്റ്റിലാവുകയും ചെയ്തിരുന്നു.
കേസുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഇരകളിലൊരാളുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ അടുത്ത സഹായിയായ ഹരി സിംഗ് കോപ്കോട്ടിയെയും (38) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.