Connect with us

National

എഞ്ചിനീയറിങ് പരിക്ഷയില്‍ രണ്ട് തവണ തോറ്റു; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പരീക്ഷയില്‍ തോറ്റത് കൊണ്ടാവാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

Published

|

Last Updated

ബെംഗളുരു| എഞ്ചിനീയറിങ് പരീക്ഷയില്‍ രണ്ട് തവണ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലായിരുന്നു സംഭവം. രണ്ടാം വര്‍ഷ ടെലികോം എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കിനിരുന്ന വിദ്യാര്‍ത്ഥിനിയാണ് സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെമസ്റ്റര്‍ പരീക്ഷയില്‍ ആദ്യ തവണ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രണ്ടാമതും പരീക്ഷയെഴുതി. എന്നാല്‍ രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് തുംകൂര്‍ പോലീസ് സൂപ്രണ്ട് അശോക് കെ.വി പറഞ്ഞു. രണ്ട് തവണ പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മനസിലാവുന്നതെന്നും എസ്.പി വിശദീകരിച്ചു.

മുറിയില്‍ ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചു. പിന്നാലെ പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പരീക്ഷയില്‍ തോറ്റത് കൊണ്ടാവാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

Latest