Connect with us

Articles

അരങ്ങിൽ അസാധാരണ നാടകം

യുദ്ധസമാന സാഹചര്യം ഒരുക്കി അനുച്ഛേദം 370 എടുത്തുകളഞ്ഞതിന്റെ ബീഭത്സത ഇന്നും കശ്മീരികളെ വേട്ടയാടുന്നു. വയോധികനായ പാർലിമെന്റംഗം ഫാറൂഖ് അബ്ദുല്ല അടക്കമുള്ള ബി ജെ പി ഇതര രാഷ്ട്രീയ നേതാക്കളെ രായ്ക്കുരാമാനം മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയും രണ്ടാംനിര രാഷ്ട്രീയ നേതാക്കളെയും സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെയും പ്രമുഖ അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തും ഇന്റർനെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തിയും പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുമായിരുന്നു ആ നടപടി.

Published

|

Last Updated

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ജമ്മു കശ്മീരിലെ ഒരു റോഡിൽ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗുൽമാർഗിലായിരുന്നു ഈ കളി. കശ്മീർ ഏറെ മാറിയെന്നും സച്ചിനെ പോലെയുള്ള സെലിബ്രിറ്റിക്ക് റോഡിൽ പോലും കളിക്കാൻ സാധിക്കുന്ന തരത്തിൽ “സാധാരണ നില’ കൈവരിച്ചെന്നുമുള്ള പ്രചാരണത്തിന് ശക്തിപകരാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു വീഡിയോ. രണ്ടാം മോദി സർക്കാറിന്റെ അതിവേഗ ഹിന്ദുത്വ നയപരിപാടികളിൽപ്പെട്ട ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കൽ നടപ്പാക്കിയതിന് ശേഷമാണ് ഇത്തരം “സാധാരണ നില’ കൈവരിക്കൽ നാടകങ്ങൾ അവിടെ അരങ്ങേറുന്നത്.

വിശിഷ്ട പദവി

രണ്ടാം മോദി സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം വിശിഷ്ട പദവി റദ്ദാക്കുകയും ജമ്മു കശ്മീരിൽ നിന്ന് ലഡാക്കിനെ അടർത്തിമാറ്റി രണ്ടിനെയും വ്യത്യസ്ത കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തു. അതിനു ശേഷം പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ടായിട്ടില്ല. കഴിഞ്ഞ ജനുവരിയോടെ 4,892 പഞ്ചായത്ത് സമിതികളുടെ കാലാവധി കഴിഞ്ഞു. ആകെ നടന്നത് ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പായിരുന്നു. മണ്ഡല പുനഃക്രമീകരണവും വോട്ടർ പട്ടിക പരിഷ്‌കരണവും പൂർത്തിയാക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലടക്കം പറഞ്ഞിരുന്നു. എന്നാൽ, ഇവ രണ്ടും പൂർത്തിയായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം പോലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടില്ല. ഒരുപക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം നോക്കി നിയമസഭാ തിരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനായിരിക്കും നീക്കം.
ജമ്മു കശ്മീരിൽ അഞ്ചും ലഡാക്കിൽ ഒന്നും പാർലിമെന്റ്സീറ്റുകളിലേക്കാണ് അഞ്ച് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ മൂന്ന് വീതം സീറ്റുകൾ നാഷനൽ കോൺഫറൻസും ബി ജെ പിയുമാണ് നേടിയത്. ബാരാമുല്ല, ശ്രീനഗർ, അനന്ത്‌നാഗ് എന്നിവ എൻ സി നേടിയപ്പോൾ ജമ്മു, ഉധംപൂർ, ലഡാക്ക് എന്നിവിടങ്ങളിൽ താമര വിരിഞ്ഞു. മേഖലയിലെ പ്രധാന കക്ഷികളായ നാഷനൽ കോൺഫറൻസും പി ഡി പിയും കോൺഗ്രസ്സിനൊപ്പം ഇന്ത്യ മുന്നണിയിലുണ്ട്. എൻ സി നേരത്തേ യു പി എ സഖ്യത്തിലുണ്ടായിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പിക്കൊപ്പം ചേർന്നാണ് പി ഡി പി സർക്കാർ രൂപവത്കരിച്ചത്. ഏതാണ്ട്, അവിലും കഞ്ഞി പരുവമായിരുന്നു സഖ്യം. കാലാവധി തികക്കുന്നതിന് മുമ്പ് ബി ജെ പി സഖ്യത്തിൽ നിന്ന് പിൻമാറുകയും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയും ചെയ്തു. അതിനു ശേഷമാണ് സവിശേഷ പദവി എടുത്തുകളയുന്നത്.

അടച്ചിടൽ

യുദ്ധസമാന സാഹചര്യം ഒരുക്കി അനുച്ഛേദം 370 എടുത്തുകളഞ്ഞതിന്റെ ബീഭത്സത ഇന്നും കശ്മീരികളെ വേട്ടയാടുന്നു. വയോധികനായ പാർലിമെന്റംഗം ഫാറൂഖ് അബ്ദുല്ല അടക്കമുള്ള ബി ജെ പി ഇതര രാഷ്ട്രീയ നേതാക്കളെ രായ്ക്കുരാമാനം മാസങ്ങളോളം വീട്ടുതടങ്കലിലാക്കിയും രണ്ടാംനിര രാഷ്ട്രീയ നേതാക്കളെയും സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെയും പ്രമുഖ അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തും ഇന്റർനെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തിയും പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുമായിരുന്നു ആ നടപടി. ഈ നില മാസങ്ങളോളം തുടർന്നു. കൊവിഡിന്റെ മൂർധന്യത്തിൽ പോലും ഇന്റർനെറ്റ് പൂർണമായും അനുവദിക്കാത്തത് ആരോഗ്യസംവിധാനങ്ങൾക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി വളരെ സാവധാനം എടുത്തുകളഞ്ഞെങ്കിലും പൂർണ സംസ്ഥാന പദവി, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. കശ്മീർ ഭൂമി കോർപറേറ്റുകൾക്ക് മുന്നിൽ തുറന്നുവെന്നതാണ് ഈ നടപടികളുടെ പ്രധാന ഫലം.
വിശിഷ്ട പദവി എടുത്തുകളഞ്ഞതിന് ശേഷം 2020ൽ നടന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ എൻ സി നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഏഴ് പാർട്ടികൾ ചേർന്ന് ഗുപ്കർ എന്ന പേരിൽ സഖ്യമായാണ് മത്സരിച്ചത്. ഗുപ്കർ സഖ്യം 110 സീറ്റുകളിൽ വിജയിച്ചപ്പോൾ ബി ജെ പി 75 സീറ്റ് നേടി. 50 സ്വതന്ത്രരും ജയിച്ചിരുന്നു. കോൺഗ്രസ്സിന് 26ഉം പി ഡി പിയിലെ മുൻ നേതാക്കൾ രൂപവത്കരിച്ച അപ്‌നി പാർട്ടിക്ക് 12ഉം പി ഡി എഫിനും നാഷനൽ പാന്ഥേഴ്‌സ് പാർട്ടിക്കും രണ്ട് വീതവും ബി എസ് പിക്ക് ഒന്നും സീറ്റ് ലഭിച്ചു. മേഖലയിൽ നടന്ന സമീപകാല തിരഞ്ഞെടുപ്പ് ചിത്രമാണിത്.

മൂന്നാം മുന്നണി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും ബി ജെ പിക്കും പുറമെ മൂന്നാം മുന്നണി കൂടി മത്സരിക്കുന്നുണ്ട്. കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് പ്രോഗസ്സീവ് ആസാദ് പാർട്ടി (ഡി പി എ പി)യാണ് മൂന്നാം മുന്നണിയെ നയിക്കുന്നത്. മുൻ പി ഡി പിക്കാരനായ അൽതാഫ് ബുഖാരിയുടെ അപ്‌നി പാർട്ടിയും സജ്ജാദ് ലോണിന്റെ പീപിൾസ് കോൺഫറൻസും മുന്നണിയിലുണ്ട്. മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാമെന്നല്ലാതെ ഈ മുന്നണി കൊണ്ട് അതിനകത്തെ പാർട്ടികൾക്ക് തന്നെ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. ഗുണഭോക്താവ് ബി ജെ പിയായിരിക്കും.

ചേരുവകൾ

സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം കൂടുതൽ നേടുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ അതിൽ തിളങ്ങാനും വേണ്ട ചേരുവകൾ ബി ജെ പി തയ്യാറാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുതലേന്ന് കശ്മീരിൽ കൊണ്ടുവന്ന സംവരണ മാറ്റം അതിൽ പ്രധാനമാണ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള പഹാഡി സമുദായത്തിന് പട്ടിക ജാതി പദവി നൽകിയതിനൊപ്പം മുൻകാല പ്രാബല്യത്തോടെ നാല് ശതമാനം സംവരണം നൽകുകയും ചെയ്തു. മറ്റ് മൂന്ന് വിഭാഗങ്ങളെ കൂടി പട്ടികജാതിയിൽ പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഒ ബി സിയിൽ 15 വിഭാഗങ്ങളെയും ഉൾപ്പെടുത്തി. ഒ ബി സി സംവരണം നാല് ശതമാനത്തിൽ നിന്ന് എട്ടാക്കി ഉയർത്തി. മുസ്‌ലിം ഭൂരിപക്ഷമുള്ള രജൗറി, പൂഞ്ച് ജില്ലകൾ ഉൾപ്പെടുന്ന പീർ പാഞ്ചൽ മേഖലയിൽ പഹാഡി പ്രീണനം ബി ജെ പിക്ക് അനുകൂലമാകും. പീർ പാഞ്ചലിലെ എട്ടിൽ ഏഴ് വിഭാഗങ്ങളിലും പഹാഡിയാണ് ഭൂരിപക്ഷം. ഈ ഏഴിൽ ആറ് വിഭാഗങ്ങളും അനന്ത്‌നാഗ്- രജൗറി ലോക്‌സഭാ മണ്ഡലത്തിലുമാണ്. ഒ ബി സി ക്വാട്ടയിൽ വരുത്തിയ മാറ്റം ഉധംപൂർ ലോക്‌സഭാ മണ്ഡലത്തിൽ പ്രതിഫലിക്കുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.

അതേസമയം, ഉധംപൂരിൽ ബി ജെ പിക്ക് കനത്ത തിരിച്ചടിയായി മുൻ മന്ത്രി ചൗധരി ലാൽ സിംഗ് കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. നേരത്തേ, ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട് ചൗധരി ലാൽ. പിന്നീട് ബി ജെ പിയിലെത്തുകയായിരുന്നു. എന്നാൽ, കോൺഗ്രസ്സ് പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കുന്ന തരത്തിലാണ് ചൗധരിക്ക് സീറ്റ് നൽകിയതെന്നത് വേറെ കാര്യം. കത്വ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് വേണ്ടി റാലി നടത്തി മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് ചൗധരി. ഇത് മുസ്‌ലിം വോട്ടുകളിലും പ്രതിഫലിക്കും.

Latest