Connect with us

ep jayarajan

തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ എല്ലാം വി ഡി സതീശന് സൗജന്യമായി നല്‍കാന്‍ തയ്യാറെന്ന് ഇ പി ജയരാജന്‍

വ്യാജ വാര്‍ത്ത നല്‍കിയ 24 ന്യൂസിനെതിരെ കേസുകൊടുക്കും

Published

|

Last Updated

കണ്ണൂര്‍ | തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളി.രാജീവ് ചന്ദ്രശേഖറിനെ പത്രത്തില്‍ പടം കണ്ട പരിചയം മാത്രം. ഫോണിലും സംസാരിച്ചിട്ടില്ല.

തനിക്ക് ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ സതീശന് സൗജന്യമായി കൊടുക്കാന്‍ തയ്യാറാണ്. ഭാര്യക്ക് ബിസിനസ് ഉണ്ടെങ്കില്‍ അതു സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുക്കാം. മുദ്രവുമായി സതശന്‍ വന്നാല്‍ ഒപ്പിട്ടുകൊടുക്കാം. വി ഡി സതീശന്‍ കള്ളപ്പണം കൈപ്പറ്റി എന്ന ആരോപണം പി വി അന്‍വര്‍ ഉന്നയിച്ചിട്ടും മിണ്ടിയില്ല. കള്ളപ്പണവും ബിസിനസുമെല്ലാം സതീശനാണ് ഉള്ളതെന്നും ഇ പി പറഞ്ഞു.

തനിക്ക് ഗള്‍ഫില്‍ വന്‍ ബിസിനസ് ഉണ്ടെന്നു വാര്‍ത്ത നല്‍കിയ 24 ന്യൂസിന് എതിരെ സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കും. ഇത് പണം കൊടുത്ത് ചെയ്യിച്ച വാര്‍ത്തയാണ്. ഇക്കാര്യത്തില്‍ ഡി ജി പിക്ക് പരാതി നല്‍കി.അതില്‍ നടപടി വരാന്‍ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവര്‍ ഗൂഢാലോചന നടത്തിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. പത്മജവേണുഗോപാലിനെ താന്‍ ക്ഷണിച്ചെങ്കില്‍ അവര്‍ സി പി എമ്മിലായിരുന്നു വരേണ്ടത്.

ബി ജെ പി സ്ഥാനാര്‍ഥികള്‍ മികച്ചത് എന്ന് പറഞ്ഞത് ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്. കേന്ദ്രമന്ത്രിമാരെ ബി ജെ പി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. കേരളത്തില്‍ മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest