Kerala
വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ഇന്നലെ മാത്രം ഉപയോഗിച്ചത് 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി
നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബി തീവ്രശ്രമത്തിലാണ്.
തിരുവനന്തപുരം| സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് ഉപഭോഗം സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതിനു പുറമെ, വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയും ആദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലെത്തി.
ഉപഭോഗം ഈ രീതിയില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പവര്‍കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബി തീവ്രശ്രമത്തിലാണ്.
രാത്രികാലത്തെ ആവശ്യകത 300 മെഗാവാട്ട് കൂടി വര്‍ദ്ധിച്ചാല്‍, വൈദ്യുതി വിതരണ ശൃംഖലയുടെ തകരാര്‍ ഒഴിവാക്കാന്‍ പത്തു മുതല്‍ പതിനഞ്ച് മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വലിയ അളവില്‍ വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ലഭ്യത കുറയുന്നത് വെല്ലുവിളിയാകുന്നുണ്ട്.




