Connect with us

Kerala

മാസപ്പടി കേസ്: വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നു

Published

|

Last Updated

കൊച്ചി| സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണ ടിയ്ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)സമന്‍സ്. ബുധനാഴ്ച രാവിലെ 10.30ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.

സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. സിഎംആര്‍എല്‍ എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ തുടങ്ങിയ ഒമ്പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Content Highlights:
The Enforcement Directorate has issued a fresh summons to Exalogic MD Veena Vijayan. She has been asked to appear for questioning this Wednesday regarding financial transactions with CMRL. The probe focuses on money laundering allegations involving over 132 crore rupees based on SFIO findings.

 

Latest