From the print
സാന്പത്തിക പ്രതിസന്ധി; പട്ടിക- പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളിൽ കടുംവെട്ട്
പകുതിയിലധികം വിദ്യാർഥികൾക്കും ആനുകൂല്യം നഷ്ടമാകും
തിരുവനന്തപുരം | രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പട്ടിക- പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളിൽ കത്തിവെച്ച് സംസ്ഥാന സർക്കാർ. പട്ടികജാതി വിഭാഗത്തിനുള്ള സഹായ പദ്ധതികൾക്ക് നീക്കിവെച്ചിരുന്ന 1,370 കോടി രൂപയിൽ അഞ്ഞൂറ് കോടി വെട്ടിക്കുറച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് തുക നേരത്തേ പകുതിയാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വകുപ്പുകൾക്ക് അനുവദിച്ച പദ്ധതി വിഹിതം പകുതിയാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പട്ടിക-പിന്നാക്ക വിഭാഗങ്ങളിലും വിദ്യാർഥികളുടെ ആനുകൂല്യങ്ങളിൽ കടുംവെട്ട് നടത്തിയത്. സ്‌കോളർഷിപ്പ് ഉൾപ്പെടെ വെട്ടിക്കുറച്ച നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
60% വരെ കുറവ്
പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികളിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയത്. വിദ്യാഭ്യാസ സഹായ പദ്ധതി, ലൈഫ് മിഷനിൽ വീടും ഭൂമിയും നൽകുന്ന പദ്ധതി തുടങ്ങിയവയിലെ വിഹിതമാണ് പ്രധാനമായും കുറച്ചത്.
ലൈഫ് ഭവനപദ്ധതിക്ക് മുന്നൂറ് കോടി വകയിരുത്തിയത് 120 കോടിയാക്കി ചുരുക്കി.
ഭാഗികമായി നിർമിച്ച വീടുകൾ പൂർത്തിയാക്കാൻ വകയിരുത്തിയിരുന്ന 222.06 കോടി 173.06 കോടിയാക്കി.
ലൈഫ് ഭവന പദ്ധതി വഴി വീടുവെക്കുന്നതിന് ഭൂമി വാങ്ങാൻ അനുവദിച്ചിരുന്ന 170 കോടി 70.25 കോടിയാക്കി.
ഹൗസിംഗ് ബോർഡ് വഴി നടപ്പാക്കുന്ന എം എൻ സ്മാരക ലക്ഷം വീട് പദ്ധതിക്ക് നീക്കിവെച്ച മൂന്ന് കോടി രൂപയിൽ രണ്ട് കോടി വെട്ടി ഒരുകോടി രൂപയാക്കി.
പട്ടികജാതി പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ വാത്സല്യ നിധിക്ക് പത്ത് കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും നൽകിയിട്ടില്ല.
പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതി വെട്ടിക്കുറച്ചതിലൂടെ ഏകദേശം അഞ്ഞൂറ് കോടിയിലധികം രൂപ ലാഭിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സ്കോളർഷിപ്പ് പകുതിയായി
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പകുതിയാക്കിയാണ് വെട്ടിക്കുറച്ചത്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, സിവിൽ സർവീസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ്, വിദേശത്ത് പഠിക്കാനുള്ള സ്‌കോളർഷിപ്പ്, ഐ ഐ ടി- ഐ ഐ എം സ്‌കോളർഷിപ്പ്, സി എ- ഐ സി ഡബ്ല്യൂ എ/ സി എസ് സ്‌കോളർഷിപ്പ്, യു ജി സി നെറ്റ്, ഐ ടി സി ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്, മദർ തെരേസ സ്‌കോളർഷിപ്പ്, എ പി ജെ അബ്ദുൽകലാം സ്‌കോളർഷിപ്പ് തുടങ്ങിയവയിലെ ഫണ്ടിലാണ് കടുംവെട്ട്. ഇതോടെ പകുതിയോളം വിദ്യാർഥികൾ സ്‌കോളർഷിപ്പിൽ നിന്ന് പുറത്താകും.
87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്‌കോളർഷിപ്പ് നൽകാൻ 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരുന്നുവെങ്കിലും സാമ്പത്തിക വർഷം തീരാൻ രണ്ട് മാസം മാത്രം ശേഷിക്കെ ചെലവഴിച്ചത് കേവലം 1.39 ശതമാനം തുക മാത്രമാണ്.
സി എ/ ഐ സി ഡബ്ല്യു എ കോഴ്‌സ് ചെയ്യുന്നവർക്ക് 97 ലക്ഷം രൂപ സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല. മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവർക്ക് അനുവദിച്ച 82 ലക്ഷം രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കരിയർ ഗൈഡൻസിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളർഷിപ്പിന് 20 കോടി, നഴ്‌സിംഗ് പാരാ മെഡിക്കൽ കോഴ്‌സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.



