ഫീച്ചർ
പരിസ്ഥിതി തൊട്ടറിഞ്ഞ്, രാജ്യങ്ങൾ കടന്ന്...
പ്രകൃതിയെ സ്നേഹിച്ച, അതിന്റെ സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പരിസ്ഥിതി - കൃഷി സെമിനാറുകളിലും സംവാദങ്ങളിലും അബു കുമ്മാളി പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോ പീസ് മിഡിൽ ഈസ്റ്റിന്റെ ക്ഷണപ്രകാരം വിവിധ രാജ്യങ്ങളിൽ പരിസ്ഥിതി കോൺഫറൻസുകളിൽ പങ്കെടുത്ത് പ്രകൃതി പാഠങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കുന്നു.
കുട്ടിക്കാലത്ത് മനസ്സിൽ താലോലിച്ച പരിസ്ഥിതി – കൃഷി സ്നേഹവും അതിനായുള്ള പ്രവർത്തനങ്ങളും ഡോ. അബു കുമ്മാളിയെ ഇന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗവേഷകനും പ്രഭാഷകനും എഴുത്തുകാരനുമാക്കി. പരിസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന അജയ്യനായ പോരാളിയായ ഇദ്ദേഹം നാടും കടന്ന് രാജ്യവും വിട്ട് സഞ്ചരിക്കുകയാണിപ്പോൾ . മലപ്പുറം ജില്ലയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം ചേലേമ്പ്ര പഞ്ചായത്തിലെ പനയപ്പുറം കുമ്മാളി കോയ ഹാജിയുടെയും ഫാത്വിമക്കുട്ടി ഹജ്ജുമ്മയുടെയും മകനായ ഈ 56 കാരൻ തന്റെ സഞ്ചാരം തുടരുകയാണ്.
കൗമാര കാലത്ത് തന്നെ അബുവിന് പരിസ്ഥിതി – കൃഷി പരിപാലന കാര്യങ്ങളിൽ അതീവ താത്പര്യമായിരുന്നു. ചെറുപ്പത്തിൽ വീട്ടിൽ നിന്ന് മത്സ്യം വാങ്ങാൻ പറഞ്ഞയച്ച അഞ്ച് രൂപ കൊണ്ട് കുടംപുളിയുടെ രണ്ട് തൈകളും ഒരു തെങ്ങിൻ തൈയും വാങ്ങിയതും അതിന്റെ പേരിൽ വീട്ടുകാർ ശകാരിച്ചതും ഇന്നും മനസ്സിൽ മായാത്ത ഓർമ. അന്ന് കുഴിച്ചിട്ട കുടംപുളി മരം ഇതിനൊക്കെ സാക്ഷിയായി ഇന്നും പറമ്പിൽ തലയുയർത്തി നിൽക്കുന്നു.
ചെറുപ്പത്തിൽ തന്നെ മഹാഗണി, മട്ടി, അക്കേഷ്യ, തേക്ക് തുടങ്ങിയവയുടെ തൈകൾ കൊണ്ടുവന്ന് സ്വന്തം പറമ്പിലും അടുത്തുള്ള മറ്റുള്ളവരുടെ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലും കുഴിച്ചിടുമായിരുന്നു. ഇപ്പോഴും അയൽവാസികളുടെ ഭൂമികളിൽ അന്ന് നട്ട മരങ്ങൾ വലിയ വൃക്ഷങ്ങളായി നിൽക്കുന്നത് കാണാം. കുട്ടിക്കാലത്ത് ഇഞ്ചി, മഞ്ഞൾ, തണ്ണിമത്തൻ, വെള്ളരി, കപ്പ, കൊക്കൊ തുടങ്ങിയവ നന്നായി കൃഷി ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കരിമ്പ് കൃഷി ചെയ്തിരുന്നു. യഥേഷ്ടം കരിമ്പ് ഉണ്ടാകുകയും അവ ചെറിയ കഷ്ണങ്ങളാക്കി സ്‌കൂളിലും വൈകുന്നേരം ഉത്സവസ്ഥലങ്ങളിലും കൊണ്ടുപോയി അഞ്ച് പൈസക്ക് വിറ്റതും ഓർക്കുന്നു.
ചെറുപ്പത്തിൽ കൃഷിയോട് കാണിച്ച ഇഷ്ടവും യാത്രാ പ്രിയവും അബുവിനെ ഈ രംഗത്ത് വേരുറപ്പിക്കുകയായിരുന്നു. പിന്നീട് കേരളത്തിനകത്തും പുറത്തും എന്നല്ല വിവിധ രാജ്യങ്ങളിൽ വരേ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും കൃഷിഗവേഷകനുമായി മാറാൻ ഇവ കാരണമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പരിസ്ഥിതി – കൃഷി സെമിനാറുകളിലും സംവാദങ്ങളിലും ഇദ്ദേഹം പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോ പീസ് മിഡിൽ ഈസ്റ്റിന്റെ ക്ഷണപ്രകാരം വിവിധ രാജ്യങ്ങളിൽ പരിസ്ഥിതി കോൺഫറൻസുകളിൽ പങ്കെടുക്കാറുണ്ട്. ആകാശവാണിയിൽ ഉൾപ്പെടെ പല പ്രഭാഷണങ്ങളും ചർച്ചകളും നടത്തിയിട്ടുണ്ട്. കമ്പോഡിയ, തുർക്കി, സുഡാൻ, യമൻ, തായ്‌ലൻഡ്, മലേഷ്യ, യു എ ഇ, സഊദി , ശ്രീലങ്ക, ബഹ്്റൈൻ, എത്യോപ്യ, ഈജിപ്ത്, വിയറ്റ്നാം, ലാവോസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്തമാൻ തുടങ്ങിയ സ്ഥലങ്ങളിലും ഈ വിഷയകമായി സഞ്ചാരം നടത്തിയിട്ടുണ്ട്.
ആഫ്രിക്കയിലെ റുവാണ്ടയിൽ നടന്ന ആറാമത് വേൾഡ് അഗ്രോഫോറസ്റ്റ് കോൺഗ്രസ്സിൽ കാർഷിക വനവത്കരണത്തിന് കേരളത്തിൽ നിന്ന് ഒരു മാതൃക എന്ന വിഷയത്തിലാണ് ഇദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്.
തായ്‌ലൻഡിൽ നടന്ന കോൺഫറൻസിൽ തായ്്ലാൻഡിലെ കൃഷിരീതികൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ലക്ഷദീപിൽ നടന്ന പരിപാടിയിൽ തെങ്ങ് കൃഷിയുടെ അനന്ത സാധ്യതകൾ എന്ന വിഷയം അവതരിപ്പിച്ചു. ലോക രാജ്യങ്ങളിലെ പ്രഗത്ഭ പരിസ്ഥിതി – കൃഷിപ്രവർത്തകർ പങ്കെടുക്കുന്ന പരിപാടികളിൽ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. മലേഷ്യയിൽ വ്യാപകമായി കാണുന്ന ഏറ്റവും ഔഷധ ഗുണവും വലിയ വിലയുമുള്ള പഴമാണ് ദുരിയാൻ.
കേരളത്തിലെ ചക്കക്ക് സമാനമായ ഒരു തരം പഴമാണിത്. എന്നാൽ കേരളത്തിൽ ഇത് വ്യാപകമായി കൃഷിയില്ല. കേരളത്തിൽ ഇതിന്റെ കൃഷി വിജയിക്കാത്തതാണ് കാരണം. ഇവിടെ ഇത് കൃഷി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് സതേൺ ഇന്ത്യ ഫാർമേഴ്സ് ഫോറം തിരുവനന്തപുരം അയ്യങ്കാളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്ത് വരേ പരിചയമില്ലാതിരുന്ന വിയറ്റ്നാം പ്ലാവ് ഇന്ന് കേരളത്തിൽ സുലഭമാണ്. ഈ ഒരനുഭവം ദുരിയാൻ കൃഷിക്കും പ്രാവർത്തികമാക്കാമെന്നാണ് അബു പറയുന്നത്. മന്ത്രിമാർ, എം പി മാർ, ഉയർന്ന ഉദ്യോഗസ്ഥർ, ഉന്നത മത – രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായെല്ലാം പരിസ്ഥിതി – കൃഷി വിഷയങ്ങളിൽ സംവദിച്ച് ചർച്ചകൾ നടത്താറുണ്ട്.
കൊറോണ കാലത്ത് നിസ്തുലമായ സേവനമാണ് ഇദ്ദേഹം ചെയ്തത്. അന്ന് ആന്ധ്രയിൽനിന്ന് നിറയെ വിലപിടിപ്പുള്ള വിവിധ തരം വൃക്ഷത്തൈകളുമായി സംസ്ഥാനത്തെത്തിയ ലോറി ഫറോക്കിൽ പോലീസ് തടഞ്ഞു. കാസർകോട് ഭാഗത്തേക്കുള്ള തൈകളായിരുന്നു അത്. ആന്ധ്രയിൽ നിന്ന് ഇവിടെ വരേ ഒരു തടസ്സവുമില്ലാതെ എത്തിയെങ്കിലും ഫറോക്കിൽ നിന്ന് ലോറി മുന്നോട്ട് നീങ്ങാൻ പോലീസ് അനുവദിച്ചില്ല. തൈകൾ ഉണങ്ങിനശിക്കുമെന്ന അവസ്ഥ വന്നു. ഉടനെ ഇദ്ദേഹം ഇടപെട്ട് ലോറി തന്റെ നാട്ടിലേക്കെത്തിച്ചു.
വിലക്കുറവുള്ള തൈകൾ സൗജന്യമായും വലിയ വില വരുന്നവ കുറഞ്ഞ തുകക്കും നാട്ടുകാർക്ക് നൽകി പരിഹാരം കണ്ടു. വിവിധ സംഘടനകൾ, സ്‌കൂളുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പരിപാടികളിൽ ഇദ്ദേഹം സ്ഥിരമായി ക്ലാസ്സ് എടുത്തുവരുന്നു.
അദ്ദേഹത്തിന്റെ വീടിന്റെ പരിസരം തന്നെ വിവിധ ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ്. 17 ഇനം മാവ്, അഞ്ച് ഇനം റന്പുട്ടാൻ, പലതരം പ്ലാവുകൾ തുടങ്ങിയവ ഇവിടെ യഥേഷ്ടം കാണാം.
കൃഷിയെക്കുറിച്ച് ക്ലാസ്സെടുക്കുക മാത്രമല്ല വിവിധ സ്‌കൂളുകൾക്കും സംഘടനകൾക്കും കഴിവിന്റെ പരമാവധി ഇദ്ദേഹം തൈകൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. സേവനങ്ങളെ പരിഗണിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ അബു പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. തന്റെ ഗ്രന്ഥങ്ങൾ എല്ലാ വിഭാഗം ആളുകളും വായിക്കണമെന്ന നിർബന്ധമുള്ളതിനാൽ വിവിധ തുറകളിൽപ്പെട്ട ആളുകളിലേക്കെല്ലാം ഇദ്ദേഹം പുസ്തകം എത്തിക്കുന്നു.
ഇദ്ദേഹം തന്റെ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ യാത്രകളുടെ വിവരണമാണ് സഞ്ചാരപഥം എന്ന പുസ്തകം. താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവിടുത്തെ ജനങ്ങളുടെ ജീവിതവും സംസ്കാരവും തൊഴിൽമേഖലയുമെല്ലാം അനുഭവത്തിലൂടെ ഈ കൃതിയിൽ ഇദ്ദേഹം വിവരിക്കുന്നു.
Content Highlights:
Dr. Abu Kummali from Chelembra has emerged as a globally recognized environmentalist and agricultural researcher. Having presented papers at international conferences like the World Agroforestry Congress, he actively promotes environmental conservation and sustainable farming methods.




