Editorial
പാശ്ചാത്യ സംസ്‌കാരത്തിന് പരവതാനി വിരിക്കരുത്
വിവാഹിതരുടെ ലിവ് ഇന്‍ ബന്ധത്തെ വ്യക്തിപരമെന്ന് വ്യാഖ്യാനിച്ച് നിസ്സാരവത്കരിക്കുന്ന ന്യായാധിപന്മാര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടത് അടുത്ത തലമുറയാണെന്ന വസ്തുത അറിയാതെ പോകുകയോ അതിനു നേരെ കണ്ണടക്കുകയോ ആണ്.
വിവാഹിതരുടെ ലിവ് ഇന്‍ ബന്ധത്തില്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്നുണ്ടായ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് നിരീക്ഷണങ്ങള്‍ നിയമവൃത്തങ്ങളില്‍ സജീവ ചര്‍ച്ചക്കും വിവാദത്തിനുമിടയാക്കിയിരിക്കുകയാണ്. വിവാഹിതനായ ഒരു വ്യക്തിക്ക് ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ നിയമപരമായി വിവാഹമോചനം നേടാതെ ലിവിംഗ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവാദമില്ലെന്നും ഇത് നിയമപരമായി അംഗീകരിക്കാനാകില്ലെന്നുമുള്ള സിംഗിള്‍ ബഞ്ചിന്റെ വിധിപ്രസ്താവമാണ് ഹൈക്കോടതിയില്‍ നിന്ന് ആദ്യം വന്നത്. മാര്‍ച്ച് 20ന് ജസ്റ്റിസ് വിവേക് കുമാര്‍ സിംഗാണ് ഈ വിധിപ്രസ്താവം നടത്തിയത്. അതേസമയം പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ലിവിംഗ് ഇന്‍ ബന്ധം നിയമപരമാണെന്നും കുറ്റകരമല്ലെന്നും ആയിരുന്നു മാര്‍ച്ച് 25ന് മറ്റൊരു കേസില്‍ ജസ്റ്റിസ് തരുണ്‍ സക്സേന, ജസ്റ്റിസ് ജെ ജെ മുനീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.
രണ്ട് വിഭാഗത്തിനും ന്യായങ്ങളുണ്ട്. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും പരസ്പരസമ്മതത്തോടെ ഒന്നിച്ചു താമസിക്കുന്നത് അവരുടെ സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. നിയമത്തിന് ഇതില്‍ ഇടപെടാന്‍ അവകാശമില്ലെന്നാണ് ഡിവിഷന്‍ ബഞ്ചിന്റെ ന്യായീകരണം. സദാചാരവും നിയമവും രണ്ടാണെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് നിലവിലുള്ള ജീവിത പങ്കാളിയുടെ നിയമപരമായ അവകാശങ്ങളെ ലംഘിക്കുന്നതാകരുത്. തന്റെ പങ്കാളിയോടൊപ്പം ജീവിക്കാനുള്ള പുരുഷന്റെയോ സ്ത്രീയുടെയോ അവകാശത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇല്ലാതാക്കാനാകില്ലെന്നാണ് ജസ്റ്റിസ് വിവേക് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബഞ്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാട്.
സമഗ്രവും സൂക്ഷ്മവുമായി വിലയിരുത്തുമ്പോള്‍ സിംഗിള്‍ ബഞ്ചിന്റെ നിലപാടാണ് ശരിയെന്ന് കാണാനാകും. രണ്ട് വ്യക്തികളുടെ സ്വകാര്യ കരാറല്ല വിവാഹം. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബ സംസ്ഥാപനത്തിന്റെ തുടക്കമാണത്. കുടുംബത്തിന്റെ അടിത്തറയും കുട്ടികളുടെ സുരക്ഷക്കുള്ള കരാറും സമൂഹത്തിന്റെ സ്ഥിരതയുടെ അടയാളമാണ്. ഈ ബന്ധത്തിനിടയിലേക്ക് ലിവിംഗ് ഇന്‍ ബന്ധത്തിലൂടെ ഒരു മൂന്നാം കക്ഷി കടന്നുവരുന്നത് നിലവിലുള്ള കുടുംബത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് മാത്രമല്ല, പങ്കാളിയോടും കുട്ടികളോടും ചെയ്യുന്ന കടുത്ത അനീതിയും വഞ്ചനയും കൂടിയാണ്. സഹവാസത്തിനുള്ള അവകാശം, സാമ്പത്തിക സുരക്ഷ, മാനസിക സംരക്ഷണം തുടങ്ങി ഇണയുടെ അവകാശങ്ങളെ ഇത് സാരമായി ബാധിക്കും. നിയമപരമായ വിവാഹം നിലനില്‍ക്കെ ലിവ് ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കുന്നത് അരാജകത്വത്തിന് വഴി തുറക്കുമെന്ന സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണത്തിന് അടിവരയിടേണ്ടതാണ്.
കുടുംബ ഭദ്രത ഒരു വൈകാരിക വിഷയമല്ല; രാജ്യത്തിന്റെ സുസ്ഥിരമായ വികസനത്തിന്റെ അടിത്തറയാണ്. വിവാഹത്തിനു പുറത്തുള്ള സമാന്തര ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിലൂടെ മാത്രമേ മൂല്യാധിഷ്ഠിതമായ കുടുംബ വ്യവസ്ഥ നിലനിര്‍ത്താനാകുകയുള്ളൂ. കുടുംബത്തിന്റെ കെട്ടുറപ്പിനും ദുര്‍ബലമായ കുടുംബങ്ങളുടെ പരിരക്ഷക്കുമായിരിക്കണം നിയമവ്യവസ്ഥ ഊന്നല്‍ നല്‍കേണ്ടത്. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന പ്രവണതക്ക് ഒരിക്കലും കൂട്ടുനില്‍ക്കരുത്. വിവാഹ സമയത്ത് പങ്കാളികള്‍ ഏറ്റെടുക്കുന്ന കുടുംബ സംരക്ഷണമെന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ലിവ് ഇന്‍ ബന്ധങ്ങളെ മറയാക്കാന്‍ അനുവദിക്കരുത്. വ്യക്തിസ്വാതന്ത്ര്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിന് ഭീഷണിയാകാത്ത തരത്തിലായിരിക്കണം ജുഡീഷ്യറി വ്യാഖ്യാനിക്കേണ്ടത്.
കുട്ടികളുടെ ഭാവി, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ടും നിയമക്കുരുക്കുകള്‍ സൃഷ്ടിക്കും ലിവ് ഇന്‍ ബന്ധങ്ങള്‍. മാതാപിതാക്കള്‍ക്കിടയിലെ സംഘര്‍ഷവും വഴിപിരിയലും കുട്ടികളില്‍ കടുത്ത മാനസികാഘാതം സൃഷ്ടിക്കുകയും അതവരുടെ ഭാവിജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് കുടുംബത്തില്‍ സ്ഥിരതയും ഐക്യവും അനിവാര്യമാണ്. വിവാഹ ബന്ധത്തിന്റെ മുഖ്യഘടകവും ഉത്തരവാദിത്വവുമാണ് അടുത്ത തലമുറയുടെ സംരക്ഷണം. വിവാഹിതരുടെ ലിവ് ഇന്‍ ബന്ധത്തെ വ്യക്തിപരമെന്ന് വ്യാഖ്യാനിച്ച് നിസ്സാരവത്കരിക്കുന്ന ന്യായാധിപന്മാര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടത് അടുത്ത തലമുറയാണെന്ന വസ്തുത അറിയാതെ പോകുകയോ അതിനു നേരെ കണ്ണടക്കുകയോ ആണ്.
മൂല്യങ്ങളെയും സദാചാര സങ്കല്‍പ്പങ്ങളെയും അടിത്തറയാക്കിയാണ് ഭരണഘടനാ ശില്‍പ്പികള്‍ രാജ്യത്തിന്റെ പരമോന്നത നിയമസംഹിതക്ക് രൂപം നല്‍കിയത്. കേവല പാശ്ചാത്യ അനുകരണത്തിനപ്പുറം ധാര്‍മിക ബോധത്തെയും ഇവിടുത്തെ ജീവിത രീതിയെയും മാനിച്ചുകൊണ്ടുള്ള നിയമ വ്യവസ്ഥയാണ് അവര്‍ വിഭാവനം ചെയ്തത്. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന ലൈംഗിക അരാജകത്വവും വ്യക്തികേന്ദ്രമായ മൂല്യച്യുതിയും കൊടികുത്തിവാഴുന്ന പാശ്ചാത്യന്‍ ജീവിതശൈലി ഇറക്കുമതി ചെയ്യുകയായിരുന്നില്ല ഭരണഘടനാ നിര്‍മാണ സഭയുടെ ലക്ഷ്യം. ഇതടിസ്ഥാനമാക്കിയാണ് ജുഡീഷ്യറി പ്രവര്‍ത്തിക്കേണ്ടതും. ലിവ് ഇന്‍ ബന്ധം പോലുള്ള കേസുകളില്‍ വിധി പ്രസ്താവിക്കുമ്പോള്‍ പാശ്ചാത്യന്‍ ലിബറലിസത്തിലേക്കല്ല, സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്കായിരിക്കണം നീതിപീഠങ്ങള്‍ കണ്ണുപായിക്കേണ്ടത്.
ഒരു സമൂഹത്തിന്റെ സഞ്ചിത മൂല്യങ്ങളില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നുമാണ് നിയമങ്ങള്‍ രൂപപ്പെടേണ്ടതും പരിണമിക്കേണ്ടതും. വിവാഹം, കുടുംബം, കുട്ടികളുടെ പരിപാലനം തുടങ്ങിയവ കേവലം നിയമപരമായ ഉടമ്പടികളല്ല; മറിച്ച് ധാര്‍മികതയുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന സാമൂഹിക സുരക്ഷാ കവചങ്ങളാണ്. ഇവിടെ വിശാലമായ വ്യക്തിസ്വാതന്ത്ര്യത്തിനപ്പുറം സാമൂഹിക അച്ചടക്കത്തിനും ധാര്‍മികതക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അത് സമൂഹത്തിന്റെ സുസ്ഥിരതയെ തകര്‍ക്കുന്ന പാശ്ചാത്യ ലൈംഗിക അരാജകത്വത്തിന് ഇന്ത്യയിലേക്കുള്ള ചുവപ്പ് പരവതാനിയായി മാറരുത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സന്തുലിതമായി ബന്ധിപ്പിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്.




