Kerala
യുവനടിയുടെ ബന്ധുവിന്റെ ബലാത്സംഗ പരാതി; ഡോക്ടര്‍ ജോണ്സണ് വര്‍ഗീസിനെതിരെ കേസ്
ഡോക്ടര്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം
കൊച്ചി| ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്സണ് വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. ജോണ്സണ് കെ വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണില്‍നിന്ന് പോലീസ് കണ്ടെത്തി.
യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. ജോണ്സണ് കെ വര്‍ഗീസ്(41) ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നീക്കം. യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്.
യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടര്‍ക്കെതിരേ പീഡനപരാതി നല്‍കിയത്. ഇതോടെ ഡോ. ജോണ്സണ് കെ വര്‍ഗീസിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു.
മര്‍ദനക്കേസില്‍ യുവനടിയും ബിപിന്‍ പെരുമ്പള്ളിയും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
Content Highlights: Police recovered private videos of around 12 women from the mobile phone of rape accused Dr. Johnson K Varghese. Following a sexual assault complaint filed by an actress’s relative, the doctor went absconding and Aster Medcity terminated him. Police plan to issue a lookout notice against him.

