ആത്മായനം
അയൽപക്കത്തെ കേൾക്കാറുണ്ടോ?
മനുഷ്യരോടുള്ള വിശ്വാസികളുടെ നല്ല ഇടപെടലുകൾ ഒരു ഗ്രാമത്തിന്റെ തന്നെ ചൈതന്യത്തിന് കാരണമാകുന്നു. കക്ഷി രാഷ്ട്രീയങ്ങളുടെയും സംഘടനാ സങ്കുചിതത്വങ്ങളുടെയും പേരിൽ അകൽച്ചയുടെ മതിലുകൾ പണിയുന്നതിന് പകരം നമുക്ക് മനുഷ്യരെ ചേർത്തു നിർത്താം. പുഴുക്കുത്തുകളിലും മുറിവുകളിലും മരുന്ന് പുരട്ടാം.
വീടിന്റെ ഗേറ്റ് തുറന്ന് നാലുഭാഗത്തേക്കൊന്ന് നോക്കൂ… മുമ്പിലും പിറകിലും വലതും ഇടതും കാണുന്ന വീടുകളില്ലേ… നിങ്ങളുടെ അയൽപക്കക്കാർ. അവിടെയൊക്കെ ഒന്ന് ചെന്ന് നോക്കിയിട്ട് കാലമെത്രയായി? അവരുടെ സുഖവിവരങ്ങളറിയോ നിങ്ങൾക്ക്? അവിടുത്തെ മക്കളുടെ പേര് പോയിട്ട് മക്കൾ ആ വീട്ടുകാരാണോന്ന് പോലും അറിയാത്ത ചിലരിവിടെയുണ്ട്. അയൽവാസിയെ കണ്ടാൽ മുഖം വീർക്കുന്ന, മൂർഖൻ പാമ്പാവുന്ന, തർക്കങ്ങൾക്കുള്ള കാരണങ്ങൾ ചിക്കിച്ചികയുന്നവരുമുണ്ട്. നടക്കാൻ വഴി കൊടുക്കാത്തവർ, അതിര് പറഞ്ഞ് തർക്കിക്കുന്നവർ, തന്റെ വീട്ടുമുറ്റത്തേക്ക് ഇലപൊഴിഞ്ഞതിന് അസഹിഷ്ണുക്കളാകുന്നവർ, അസൂയയുടെ കണ്ണ് കൂർപ്പിക്കുന്നവർ, കല്യാണം മുടക്കുന്നവർ, അവന് കിട്ടുന്ന കാറ്റും വെള്ളവും തടയുന്നവർ, അവന്റെ ഭൂഗർഭജലം വഴി തിരിച്ച് വിടുന്നവർ, മതി ഞാനിനി എഴുതുന്നില്ല. അയൽവാസിയെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു ലക്കും ലഗാനുമില്ലാതെ കഴിയുന്ന ക്ഷുദ്രജീവികൾ എമ്പാടുമുണ്ട് മനുഷ്യരുടെ കൂട്ടത്തിൽ.
സൂറ: നിസാഅ് 36 ൽ അല്ലാഹു അവനെ ആരാധിക്കാൻ പറയുന്നതിനോട് ചേർത്തി പറഞ്ഞ സുപ്രധാന കാര്യം മാതാപിതാക്കൾ, കുടുംബങ്ങൾ, അനാഥകൾ, ദരിദ്രർ, കുടുംബക്കാരോ അല്ലാത്തവരോ ആയ അയൽപക്കക്കാർ എന്നിവരോട് സഹവർത്തിത്വം പുലർത്തണമെന്നാണ്. അനന്തരാവകാശം പോലും അവർക്കു നൽകേണ്ടതുണ്ടോ എന്ന് കരുതും വിധമാണ് ജിബ്‌രീൽ എന്നോട് അയൽവാസികളെ കുറിച്ച് വസിയത്ത് ചെയ്തതെന്ന് തിരുദൂതർ (സ) പറയുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിക്കുന്നുവെങ്കിൽ അയൽവാസികളോട് മികച്ച രീതിയിൽ പെരുമാറണമെന്നാണ് (മുസ്്ലിം) നമ്മെ പഠിപ്പിക്കപ്പെട്ടത്.
അല്ലാഹുവാണെ അവൻ വിശ്വാസിയല്ല, അല്ലാഹുവാണെഅവൻ വിശ്വാസിയല്ല, അല്ലാഹുവാണെ അവൻ വിശ്വാസിയല്ല; അവന്റെ ദുഷ്കർമത്തെ തൊട്ട് അയൽവാസികൾ സുരക്ഷിതരല്ലെന്നതിനാൽ (ബുഖാരി) എന്ന ഹദീസും സഗൗരവം കേൾക്കണം.
നോക്കൂ… ഒരു വിധേനയും നാം കാരണം അയൽവാസികൾ ഒരു പ്രയാസവും അനുഭവിക്കരുത്. നമ്മുടെ ശബ്ദങ്ങൾ അയൽപക്കത്തെ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്. രോഗികൾക്ക് അലോസരമാകരുത്. നാം കത്തിച്ച പ്ലാസ്റ്റിക് പുക ശ്വസിച്ച് അവർ ബുദ്ധിമുട്ടരുത്. അവരുടെ ടെറസിലേക്ക് ചാഞ്ഞ് പ്രയാസപ്പെടുന്ന മരത്തിന്റെ ശിഖരത്തെ മുറിച്ചു കളഞ്ഞേക്കണം. നമ്മുടെ ആടും പശുവും അവരുടെ കൃഷി തിന്നാതിരിക്കാൻ കരുതൽ വേണം. നിങ്ങളുടെ അതിരിൽ ചിലപ്പോൾ മതിൽ നിർമിച്ചിട്ടുണ്ടാകും. നല്ലതാണത്. പക്ഷേ, അത് നിങ്ങളുടെ ഹൃദയങ്ങൾക്കിടയിലുള്ള മതിലേ അല്ലെന്ന് ഇപ്പോൾ ഉറപ്പിക്കണം.
അയൽവാസികൾ പരസ്പരം സ്നേഹോഷ്മളമായി കൊണ്ടും കൊടുത്തും കഴിയുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത്. അവരുടെ പരിവട്ടങ്ങളറിയാതെ സുഖിച്ച് കഴിയുന്നവർ വിശ്വാസിയല്ല തന്നെ. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ വിശ്വാസിയല്ലെന്നാണ് തിരുനബി(സ) പഠിപ്പിച്ചത് (ബൈഹഖി, ഹാകിം, ത്വബ്റാനി). ധാരാളം നിസ്കരിക്കുകയും സ്വദഖ ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ കുറിച്ച് ഒരാൾ റസൂലിനരികെ വന്ന് സംസാരിച്ചു. സത്പ്രവർത്തനങ്ങൾ ധാരാളമുണ്ടെങ്കിലും ആ സ്ത്രീ അയൽവാസികളെ ബുദ്ധിമുട്ടിക്കുമായിരുന്നെന്ന് കേട്ടപ്പോൾ അവിടുന്ന് പ്രതികരിച്ചത് നമുക്ക് ഹൃദയത്തിലെഴുതിവെക്കാം “നരകത്തിലാണവൾ’.
അല്ലാഹുവിന്റെ ദൂതരേ.. വേറൊരു സ്ത്രീയുണ്ട്, നിസ്കാരവും നോമ്പും സ്വദഖയുമൊക്കെ കുറച്ചേ ചെയ്തുള്ളൂ. സ്വദഖ ചെയ്തത് കുറച്ച് പാൽകട്ടിയാണ്. പക്ഷേ, അയൽവാസികളോട് നല്ല നിലക്കാണ് കഴിഞ്ഞത്. അത് കേട്ടപ്പോൾ തിരുനബി(സ) പ്രതികരിച്ചത് ഇങ്ങനെയായിരുന്നു ” അവൾ പറുദീസയിലാണ് ‘. നിങ്ങൾ കേട്ടില്ലേ ആരാധനകളെ കവച്ച് വെക്കുന്ന മാനുഷിക ബന്ധങ്ങളുടെ മഹിമ. ആരാധനകളുടെ ധാരാളിത്തത്തേക്കാൾ അതിലെ ആത്മാർഥതയും അത് മുഖേന നമ്മുടെ സംസ്കാരത്തിൽ സംഭവിക്കുന്ന പ്രതിഫലനങ്ങളിലുമാണ് കാര്യം. എല്ലാ ദോഷങ്ങളിൽ നിന്നും അകറ്റി നന്മകളിലേക്ക് അടുപ്പിക്കലാണല്ലോ ആരാധനകളുടെ കാതൽ. അത് സംഭവിച്ചില്ലെങ്കിൽ പിന്നെ ചെയ്ത കർമങ്ങളിൽ പിഴവുകളുണ്ടെന്ന് തന്നെ മനസ്സിലാക്കാം. മുആവിയതു ബ്നു ജുൻദുബ് (റ) തിരുനബി(സ)യോട് ചോദിച്ചു ” യാ റസൂലല്ലാഹ്, ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള ബാധ്യതകൾ എന്തെല്ലാമാണ്?’
അവിടുന്ന് പ്രതികരിച്ചത് കേൾക്കാം. “രോഗം വന്നാൽ സന്ദർശിക്കണം, മരിച്ചാൽ മരണാനന്തര കർമങ്ങൾ ചെയ്യണം, കടം ചോദിച്ചാൽ കൊടുക്കണം, വസ്ത്രമില്ലെങ്കിൽ ഉടുപ്പിക്കണം, നന്മകളിൽ അഭിനന്ദിക്കണം, പ്രയാസങ്ങൾ വന്നാൽ ആശ്വസിപ്പിക്കണം, അയാളുടെ വീടിനേക്കാൾ നിങ്ങളുടെ വീടിന്റെ പൊക്കം കൂട്ടി അവിടേക്കുള്ള വായു തടയരുത്, വിശേഷ ഭക്ഷണങ്ങൾ അവർക്കു പങ്കുവെക്കാതെ വെറുതെ അതിന്റെ ഗന്ധത്താൽ ബുദ്ധിമുട്ടിക്കരുത് (ത്വബ്റാനി) എത്ര ശ്രദ്ധയോടെയാണ് അയൽപക്കത്തെ പരിഗണിക്കാൻ റസൂൽ (സ) നമ്മെ പഠിപ്പിക്കുന്നത്. അവരുടെ സമ്പത്തിനെയും ആത്മാഭിമാനത്തെയും മാനസികാവസ്ഥയെയും പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകൾ നമ്മുടെ ശീലങ്ങളുടെ ഭാഗമാകണം. എനിക്ക് സ്വർഗ പ്രവേശനം സാധ്യമാകുന്ന ഒരു കർമം പറഞ്ഞു തരാമോ എന്ന് ചോദിച്ച അനുചരനോട് റസൂൽ (സ) പറഞ്ഞത് “നീ നല്ലവനാകൂ’ എന്നാണ്. ഞാൻ നല്ലവനായെന്ന് എനിക്കെങ്ങനെ മനസ്സിലാകും എന്ന മറുചോദ്യത്തിന്റെ പ്രതികരണമാണ് ശ്രദ്ധേയം, “അയൽവാസിയോട് ചോദിച്ചാൽ മതി. അവർ നിന്നെ കുറിച്ച് നല്ലവൻ എന്നഭിപ്രായപ്പെട്ടാൻ നീ നല്ലവനാണ്. മോശക്കാരൻ എന്നാണെങ്കിൽ നീ മോശക്കാരൻ തന്നെ.’
കൂട്ടരേ, നിങ്ങൾക്കു മുമ്പിൽ മൂന്ന് തരം അയൽവാസികളുണ്ടാകും, അവരോടുള്ള ബാധ്യതകളും വ്യത്യസ്തമാണ്. 1. അവിശ്വാസികളായ അയൽപക്കം. അവരോട് അയൽവാസികൾ എന്ന മാനുഷിക ബാധ്യത കൃത്യമായി നിർവഹിച്ചിരിക്കണം. 2. വിശ്വാസികളായ അയൽപക്കം. അവരോട് അയൽപക്കബാധ്യതയോടൊപ്പം മതപരമായ ബാധ്യതകളും നിറവേറ്റണം. 3. വിശ്വാസികളായ കുടുംബക്കാരായ അയൽപക്കം. അവരോട് കുടുംബം, മതം, അയൽപക്കം എനിങ്ങനെ മൂന്ന് തരം ബാധ്യതകളും നിറവേറ്റേണ്ടതുണ്ട്.
അയൽപക്കത്തിന്റെ പരിധിയും മതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിശയിലേയും നാൽപ്പത് വീടുകൾ നമ്മുടെ അയൽപക്കമാണ്. അത്രയും മനുഷ്യരോടുള്ള വിശ്വാസികളുടെ നല്ല ഇടപെടലുകൾ ഒരു ഗ്രാമത്തിന്റെ തന്നെ ചൈതന്യത്തിന് കാരണമാകുന്നു. കക്ഷി രാഷ്ട്രീയങ്ങളുടെയും സംഘടനാ സങ്കുചിതത്വങ്ങളുടെയും പേരിൽ അകൽച്ചയുടെ മതിലുകൾ പണിയുന്നതിന് പകരം നമുക്ക് മനുഷ്യരെ ചേർത്തു നിർത്താം. പുഴുക്കുത്തുകളിലും മുറിവുകളിലും മരുന്ന് പുരട്ടാം. അയൽവാസികളോട് നല്ല നിലയിലേ ഇനി ഞാൻ ഇടപെടൂ എന്ന് ശപഥം ചെയ്താലോ. അല്ലാഹു സഹായിക്കട്ടെ.




