Connect with us

From the print

വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയുന്ന നേർവഴി പദ്ധതി; ലഭിച്ചത് നാമമാത്ര പരാതികൾ

ഒരു വർഷത്തിനിടെ ലഭിച്ചത് 180ഓളം പരാതികൾ മാത്രം

Published

|

Last Updated

കണ്ണൂർ | സ്‌കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാനും നേർവഴിക്ക് നടത്താനും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് ആരംഭിച്ച “നേർവഴി’ പദ്ധതിക്ക് തണുപ്പൻ പ്രതികരണം. കുട്ടികളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന പരാതി വ്യാപകമാകുമ്പോഴും ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 180ഓളം പരാതികൾ മാത്രം.
എല്ലാ ജില്ലകളിലുമായി മൊത്തം 9,000 സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷാരംഭത്തിലാണ് നേർവഴിക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്താണ് കൂടുതൽ പരാതികൾ ലഭിച്ചത്; 98 എണ്ണം. ലഹരിവിമുക്ത പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണ് ലഹരിവലയിൽ അകപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ തിരുത്താൻ അധ്യാപകരുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പെരുമാറ്റ വൈകല്യവുമെല്ലാം ആദ്യം മനസ്സിലാക്കാൻ കഴിയുന്നത് അധ്യാപകർക്കാണ്. ഇത് കണക്കിലെടുത്താണ് അധ്യാപകരെ പദ്ധതിയുടെ ഭാഗമാക്കിയത്.
വിദ്യാർഥികളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർ ഫോൺ വിളിച്ചോ വാട്സാപ്പ് സന്ദേശമായോ വിദ്യാർഥിയെ കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് കമ്മീഷണറേറ്റിൽ അറിയിക്കണം. വിവരങ്ങൾ സ്വീകരിക്കാൻ ഇവിടെ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.
തുടർന്ന് കൗൺസിലിംഗ് പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ വിദ്യാർഥികളെ തിരിച്ചറിഞ്ഞ് ബോധവത്കരണം, കൗൺസിലിംഗ് തുടങ്ങിയ ഇടപെടലുകളിലൂടെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തും.
വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. തുടക്കത്തിൽ പദ്ധതിയോട് അധ്യാപകർ നന്നായി പ്രതികരിച്ചെങ്കിലും പിന്നീട് കാര്യക്ഷമമല്ലാതായി.
സ്‌കൂളിൽ നടക്കുന്ന കൗൺസിലിംഗിലൂടെ നിരവധി കുട്ടികൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താറുണ്ട്. പരാതി കേൾക്കാൻ എക്‌സൈസ് കമ്മീഷണറേറ്റിൽ 9656178000 എന്ന നമ്പറും സംവിധാനിച്ചു. ഈ നമ്പർ അധ്യാപകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സ്‌കൂൾ സ്റ്റാഫ് റൂമിൽ നമ്പർ പോസ്റ്റർ രൂപത്തിൽ പതിപ്പിച്ചിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽ പെടുത്താൻ എക്സൈസിന്റെ നേതൃത്വത്തിൽ ബസുകളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
തിരുവനന്തപുരം- 98, കൊല്ലം- ഒമ്പത്, പത്തനംതിട്ട- നാല്, ആലപ്പുഴ- രണ്ട്, കോട്ടയം- ഒമ്പത്, ഇടുക്കി- ഒന്ന്, എറണാകുളം- അഞ്ച്, തൃശൂർ- ഒമ്പത്, പാലക്കാട്- ഏഴ്, മലപ്പുറം- മൂന്ന്, കോഴിക്കോട്- നാല്, വയനാട്- രണ്ട്, കണ്ണൂർ- അഞ്ച്, കാസർകോട് 18 എന്നിങ്ങനെയാണ് നേർവഴി മുഖേന ലഭിച്ച പരാതികൾ.

Latest