Connect with us

health

ബുദ്ധി വളർച്ചക്കിണങ്ങിയ ഭക്ഷണക്രമം

ഓരോ വിഭാഗത്തിലുമുള്ള ഭക്ഷ്യവസ്തുക്കളും ഓരോ തരത്തിലും നമ്മെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ കൃത്യമായ സമയത്തിൽ കൃത്യമായ അളവിൽ ഓരോ ഭക്ഷണവും കഴിക്കുകവഴി ശരിയായ ശരീര വളർച്ച, ബുദ്ധി വളർച്ച എന്നിവ പ്രായത്തിനനുപാതമായി നടക്കും. അതോടൊപ്പം ക്ലാസ്സ് പെർഫോമൻസും വർധിക്കും.

Published

|

Last Updated

ജനനത്തിനും എട്ട് വയസ്സിനും ഇടയിലുള്ള കാലഘട്ടം ബാല്യകാലം. ഈ കാലഘട്ടം ശ്രദ്ധേയമായ വളർച്ചയിൽ ആണ്, മസ്തിഷ്ക വികസനം അതിന്റെ ഉച്ചസ്ഥായിയിലും. എന്നാൽ കോവിഡാനനന്തര കേരളം പാചക പരീക്ഷണാനന്തരം ആയിരുന്നു. ഇത് ഏറ്റവും കൂടുതലായി ബാധിച്ചതാകട്ടെ നമ്മുടെ കുഞ്ഞുങ്ങളുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും. അമിതവണ്ണം, പൊണ്ണത്തടി, രോഗപ്രതിരോധശേഷിക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥയും. ഇതെല്ലാം കൊണ്ടെത്തിക്കുന്നതോ ജീവിതശൈലീ രോഗങ്ങളിലേക്കും. അതോടൊപ്പം സ്കൂൾ തുറന്നുവരുമ്പോൾ മഴക്കാലത്ത് ഉണ്ടാവുന്ന ജലജന്യ രോഗങ്ങളും വായുവിലൂടെയുള്ള പകർച്ച വ്യാധികളും. ഇവയൊക്കെ കുട്ടികളുടെ അനാരോഗ്യത്തിന് കാരണമാകുന്നു. ഒരു വ്യക്തിയുടെ വളർച്ചയിൽ ബാല്യകാല ഭക്ഷണത്തിന്റെ സ്ഥാനം പരമ പ്രധാനമാണ്. പോഷണക്കുറവ് എന്നതിന്റെ പരിഹാരം അവബോധം സൃഷ്ടിക്കലാണ്. എന്തെന്നാൽ ഈ അവസ്ഥ ഭക്ഷണദൗർബല്യം കൊണ്ടല്ല.

ശരിയായ ഭക്ഷണക്രമം, ശരിയായ സമയം എന്നിവ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം മടികൂടാതെ ഇഷ്ടത്തോടെ കഴിക്കാൻ ശീലിപ്പിക്കണ്ടതാണ്. ഇത് അവരുടെ ദിവസം മുഴുവനുള്ള ഊർജത്തിന്റെ പ്രഥമ പടിയാണ്. ഇതോടൊപ്പം മറ്റു സമയത്തും ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പ്രഭാത ഭക്ഷണം സാധാരണമായി നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന ഏതൊന്നും നൽകാവുന്നതാണ്. ഉദാ: ഇഡലി, ദോശ, പുട്ട്, നൂൽപ്പുട്ട്, ചപ്പാത്തി, പത്തിരി ഇതോടൊപ്പം ചെറുപയർ, കടല, സോയബീൻ, മുട്ടക്കറി എന്നിവ ആകാം. വെജിറ്റബിൾ സ്‌റ്റ്യൂവും പരീക്ഷിക്കാവുന്നതാണ്. ഇതൊന്നും പറ്റില്ലാത്തവർക്ക് നട്സുകൾ, പാൽ, നേന്ത്രപ്പഴം, ഓട്സ് എന്നിവ ചേർത്ത് സ്മൂതി രൂപത്തിൽ നൽകാവുന്നതാണ്. ഓർക്കുക പ്രഭാത ഭക്ഷണം “Brain food’ എന്നാണ് അറിയപ്പെടുന്നത്. അതായത് രാത്രി കഴിക്കുന്ന ഭക്ഷണത്തിനു ശേഷമുള്ള ദീർഘ ഇടവേളക്കുശേഷം ഉള്ള Break ആണ് ഇത്. അതുകൊണ്ടു തന്നെ ഇത് ഒഴിവാക്കുന്നത് പഠന പ്രവർത്തനങ്ങളിലും , ശാരീരികവും മാനസികവുമായി പിന്നിലേക്കാകുവാൻ സാധ്യത ഏറെയാണ്.

സ്കൂളിൽ പോകുമ്പോൾ ചെറിയ ക്ലാസ്സുകളിൽ രണ്ട് ഇടവേളകളിൽ ചെറിയ ഇടവേളയിൽ പഴവർഗം, നട്സ്, സാലഡ് എന്നിവ നൽകാം. അമിതമായി നൽകിയാൽ ഉച്ച ഭക്ഷണത്തിനോടു താത്പര്യം കുറയാൻ സാധ്യതയുമുണ്ട്. ബേക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക.
നേരത്തേ സൂചിപ്പിച്ച പോലെ എല്ലാത്തരം പോഷകങ്ങളെയും ഉൾപ്പെടുത്തി തന്നെ ആകണം ഉച്ചഭക്ഷണവും. മുഴുധാന്യങ്ങൾ (അരി, ഗോതമ്പ് ) , അതോടൊപ്പം പയർ വർഗങ്ങൾ , മത്സ്യം, മുട്ട എന്നിവയും ചേർന്നതാകണം. തൈര്, മോര് ഉൾപ്പെടുത്താവുന്നതാണ്.

നാലുമണി പലഹാരങ്ങളുടെ പെരുമഴയാണിന്നിപ്പോൾ. ജോലിക്കാരായ രക്ഷിതാക്കളുടെ ഏക മാർഗം കൂടിയാണിത്. എന്നാൽ ഒരൽപ്പം ശ്രദ്ധ ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാട്ടിയാൽ കുട്ടികളുടെ ആരോഗ്യം സുരക്ഷിതമാകും. കാരണം, വ്യായാമം കുറവായ കുട്ടികൾ ധാരാളം ബേക്കറി, എണ്ണ പലഹാരങ്ങൾ കഴിക്കുകയും പൊണ്ണത്തടി അതുപോലെതന്നെ മറ്റു ന്യൂനപോഷണ രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. മുൻകൂട്ടി തയ്യാറാക്കാവുന്ന ഭക്ഷണവിഭങ്ങളായ നേന്ത്രപ്പഴം, മുട്ട പുഴുങ്ങിയത്, നട്സ്, ഉണക്കമുന്തിരി, ഈന്തപ്പഴം, അവൽ വിളയിച്ചത് എന്നിവ നൽകാവുന്നതാണ്. പാൽ കുടിക്കാൻ നൽകാവുന്നതുമാണ്.
രാത്രിഭക്ഷണത്തിന് അളവ് കുറയ്ക്കുക. നേരത്തെ നൽകുക, കഴിയുന്നതും 7 മണിക്കു മുന്പായി നൽകുന്നതാണ് നല്ലത്. അതുപോലെ ഒരു ഗ്ലാസ് പാൽ അല്ലങ്കിൽ നട്സ് കിടക്കുന്നതിന് മുന്പ് നൽകാവുന്നതാണ്. മഝ്യ – മംസങ്ങൾ രാത്രിയിൽ ഒഴിവാക്കാവുന്നതാണ്.
കുട്ടികൾക്ക് പാൽ നൽകിയാൽ : കാൽസ്യം, പ്രോട്ടീൻ , വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ്. അതുപോലെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഊർജത്തിന്റെ ഉത്തമ സ്രോതസ്സ് കൂടിയാണ്. ദിവസേന രണ്ട് ഗ്ലാസ്സ് വരെ നൽകാവുന്നതാണ്. വെണ്ണ, ചീസ്, മുട്ടയുടെ മഞ്ഞക്കരു, കരൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.

വിറ്റമിൻ D : എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. പല തരത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. സൂര്യപ്രകാശം കൊള്ളുക എന്നതും അത്യാവശ്യമാണ്. മുട്ട, മത്സ്യ വിഭവങ്ങൾ , ഫോർട്ടി ഫൈഡ് ആയ ഭക്ഷ്യവിഭവങ്ങൾ എന്നിവയും ഉപയോഗിക്കാം.
വിറ്റമിൻ E : രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും തലമുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്. നട്സ്, വിത്തുകൾ (സൺഫ്ലവർ, മത്തൻ, ഫ്ലാക്സ്, ചിയ )

അയൺ (ഇരുമ്പ്): രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ, ഇലക്കറികൾ എന്നിവ നന്നായി കഴിക്കുക. ചിക്കൻ, മട്ടൻ, ബീഫ് ഉപയോഗിക്കാവുന്നതാണ്. മാംസാഹാരത്തിൽ നിന്നുള്ളവ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും.
സിങ്ക് : ബദാം, നിലക്കടല, നട്സുകൾ, ചോളം, ഗോതമ്പ്, ഇറച്ചി എന്നിവയും കുട്ടികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
എല്ലാ വിഭാഗം പോഷകങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുകയും, വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക.. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും കണക്കുണ്ടാവേണ്ടതാണ്.

ഓരോ ഭക്ഷണവും നൽകുന്ന ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകിയാൽ അത് അവർക്ക് മുന്പോട്ടുള്ള യാത്രയിലുടനീളം ആരോഗ്യപ്രദമായി ജീവിക്കാൻ സഹായിക്കും. അതുപോലെ സമയത്തിന് കഴിക്കുകയും വേണം. വളർച്ചയുടെ ഈ കാലഘട്ടം രക്ഷിതാക്കൾക്ക് വെല്ലുവിളി നിറഞ്ഞതാണ്.
ചുരുക്കത്തിൽ, ഓരോ വിഭാഗത്തിലുമുള്ള ഭക്ഷ്യവസ്തുക്കളും ഓരോ തരത്തിലും നമ്മെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ കൃത്യമായ സമയത്തിൽ കൃത്യമായ അളവിൽ ഓരോ ഭക്ഷണവും കഴിക്കുകവഴി ശരിയായ ശരീര വളർച്ച, ബുദ്ധി വളർച്ച എന്നിവ പ്രായത്തിനനുപാതമായി നടക്കും. അതോടൊപ്പം ക്ലാസ് പെർഫോമൻസും വർധിക്കും.

Latest