ആരോഗ്യം
പ്രമേഹ പ്രതിരോധവും ആരോഗ്യകരമായ ഭക്ഷണക്രമവും
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കുറയുകയോ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.
ഇന്ന് ലോകമെമ്പാടും വർധിച്ചുവരുന്ന പ്രധാന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാരയുടെ) അളവ് സാധാരണ നിലയേക്കാൾ ഉയരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കുറയുകയോ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.
പ്രമേഹം ദീർഘകാലം നിയന്ത്രിക്കാതെ തുടരുമ്പോൾ കണ്ണ്, വൃക്ക, നാഡികൾ, ഹൃദയം, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കാം. ഇതിലൂടെ കാഴ്ചക്കുറവ് (ഡയബറ്റിക് റെറ്റിനോപ്പതി), വൃക്കരോഗങ്ങൾ (ഡയബറ്റിക് നെഫ്രോപ്പതി), നാഡികളുടെ തകരാറുകൾ (ഡയബറ്റിക് ന്യൂറോപ്പതി), ഹൃദ്രോഗം, പക്ഷാഘാതം, കാലിൽ മുറിവുകൾ എന്നിവ ഉണ്ടാകാം.
അമിതദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാൻ വൈകുക എന്നിവ പ്രമേഹത്തിന്റെ ചില ലക്ഷണങ്ങളാണ്. തെറ്റായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം, വ്യായാമക്കുറവ്, കുടുംബപാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ പ്രമേഹസാധ്യത വർധിപ്പിക്കുന്നു. എന്നാൽ കൃത്യമായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നതിലൂടെ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.
പ്രമേഹം തടയാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
• ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: അമിതഭാരം കുറയ്ക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രീഡയബറ്റിസ് ഉള്ളവർ ശരീരഭാരത്തിന്റെ 5-7% കുറയ്ക്കുന്നത് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കുമ്പോൾ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
• വ്യായാമം : ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ, നൃത്തം, ജോഗിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ആഴ്ചയിൽ 3-4 ദിവസം, 45-60 മിനുട്ട് ചെയ്യുക. കൂടാതെ, പേശികളുടെ ശക്തിയും, മസിൽ മാസും വർധിപ്പിക്കാൻ സ്ട്രെംഗ്ത് ട്രെയിനിംഗ്, വെയ്റ്റ് ട്രെയിനിംഗ് എന്നിവ ആഴ്ചയിൽ 2-3 ദിവസം, 30-40 മിനുട്ട് ചെയ്യുന്നത് പ്രയോജനകരമാണ്.
• ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക: സമീകൃതാഹാരം ശീലമാക്കുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുക. പഞ്ചസാര, മധുരപലഹാരങ്ങൾ, ബേക്കറി വിഭവങ്ങൾ, അമിതമായി വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. തേനും ശർക്കരയും പഞ്ചസാരക്ക് പകരമാണെങ്കിലും അവയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാം.
• ആവശ്യത്തിന് വെള്ളം കുടിക്കുക: മധുരപാനീയങ്ങൾ, സോഡ, പാക്കറ്റ് ജ്യൂസുകൾ എന്നിവക്ക്് പകരം വെള്ളം, പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം, സൂപ്പ്, സംഭാരം എന്നിവ തിരഞ്ഞെടുക്കാം.
• നേരത്തെയുള്ള പരിശോധന, മികച്ച പ്രതിരോധം : കുടുംബത്തിൽ പ്രമേഹമുള്ളവർ, അമിതഭാരമുള്ളവർ, ഗർഭകാല പ്രമേഹത്തിന്റെ ചരിത്രമുള്ളവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസ്, HbA1c, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കണം.
• പുകവലിയും മദ്യപാനവും ഒഴിവാക്കുക: പുകവലി ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാം. പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്.
• നല്ല ഉറക്കം ഉറപ്പാക്കുക: ദിവസവും 7-8 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം നേടുകയും സമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനും സഹായിക്കുന്നു.
ഭക്ഷണശീലങ്ങളിൽ വേണം മാറ്റം
ഓരോ വ്യക്തിയുടെയും പ്രായം, ശരീരഭാരം, ശാരീരികപ്രവർത്തനങ്ങൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, അനുബന്ധ രോഗങ്ങൾ എന്നിവ അനുസരിച്ച് ഭക്ഷണാവശ്യങ്ങൾ വ്യത്യാസപ്പെടുന്നു. അതിനാൽ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് തവിടോടുകൂടിയ ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (Low GI) ഉള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശരിയായ അളവിൽ ഉൾപ്പെടുത്തുന്നത് പ്രമേഹപ്രതിരോധത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ നിയന്ത്രണത്തിനും സഹായിക്കുന്നു.
ആരോഗ്യകരമായ ധാന്യങ്ങൾ തിരഞ്ഞെടുക്കാം
പ്രമേഹപ്രതിരോധത്തിനായി ഭക്ഷണം പൂർണമായി ഉപേക്ഷിക്കുകയോ ചോറ് പൂർണമായി ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല. പകരം, ഭക്ഷണത്തിന്റെ അളവ്, ഗുണനിലവാരം, ഭക്ഷണശീലങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകണം. നാരുകൾ കൂടുതലുള്ളതും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (Low GI) ഉള്ളതുമായ ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. മട്ടയരി, ഓട്സ്, മില്ലറ്റുകൾ (റാഗി, ചാമ, തിന, കമ്പ്), ക്വിനോവ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ധാന്യങ്ങൾ ഉപയോഗിച്ച് ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുമ്പോൾ പാചകരീതിയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നു. നന്നായി വേവിച്ച കഞ്ഞി, കുറുക്ക് തുടങ്ങിയ വിഭവങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്താം. അതിനാൽ ഇത്തരം വിഭവങ്ങളുടെ അളവ് നിയന്ത്രിക്കുകയും വിവിധ ധാന്യങ്ങൾ ഉപയോഗിച്ചുള്ള ചപ്പാത്തി, ദോശ, പുട്ട്, ഉപ്പുമാവ് തുടങ്ങിയവ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താം
വറുത്തതും അമിതമായി സംസ്കരിച്ചതുമായ മാംസവിഭവങ്ങൾക്കു പകരം വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ മത്സ്യം, മുട്ട, ചിക്കൻ എന്നിവ തിരഞ്ഞെടുക്കുക. പാൽ, പഞ്ചസാര ചേർക്കാത്ത തൈര്, സോയാബീൻ, ടോഫു എന്നിവയും നല്ല പ്രോട്ടീൻ സ്രോതസ്സുകളാണ്. ഇഡലി, ദോശ എന്നിവയിൽ അരിയും ഉഴുന്നും കൂടാതെ ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ, പരിപ്പ്, കടല, ഉലുവ എന്നിവ ചേർക്കുന്നത് നാരുകളും പ്രോട്ടീനും വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു. നിലക്കടല, ബദാം, വാൾനട്ട്, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, മത്തങ്ങാവിത്തുകൾ തുടങ്ങിയ നട്സിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗിയുടെ മീൽ പ്ലേറ്റ്
ഭക്ഷണപ്പാത്രത്തിന്റെ പകുതി പച്ചക്കറികൾക്കായി മാറ്റിവെക്കുക. ഇവ തോരനായോ, സാലഡായോ, കറിയായോ ഉൾപ്പെടുത്താം. ദിവസവും 400 ഗ്രാം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഭക്ഷണശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ വർധന നിയന്ത്രിക്കാനും ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.
നാലിലൊന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മീൻ, മുട്ട, ചിക്കൻ, പയർവർഗങ്ങൾ, സോയാബീൻ എന്നിവക്കും ശേഷിക്കുന്ന നാലിലൊന്ന് അന്നജം അടങ്ങിയ ഭക്ഷണങ്ങളായ ചോറ്, മറ്റ് ധാന്യങ്ങൾ എന്നിവക്കും നൽകാം. ചോറിന് പകരം മില്ലറ്റുകൾ പച്ചക്കറികളോടൊപ്പം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചേന, ചേമ്പ്, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും അന്നജത്തിന്റെ ഉറവിടങ്ങളായതിനാൽ അവയുടെ അളവ് ശ്രദ്ധിക്കണം.
പഴങ്ങളും പ്രമേഹവും
പഴങ്ങൾ ജ്യൂസാക്കുന്നതിനുപകരം മുഴുവനായി കഴിക്കുന്നതാണ് ഉചിതം. അധികം പഴുക്കാത്തതും നേരിയ പുളിപ്പുള്ളതുമായ പേരയ്ക്ക, ആപ്പിൾ, ഓറഞ്ച്, പിയർ തുടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (Low GI) ഉള്ള പഴങ്ങൾ മിതമായ അളവിൽ തിരഞ്ഞെടുക്കാം. പഴങ്ങൾ ഭക്ഷണത്തിനിടയിലുള്ള സമയത്ത് ലഘുഭക്ഷണമായി ഉൾപ്പെടുത്താം. അതുപോലെ ജ്യൂസിന് പകരം സൂപ്പ്, മോര്, പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം തുടങ്ങിയവയും വ്യക്തിയുടെ ആരോഗ്യാവസ്ഥക്കും ഭക്ഷണക്രമത്തിനും അനുയോജ്യമായി ഉൾപ്പെടുത്താം.
ലഘുഭക്ഷണത്തിൽ വേണം മാറ്റങ്ങൾ
ലഘുഭക്ഷണ സമയങ്ങളിൽ എണ്ണയിൽ വറുത്ത പലഹാരങ്ങൾക്കും ബേക്കറി വിഭവങ്ങൾക്കും പകരം ആരോഗ്യകരമായ സ്നാക്സുകൾ തിരഞ്ഞെടുക്കാം. പഞ്ചസാര ചേർക്കാത്ത തൈരിനൊപ്പം നട്സും വിത്തുകളും ചേർത്ത് കഴിക്കാം. വേവിച്ച കടല, ചെറുപയർ, മുളപ്പിച്ച ചെറുധാന്യങ്ങൾ എന്നിവയിൽ സവാള, തക്കാളി, വെള്ളരിക്ക, നാരങ്ങാനീര് എന്നിവ ചേർത്തുണ്ടാക്കുന്ന സാലഡ് എന്നിവ ഉൾപ്പെടുത്താം. ഇത്തരം ഭക്ഷണങ്ങൾ പ്രോട്ടീനും നാരുകളും നൽകുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുകയും ചെയ്യും.
പ്രമേഹപ്രതിരോധം ദീർഘകാലം തുടരേണ്ട ആരോഗ്യശീലമാണ്. സമീകൃതാഹാരം, നിയന്ത്രിതമായ ഭക്ഷണത്തിന്റെ അളവ്, സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, മതിയായ ഉറക്കം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രമേഹസാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താനും സാധിക്കും. പ്രമേഹമുള്ളവർ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിർദേശപ്രകാരം വ്യക്തിഗത ഭക്ഷണക്രമം പിന്തുടരുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുകയും വേണം.
Content Highlights: Effective diabetes prevention requires a balanced diet rich in fiber, whole grains, and proteins, combined with regular physical exercise. Maintaining a healthy body weight and avoiding sugary or processed foods helps regulate blood sugar levels. Proper lifestyle habits and early medical screenings ensure long-term health and wellness.



