National
ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം; ബാരിക്കേഡുകൾ മറികടന്ന് മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ
പോലീസ് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പൂർണ്ണമായും പൊളിച്ചുനീക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങിയത്.
ന്യൂഡൽഹി | രാജ്യതലസ്ഥാനത്ത് ഐസ – എ ഐ എസ് എഫ് സംഘനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ വൻ സംഘർഷം (Student Protest). മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ജന്തർ മന്ദറിന് സമീപമെത്തിയതോടെ പോലീസും വിദ്യാർത്ഥികളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിവെച്ചു. പോലീസ് സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പൂർണ്ണമായും പൊളിച്ചുനീക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങിയത്.
സുരക്ഷക്കായി നിരത്തിയിരുന്ന ബാരിക്കേഡുകൾ വിഭജിച്ച് മാറ്റി മുന്നേറിയ വിദ്യാർഥികളെ തടയാൻ പോലീസിന് കഠിനമായ പ്രയത്നം നടത്തേണ്ടിവന്നു. പോലീസ് വാഹനം തടയുകയും വാഹനങ്ങൾക്കു മുകളിൽ കയറി നിന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സമരം ചെയ്യുന്ന പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസും ആർ എ എഫും രംഗത്തിറങ്ങി. വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി വനിതാ പ്രവർത്തകർ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കാൻ ശ്രമം നടത്തി.
കഴിഞ്ഞ ദിവസങ്ങളിലെ സമരത്തിന് പിന്നാലെ പോലീസ് നടപടിക്കിടെ എസ് ഐ പിക്ക് എതിരെ ലൈംഗികാതിക്രമ പരാതിയും ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നാണ് വൻ പങ്കാളിത്തത്തോടെ പ്രതിഷേധം കൂടുതൽ ശക്തമായത്. ആർ എ എഫിനെയും സായുധ പോലീസിനെയും മുന്നിൽ നിർത്തി പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്ദർ ലക്ഷ്യമാക്കി വിദ്യാർഥികൾ മുന്നേറുകയായിരുന്നു. ഇതിനിടയിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ ശക്തമായ വാക്കുതർക്കവും ബലപ്രയോഗവും ഉടലെടുത്തു.
Content Highlights:
Students in Delhi launched a massive protest march from India Gate towards Jantar Mantar, breaching police barricades along the way. Protesters climbed onto police vehicles and clashed with security personnel, prompting Delhi Police and RAF to detain several student activists.


