Connect with us

Kerala

തിരുവല്ലത്തേത് കസ്റ്റഡി മരണം; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവല്ലം കസ്റ്റഡി മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ജഡ്ജിക്കുന്ന് സുരേഷ് എന്ന യുവാവ് മരിച്ചതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പില്‍ യുവാവിന് മര്‍ദനമേറ്റതായി ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. ലോക്കപ്പ് മര്‍ദനമാണ് സുരേഷിന്റെ മരണത്തിന് ഇടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലക്കെടുക്കണമെന്ന് വി ഡി സതീശന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. മാത്രമല്ല കസ്റ്റഡി മരണങ്ങളും പോലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവുംപോലീസ് അതിക്രമങ്ങളും ജനജീവിതത്തിന് ഭീഷണയുയര്‍ത്തുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് എഫ് ബിയില്‍ കുറിച്ചു.

ദമ്പതികളെ ആക്രമിച്ച കേസിലാണ് ഇന്നലെ രാത്രി എട്ടരയോടെ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇന്ന് രാവിലെ ഒമ്പതോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ആരോഗ്യനില വഷളായതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, സുരേഷിനെ രക്ഷിക്കാനായില്ല.