Connect with us

stop drugs

അപകടം കൈയെത്തും ദൂരെ

പണ്ടത്തേക്കാളേറെ ഉപഭോഗത്തിനും വിപണനത്തിനുമായി ലഹരിപ്പൊതികളുമായി നാട് ചുറ്റുന്നവരുടെ എണ്ണം എത്രയോ അധികമാണിപ്പോഴെന്ന് റെയ്ഡ് അനുഭവങ്ങൾ വ്യക്തമാക്കുന്നു. അളന്ന് തൂക്കി വിൽക്കാൻ തുലാസടക്കമുള്ളവയുമായി കറങ്ങുന്ന ലഹരി മാഫിയയുടെ വേരുകൾ എത്രത്തോളം ആഴത്തിലാണ് പടർന്നു കിടക്കുന്നതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം ആയിരം മടങ്ങാണ് വർധിപ്പിക്കുന്നത്.

Published

|

Last Updated

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ബസിൽ നിന്ന് ഏതാനും ദിവസം മുമ്പ് മാരകമയക്കുമരുന്നായ എം ഡി എം എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാളയാർ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിലായിരുന്നു ടാറ്റൂ ആർട്ടിസ്റ്റായ ഇയാളിൽ നിന്ന് 69 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്. മയക്ക് മരുന്ന് തൂക്കി വിൽക്കുന്നതിനായി ഇയാൾ ഇലക്ട്രോണിക് തുലാസും കൊണ്ടു നടന്നിരുന്നു. ചെറിയ അളവിൽ വിൽപ്പന നടത്താനുള്ളതാണ് മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഈ തുലാസ്.

കർണാടകത്തിൽ നിന്ന് വാങ്ങിയ എം ഡി എം എ കടത്താൻ ശ്രമിക്കുന്നതിനിടെ വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്ന് രണ്ട് കോഴിക്കോട് സ്വദേശികളും യാത്രാ ബസിൽ അടുത്ത ദിവസം പിടിയിലായി. 15 ലക്ഷത്തിന്റെ മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 200 മയക്കുമരുന്ന് ഗുളികകളുമായി ബൈക്കിൽ വന്ന നഴ്‌സിംഗ് വിദ്യാർഥികളായ ദമ്പതികളെയും തിരുവനന്തപുരത്ത് പോലീസ് പിടികൂടി. ഇങ്ങനെ അടുത്തടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ എത്രയോ ഇടങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാരാണ് പോലീസിന്റെയും എക്‌സൈസിന്റെയും വലയിലകപ്പെടുന്നത്.

എവിടെയും എപ്പോഴും ആർക്കും ലഭ്യമാകുന്ന വിധത്തിൽ മയക്കുമരുന്ന് വിൽപ്പന സകലയിടങ്ങളിലും നടക്കുന്നുണ്ടെന്നതിന്റെ പ്രധാന തെളിവുകളാണിതെന്ന് നിസ്സംശയം ആർക്കും ചൂണ്ടിക്കാട്ടാനാകും.

പണ്ടത്തേക്കാളേറെ ഉപഭോഗത്തിനും വിപണനത്തിനുമായി ലഹരിപ്പൊതികളുമായി നാട് ചുറ്റുന്നവരുടെ എണ്ണം എത്രയോ അധികമാണിപ്പോഴെന്ന് റെയ്ഡ് അനുഭവങ്ങൾ വ്യക്തമാക്കുന്നു. അളന്ന് തൂക്കി വിൽക്കാൻ തുലാസടക്കമുള്ളവയുമായി കറങ്ങുന്ന ലഹരി മാഫിയയുടെ വേരുകൾ എത്രത്തോളം ആഴത്തിലാണ് പടർന്നു കിടക്കുന്നതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം ആയിരം മടങ്ങാണ് വർധിപ്പിക്കുന്നത്. ലഹരി തലക്ക് പിടിച്ച് ആരോടും മിണ്ടാതെ മുറിക്കകത്ത് കയറി വാതിലടച്ച് കാലം കഴിച്ചു കൂട്ടുന്ന പഴയ തലമുറകളിലെ “ബെൽബോട്ടൻ’ യുവത്വങ്ങളെ സിനിമകളിലും കഥകളിലുമാണ് കൂടുതലും കണ്ടതെങ്കിൽ മയക്കുപൊടി വാങ്ങാൻ പണത്തിനായി അമ്മയുടെ തല തല്ലിപ്പൊളിച്ച് പണം കട്ടെടുക്കുന്ന ന്യൂജൻ പിള്ളേരുടെ ശ്രേണിയിലുള്ളവരുടെ എണ്ണം ഏറെയാണെന്നതാണ് കണക്കുകളിൽ നിന്നും സമകാലിക അനുഭവങ്ങളിൽ നിന്നും തെളിയുന്നത്.

എവിടെയും കിട്ടും ലഹരി

അന്താരാഷ്ട്ര ബന്ധമുള്ള വലിയ സംഘം മാത്രമാണ് ലഹരി മാഫിയയെന്ന് തെറ്റിദ്ധരിക്കരുതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ചെറിയ ഗ്രൂപ്പുകളായി എവിടെയും ഇവരുണ്ടാകാം. തിക്കുംതിരക്കുമുള്ള നഗരങ്ങളിൽ മാത്രമാണ് ലഹരി വിൽപ്പനയെന്നും കരുതരുത്. ആളും ആരവവുമൊഴിഞ്ഞ നാട്ടുമ്പുറത്ത് അല്ലെങ്കിൽ നാൽക്കവലകളിൽ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അതുമല്ലെങ്കിൽ സ്‌കൂളുകൾക്കോ കോളജുകൾക്കോ സമീപം. അങ്ങനെ ലഹരിമാഫിയയുടെ കഴുകൻ കണ്ണുകൾ എല്ലായിടങ്ങളിലും തുറന്നുവെച്ചിട്ടുണ്ട്. നമുക്കറിയാവുന്നതും അറിയാത്തതുമായ സകല ലഹരികളും ഇന്ന് കേരളത്തിൽ കിട്ടും. സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഉപഭോക്താക്കൾക്ക് ലഹരി വിൽപ്പനക്കാരെ വ്യക്തമായി അറിയും. പിടിക്കപ്പെടുന്നത് വരെ ഇവരാരും ഒന്നും പുറത്ത് പറയില്ല.

അടുത്ത ചങ്ങാതിമാരോ പരിചയക്കാരിലാരെങ്കിലുമൊരാളോ ആയിരിക്കും ആവശ്യക്കാർക്ക് ഇവ എത്തിച്ചു നൽകുക. ലഹരി അനുഭവിച്ചറിഞ്ഞവരാണ് കാരിയർമാരിൽ പലരുമെന്നാണ് പിടിക്കപ്പെട്ട കേസുകളിൽ നിന്ന് വ്യക്തമാകുന്നത്. വിതരണക്കാരിൽ ആൺ- പെൺ വ്യത്യാസമില്ല. പാർട്ടികൾ, മറ്റ് ആഘോഷങ്ങൾ എന്നിവക്കിടയിലെല്ലാം ആവശ്യക്കാരെ തേടി ഇവരുണ്ടാകും. ഒരു കൗതുകത്തിനോ അല്ലെങ്കിൽ ഒപ്പമുള്ളയാളുടെ നിർബന്ധത്തിനോ വഴങ്ങിയാണ് ഒട്ടുമിക്ക പേരും ലഹരി വഴിയിലെത്തുന്നത്. എത്ര തവണ വേണ്ടെന്ന് പറഞ്ഞാലും സൗഹൃദക്കൂട്ടത്തിനിടയിൽ കളിയാക്കിയും നിർബന്ധിപ്പിച്ചും അപമാനിച്ചുമെല്ലാം ലഹരി നുണയിപ്പിക്കും. ആദ്യ അനുഭവത്തിന് ശേഷം പതിയെ പതിയെ ഇവർക്കൊപ്പം ചേരാൻ നിർബന്ധിക്കപ്പെടും. ആദ്യ തവണ പണം വാങ്ങിക്കില്ലത്രെ. 100 രൂപക്ക് മേലോട്ടാണ് പിന്നീട് പണം നൽകേണ്ടത്. പണത്തിനനസുരിച്ച് മണിക്കൂറുകൾ നീളുന്ന ലഹരിയാണത്രെ പിന്നീടുള്ള വാഗ്ദാനം.

മയക്കുമരുന്നുകൾ പലവിധം

ആഗോളാടിസ്ഥാനത്തിൽ കഞ്ചാവാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ലഹരിവസ്തുവെന്നാണ് നേരത്തേയുള്ള യു എൻ ഏജൻസിയുടെ റിപോർട്ട്. കേരളത്തിലും കഞ്ചാവിന്റെ ഉപയോഗം വളരെക്കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം കേരളത്തിലേക്ക് ഇപ്പോഴും കഞ്ചാവ് ഒഴുകുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും കഞ്ചാവ് വിതരണ ശ്രംഖലകളിൽ പ്രധാന കണ്ണികളാണ്. ചെറു പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന എത്രയോ സംഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനകം ഉണ്ടായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് തൃശൂർ ചേറ്റുവയിൽ മണം പിടിച്ചെത്തിയ പോലീസ് നായ 800 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രതിയുടെ വീട്ടിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച കഞ്ചാവാണ് പോലീസ് നായ കണ്ടെത്തിയത്. കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചതെന്ന് ആദ്യം പോലീസിന് കണ്ടെത്താനായിരുന്നില്ല. അവസാനം, റൂറൽ പോലീസിന്റെ ഡോഗ് സ്‌ക്വാഡിനെ രംഗത്തിറക്കിയാണ് കട്ടിലിനടിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിലുള്ള രാസവസ്തു തലച്ചോറിൽ അതിവേഗമാണ് മാറ്റങ്ങളുണ്ടാക്കുക. പേടി, ഓർമ ശക്തി, അഭിരുചി എന്നിവയെയെല്ലാം ഇത് സാരമായി ബാധിക്കും. വെറും ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരിൽ പോലും ഈ അവസ്ഥയുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

എൽ എസ് ഡി എന്ന് പേരുള്ള ചെറിയ സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ലഹരിയാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ പലർക്കും ആദ്യം നൽകുന്നതെന്നാണ് ഇതേക്കുറിച്ചുള്ള അന്വേഷണം നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അഫ്ഗാൻ, ആഫ്രിക്കൻ നിർമിതമായ ഇവക്ക് ആൺ- പെൺ ഭേദമില്ലാതെ നിരവധി പേർ അടിമകളായിട്ടുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നു. ലഹരി പതിവായി ഉപയോഗിക്കുന്നവർ കൂടുതലായി ആവശ്യപ്പെടുന്ന മറ്റൊന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള എം ഡി എം എ (മെത്തിലീൻ ഡയോക്‌സി മെത്താംഫെറ്റമിൻ) ആണ്. യുവാക്കൾക്കിടയിൽ കല്ല്, പൊടി, എക്‌സ്, മോളി, മെത്ത് തുടങ്ങി പല പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. വീര്യം കൂടിയതിനും കുറഞ്ഞതിനും വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. ക്യാപ്‌സ്യൂൾ, പൊടി രൂപങ്ങളിലും ഇവ കിട്ടും. ഗന്ധമോ മറ്റോ പ്രകടമാകില്ലെന്നതാണ് ഇതിന്റെ ഉപയോഗം കൂടുതലാകാൻ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എം ഡി എം എ വലിയ അപകടകാരിയാണ്. പത്ത് ഗ്രാമിൽ കൂടുതൽ എം ഡി എം എ കൈവശം വെക്കുന്നത് ഇരുപത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം കൂടിയാണ്. ഇത്രയൊക്കെ കർശന നടപടിയുണ്ടായിട്ടും എം ഡി എം എയുടെ ഉപയോഗം എന്തുകൊണ്ടാണ് കൂടുന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കഞ്ചാവ്, ഹാഷിഷ്, എഫിഡ്രിൻ, മെത്ത്ട്രാക്‌സ്, കൊക്കെയ്ൻ, ചരസ് എന്നിവയെല്ലാം എവിടെയും ഇപ്പോൾ സുലഭമാണെന്നാണ് എക്‌സൈസിന്റെ മയക്ക് മരുന്ന് വേട്ട തെളിയിക്കുന്നത്.

കണക്കുകളിൽ കുറവില്ല

ഇക്കഴിഞ്ഞ ഓണക്കാലത്ത് മാത്രം എക്‌സൈസ് വകുപ്പ് നടത്തിയ ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ 12 വരെ മാത്രമുള്ള 38 ദിവസങ്ങളിൽ 803 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്ട്രർ ചെയ്തത്. 817 പേർ അറസ്റ്റിലാകുകയും ചെയ്തു. 519 കിലോ ഗ്രാം കഞ്ചാവ്, 4,925 ഗ്രാം ഹാഷിഷ് ഓയിൽ, 105 ഗ്രാം ഹെറോയിൻ, 611 ഗ്രാം എം ഡി എം എ, 63.38 ഗ്രാം മെത്താംഫിറ്റമിൻ, 396 കഞ്ചാവ് ചെടികൾ എന്നിവയും ഇക്കാലയളിവൽ മാത്രം പിടിച്ചെടുത്തു. ഇവ കൂടാതെ ഓപ്പിയം, മാജിക് മഷ്‌റൂം, ചരസ്, എൽ എസ് ഡി സ്റ്റാമ്പുകൾ, കുഴൽപ്പണം, മയക്കുമരുന്ന് ഗുളികകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളിൽ നൂറിലേറെ വാഹനങ്ങളും സ്‌പെഷ്യൽ ഡ്രൈവിൽ പിടിച്ചെടുത്തു. മദ്യവുമായി ബന്ധപ്പെട്ടെടുത്ത 2,425 കേസുകളിൽ 1,988 പേർ അറസ്റ്റിലായെന്നും എക്‌സൈസ് വകുപ്പ് ചണ്ടിക്കാട്ടുന്നു. ഗോവയും മംഗളൂരുവും വഴിയാണ് വടക്കൻ കേരളത്തിൽ ലഹരി പ്രധാനമായും എത്തുന്നതെന്നാണ് പിടിക്കപ്പെടുന്ന കേസുകളിൽ നിന്ന് വ്യക്തമാകുന്നത്. നേപ്പാളും ഗോവയും ഒഡീഷയും ബെംഗളൂരുവും ചെന്നൈയും കടന്നാണ് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ലഹരി ഒഴുകിപ്പരക്കുന്നത്. മെട്രോ നഗരമായ കൊച്ചി രാസലഹരി ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി മാറിയിട്ട് കാലമേറെയായി.

(നാളെ: നോട്ടമിടുന്നത് കുട്ടികളെ…)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest