Connect with us

Ongoing News

പശ്ചിമേഷ്യയിലെ പ്രതിസന്ധി: ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ ക്രമീകരിച്ച് വിവിധ എയര്‍ലൈന്‍സുകള്‍

യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ എയര്‍ലൈനുകളെല്ലാം തങ്ങളുടെ സര്‍വീസുകള്‍ ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ വരെ നീട്ടിവെച്ചിരിക്കുകയാണ്.

Published

|

Last Updated

ദുബൈ | പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി 28ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ വ്യോമയാന മേഖലയില്‍ ദൃശ്യമായ തടസ്സങ്ങള്‍ ഇപ്പോഴും തുടരുകയാണ്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ എയര്‍ലൈനുകളെല്ലാം തങ്ങളുടെ സര്‍വീസുകള്‍ ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ വരെ നീട്ടിവെച്ചിരിക്കുകയാണ്.

പ്രധാന എയര്‍ലൈന്‍സുകളുടെ സര്‍വീസ് വിവരങ്ങള്‍
എജിയന്‍ എയര്‍ലൈന്‍സ്: ദുബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആഗസ്റ്റ് 31 വരെ റദ്ദാക്കി.
എയര്‍ കാനഡ: ദുബൈ, തെല്‍ അവീവ് സര്‍വീസുകള്‍ സെപ്തംബര്‍ ഏഴ് വരെ റദ്ദാക്കി.
കാഥേ പസഫിക്: ദുബൈ, റിയാദ് സര്‍വീസുകള്‍ ആഗസ്റ്റ് 31 വരെ നിര്‍ത്തിവെച്ചു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്: സിംഗപ്പൂര്‍-ദുബൈ സര്‍വീസുകള്‍ ആഗസ്റ്റ് രണ്ട് വരെ നീട്ടിവെച്ചു.
ബ്രിട്ടീഷ് എയര്‍വേസ്: ദുബൈ, തെല്‍ അവീവ്, ബഹ്‌റൈന്‍, അമ്മാന്‍ സര്‍വീസുകള്‍ ഒക്ടോബര്‍ 25 വരെ നിര്‍ത്തിവെച്ചു.

ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ദുബൈ ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കുറച്ചേക്കും. ഇതോടൊപ്പം എയര്‍ ഫ്രാന്‍സ്, കെ എല്‍ എം, ലുഫ്താന്‍സ, യൂറോവിങ്സ്, വിസ് എയര്‍, വിര്‍ജിന്‍ അത്‌ലാന്റിക് തുടങ്ങിയ യൂറോപ്യന്‍ എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം, എയര്‍ അസ്താന അല്‍മാട്ടിയില്‍ നിന്ന് ദുബൈയിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 20 മുതലും അസ്താന-ദുബൈ സര്‍വീസുകള്‍ ജൂലൈ പത്ത് മുതലും പുനരാരംഭിക്കും. സുരക്ഷ മുന്‍നിര്‍ത്തി ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പാകിസ്താന്‍ വഴിയാണ് എയര്‍ അസ്താന സര്‍വീസ് നടത്തുക. ജൂലൈ ആറോടെ അല്‍മാട്ടി-ദുബൈ റൂട്ടില്‍ പ്രതിദിന സര്‍വീസുകളും ആഗസ്റ്റ് മൂന്നോടെ അസ്താന-ദുബൈ റൂട്ടില്‍ പ്രതിദിന സര്‍വീസുകളും ലഭ്യമാക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

 

Latest