Connect with us

From the print

പതിനഞ്ചിടത്ത് സി പി എം, സി പി ഐ നാലിടത്ത്; എല്‍ ഡി എഫില്‍ സീറ്റ് ധാരണയായി

കേരള കോണ്‍ഗ്രസ്സ് എമ്മിന് അധിക സീറ്റില്ല. ആര്‍ ജെ ഡിയുടെ ആവശ്യം പരിഗണിക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ ഡി എഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സി പി എമ്മും നാലിടത്ത് സി പി ഐയും മത്സരിക്കും. കേരള കോണ്‍ഗ്രസ്സ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. മാണി വിഭാഗം അധിക സീറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ കേരള കോണ്‍ഗ്രസ്സ് പ്രതിനിധി തുടരുന്ന കോട്ടയം മണ്ഡലം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ധാരണ. ഈ മാസം പത്തിന് ചേരുന്ന ഇടതുമുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ ഡി എഫ് നേതൃത്വം ധാരണയിലെത്തിയത്.

കേരളാ കോണ്‍ഗ്രസ്സ് എം സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമെ പത്തനംതിട്ട കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കാന്‍ പൂര്‍ണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. ഇതുവരെ സി പി എം 16 സീറ്റുകളിലാണ് മത്സരിച്ചുവന്നിരുന്നത്. ഇതില്‍ നിന്നാണ് ഒരു സീറ്റ് കേരള കോണ്‍ഗ്രസ്സ് എമ്മിന് കൈമാറിയിരിക്കുന്നത്. ഇതിന് പുറമെ രണ്ടാമതൊരു സീറ്റ് കൂടി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സി പി എം നിര്‍ദേശത്തിന് കേരള കോണ്‍ഗ്രസ്സ് നേതൃത്വം വഴങ്ങുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായായിരുന്നു കേരള കോണ്‍ഗ്രസ്സ് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നത്. ഇതോടെയാണ് ഒരു സീറ്റ് അവര്‍ക്ക് നല്‍കാന്‍ സി പി എം തീരുമാനിച്ചത്. എന്നാല്‍, ലോക്സഭയിലേക്ക് രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും ജൂണില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒന്ന് ലഭിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ്സ് എം ഉന്നയിച്ചിട്ടുണ്ടെന്നാണറിയുന്നത്. നിലവില്‍ കാലാവധി പൂര്‍ത്തിയാകുന്ന ജോസ് കെ മാണിക്ക് വേണ്ടിയാണ് കേരള കോണ്‍ഗ്രസ്സ് എം രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നത്. മുന്നണി യോഗത്തില്‍ ലോക്സഭാ സീറ്റില്‍ മോഹമുള്ള ആര്‍ ജെ ഡി ആവശ്യം ഉന്നയിക്കുമെങ്കിലും പരിഗണിക്കാനിടയില്ല. സീറ്റ് വിഭജനത്തില്‍ ധാരണയായ പശ്ചാത്തലത്തില്‍ ഡല്‍ഹി സമരം കഴിയുന്നതോടെ ഇടതു പാര്‍ട്ടി നേതൃയോഗങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും.

 

Latest