Kerala
കോര്‍പറേറ്റ് രീതി, സമരമില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ ബി ജെ പിയിലെ പരമ്പരാഗത നേതാക്കള്‍
പവര്‍ പോയന്റ് പ്രസന്റേഷനും ടാര്‍ജറ്റുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. സംസ്ഥാന പാര്‍ട്ടിയിലെ പരമ്പരാഗത നേതാക്കള്‍ ഇതിനെ കോപ്രായം എന്നാണ് വിശേഷിപ്പിക്കുന്നത്

തിരുവനന്തപുരം | വ്യവസായി രാജീവ് ചന്ദ്രശേഖറിന്റെ ബിസിനസ് രീതികള്‍ക്കെതിരെ പാര്‍ട്ടിയില്‍ അസ്വാരസ്യം. തീരുമാനങ്ങള്‍ എടുക്കും മുമ്പു ചര്‍ച്ചകള്‍ ഇല്ലെന്നും പ്രത്യക്ഷ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍ തന്റെ പ്രഫഷണല്‍ രീതികളെ പിന്തുണക്കുന്ന ഒരു വിഭാഗത്തെ തുടക്കം മുതല്‍ കൂടെ നിര്‍ത്താന്‍ രാജീവ് ചന്ദ്രശേഖര്‍ കരുനീക്കിയതിനാല്‍ എതിര്‍പ്പുകള്‍ ഏശുന്നില്ല.
കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന രീതിയിലാണ് പുതിയ പ്രസിഡന്റിന്റെ പാര്‍ട്ടി പ്രവര്‍ത്തനം എന്നാണ് ആരോപണം. പവര്‍ പോയന്റ് പ്രസന്റേഷനും ടാര്‍ജറ്റുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. സംസ്ഥാന പാര്‍ട്ടിയിലെ പരമ്പരാഗത നേതാക്കള്‍ ഇതിനെ കോപ്രായം എന്നാണ് വിശേഷിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ പ്രസിഡന്റായതിനാല്‍ വികാരങ്ങള്‍ അടക്കിപ്പിടിച്ച് മിണ്ടാതിരിക്കുകയാണ് നേതാക്കള്‍. കെ സുരേന്ദ്രന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ചില ഘട്ടത്തില്‍ മുഖ്യപ്രതിപക്ഷത്തിന്റെ റോളിലേക്ക് ബി ജെ പിയെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നതായും അത് യു ഡി എഫിനെ അമ്പരപ്പിച്ചിരുന്നതായും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വികസനം എന്ന വാക്ക് ഉരുവിട്ട് പാര്‍ട്ടിയെ നിഷ്‌ക്രിയമാക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറയുന്നു.
ഇടതു സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യു ഡി എഫ് കരിദിനം ആചരിച്ചെങ്കിലും ബി ജെ പി മിണ്ടാതിരുന്നത് ശരിയായില്ലെന്നും അവര്‍ പറയുന്നു. പരമ്പരാഗത നേതാക്കളുടെ മുറുമുറുപ്പിനെ പൂര്‍ണ്ണമായി തള്ളുകയാണ് അധ്യക്ഷനെ അനുകൂലിക്കുന്നവര്‍. പരമ്പാഗത ശൈലി വിട്ടുള്ള പ്രഫഷണല്‍ സമീപനത്തിന് പിന്തുണയേറുകയാണെന്നും സമയപരിധി വെച്ചുള്ള ആസൂത്രണത്തിലൂടെയാണ് പല സംസ്ഥാനങ്ങളിലും ബി ജെ പിയെ അധികാരത്തിയതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.