Connect with us

Kannur

കണ്ണൂരില്‍ സംഘര്‍ഷം, മര്‍ദനം; കെ റെയില്‍ വിരുദ്ധ സമരം തെരുവിലേക്ക്; നന്ദിഗ്രാം മാതൃകയില്‍ കത്തിക്കാന്‍ ആലോചന

കെ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം, സാമ്പത്തിക ബാധ്യത തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ഉയര്‍ത്തുന്നത്. സമരത്തിന്റെ മറവില്‍ കേരളത്തില്‍ വീണ്ടുമൊരു വിമോചന സമരത്തിനുള്ള ഒരുക്കമാണു നടക്കുന്നതെന്ന ആരോപണവുമായി സി പി എമ്മും രംഗത്തുണ്ട്.

Published

|

Last Updated

കോഴിക്കോട് | കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതോടെ കെ റെയില്‍ വിരുദ്ധ സമരം തെരുവിലേക്ക് നീങ്ങുന്നു. കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. മുദ്രാവാക്യം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെവരെ യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണു പരാതി.

പരിപാടി നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടച്ചെങ്കിലും പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ബല പ്രയോഗം നടക്കുന്നതിനിടെ സംഘാടകരില്‍ ചിലരെത്തി മര്‍ദ്ദിച്ചു എന്നാണു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമരത്തെ എതിര്‍ത്തും അനുകൂലിച്ചും വലിയതോതില്‍ പ്രതികരണമുണ്ടായി. പശ്ചിമ ബംഗാളില്‍ ഇടതു തുടര്‍ഭരണം അവസാനിക്കാന്‍ കാരണമായ സിംഗൂര്‍ നന്ദ്രീഗ്രാം സമരത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് കെ റെയില്‍ സമരത്തെ അനുകൂലിക്കുന്നവര്‍ രംഗത്തുവരുന്നത്. ബംഗാളില്‍ കൃഷി ഭൂമി വ്യവസായത്തിന് ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരത്തെ നേരിടാന്‍ സി പി എം ഗുണ്ടകളെ ഇറക്കിയെന്നും അതിന്റെ ഫലമാണ് ജനങ്ങള്‍ ഇടതുഭരണത്തിന് അന്ത്യംകുറിച്ചതെന്നുമാണ് സമരത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ബംഗാളില്‍ മമതാ ബാനര്‍ജി ഉയര്‍ന്നു വന്ന സിംഗൂര്‍ നന്ദീഗ്രാം സമരത്തിന്റെ മാതൃകയില്‍ കേരളത്തില്‍ കെ റെയില്‍ സമരം കത്തിക്കാനാണ് ആലോചന നടക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍.

നന്ദിഗ്രാമിനൊപ്പം സിംഗൂരും ബംഗാള്‍ രാഷ്ട്രീയത്തില്‍ വഴിമാറ്റമുണ്ടാക്കിയ രണ്ട് ഗ്രാമങ്ങളാണ്. ‘കൃഷിയാണ് അടിസ്ഥാനം,വ്യവസായമാണ് ഭാവി’ എന്നു പ്രഖ്യാപിച്ച് വ്യവസായപദ്ധതിക്ക് വഴിയൊരുക്കിയ ഇടത് സര്‍ക്കാരിന്റെ നീക്കങ്ങളാണ് മമതാ ബാനര്‍ജി ആയുധമാക്കിയത്. ടാറ്റയുടെ നാനോ കാര്‍ നിര്‍മാണത്തിനായുള്ള ഫാക്ടറി സ്ഥാപിക്കാനായി 977 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാണ് വഴിത്തിരിവായത്. കര്‍ഷകരെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചാണ് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയതെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭം കടുത്തപ്പോള്‍ 2008ല്‍ ടാറ്റ പദ്ധതി ഉപേക്ഷിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതിയിലായി. ഇതോടെ ഇടത് സര്‍ക്കാരിന്റെ വീഴ്ചയും മമതയുടെ ഉയര്‍ച്ചയും തുടങ്ങി.

2007ല്‍ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ടാറ്റയ്ക്ക് കൈമാറിയ ഉടന്‍ തന്നെ ഫാക്ടറി നിര്‍മാണം ആരംഭിച്ചു. 2008 ല്‍ ആദ്യത്തെ നാനോ കാര്‍ പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഭൂമി ഏറ്റെടുക്കാന്‍ 1894ലെ നിയമം പ്രയോഗിച്ചതാണ് സര്‍ക്കാരിന് പറ്റിയ പാളിച്ച. കര്‍ഷകരുടെ അനുമതിയില്ലാതെ പൊതുപദ്ധതികള്‍ക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് ബ്രിട്ടീഷ് ഭരണകാലത്തെ ഈ നിയമത്തില്‍ പറയുന്നത്. ഭൂമി നിര്‍ബന്ധിതമായി ഏറ്റടുക്കുന്നതിനായി കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നുവെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചു.

പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ 2008 ഒക്ടോബര്‍ മൂന്നിന് ടാറ്റ പദ്ധതി കൈവിട്ടു. എന്നാല്‍ നാല് ദിവസം കഴിഞ്ഞ് 2008 ഒക്ടോബര്‍ 7 ന് ഗുജറാത്തിലെ സാനന്ദില്‍ അതേ പദ്ധതി ടാറ്റ പ്രഖ്യാപിച്ചു. ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയാണ് ടാറ്റയ്ക്ക് നാനോ ഫാക്ടറി സ്ഥാപിക്കാനായി സ്ഥലം വിട്ടു കൊടുത്തത്.

ഇടതുപാര്‍ട്ടികളുടെ 34 വര്‍ഷമായി നിലനിന്ന അധികാര പരമ്പരക്കും സ്വാധീനത്തിനുമാണ് ആ സമരം അന്ത്യംകുറിച്ചത്. മമതയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയത്തിനും പുതിയ അധികാര പരമ്പരക്കും തുടക്കമായി.

കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ വയല്‍ക്കിളി സമരം എന്നപേരില്‍ സമരം തുടങ്ങിയപ്പോള്‍ നന്ദിഗ്രാമിലെ മണ്ണു കൊണ്ടുവന്നു സമരത്തിന് നന്ദീഗ്രാം സിംഗൂര്‍ സ്വഭാവം ഉണ്ടാക്കാന്‍ ശ്രമം നടന്നെങ്കിലും യു ഡി എഫും ബി ജെ പിയുമെല്ലാം പിന്തുണച്ച സമരത്തിനു മുന്നോട്ടുപോകാനായില്ല.

കെ റെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഏറ്റവും ആകര്‍ഷണീയമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചതിനാല്‍ അതിന്റെ പേരില്‍ ഇരകളുടെ പ്രതിഷേധം എവിടെയും ഉയര്‍ന്നിട്ടില്ല. കെ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം, സാമ്പത്തിക ബാധ്യത തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ഉയര്‍ത്തുന്നത്. സമരത്തിന്റെ മറവില്‍ കേരളത്തില്‍ വീണ്ടുമൊരു വിമോചന സമരത്തിനുള്ള ഒരുക്കമാണു നടക്കുന്നതെന്ന ആരോപണവുമായി സി പി എമ്മും രംഗത്തുണ്ട്.

 

Latest