Connect with us

rain calamities

നഷ്ടപരിഹാരം അനന്തമായി നീളുന്നു; കണ്ണീർക്കയത്തിൽ കർഷകർ

ജില്ലയിലുണ്ടായ മൊത്തം കൃഷി നാശത്തിന്റെ വ്യാപ്തി കൃഷി വകുപ്പിന് വ്യക്തമായി അറിയാമെന്നിരിക്കെയാണ് നാശം സംഭവിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രകൃതിക്ഷോഭ ദുരിതാശ്വാസം വഴിയോ ഇൻഷ്വറൻസ് പരിരക്ഷ വഴിയോ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ ദുരിതത്തിലായിരിക്കുന്നത്

Published

|

Last Updated

ഹരിപ്പാട് | വെള്ളപ്പൊക്കവും മഴയും മൂലം കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം അകലെ. കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലയിൽ കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച മഴയും അതിനോടൊപ്പമെത്തിയ വെള്ളപ്പൊക്കവും കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കെ നഷ്ടപരിഹാരം അനന്തമായി നീളുന്നു. ആദ്യ വെള്ളപ്പൊക്കത്തിൽ തന്നെ ഭൂരിപക്ഷം കർഷകരുടേയും ഏത്തവാഴ, ഞാലിപ്പൂവൻ, മരച്ചീനി ഉൾപ്പെടെയുള്ളവയും പച്ചക്കറികളും നശിച്ചിരുന്നു. നെൽകൃഷി രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ വെള്ളത്തിന്റെ അതിസമ്മർദത്തെ അതിജീവിക്കാൻ കർഷകർക്കൊപ്പം പാടശേഖര സമിതി സജീവമായുണ്ടായിരുന്നു. ദുർബല മേഖലകളിലെ ബണ്ടുകൾ തകർന്ന് മടവീഴ്ചയുണ്ടായത് മണിക്കൂറുകൾക്കകം പ്രതിരോധിച്ചിരുന്നു.

എന്നാൽ, വെള്ളപ്പൊക്കത്തിനൊപ്പം ഡാമുകൾ കൂടി തുറന്നതോടെ കർഷകരുടെയും പാടശേഖര സമിതിയുടെയും സർവ പ്രതീക്ഷകളും അസ്തമിച്ചു. ഓണവിപണി പ്രതീക്ഷിച്ചിറക്കിയ ഏത്തവാഴ കൃഷിയിലൂടെ തന്നെ കർഷകർക്ക് സംഭവിച്ച നഷ്ടം കോടികളാണ്. ജില്ലയിലുണ്ടായ മൊത്തം കൃഷി നാശത്തിന്റെ വ്യാപ്തി കൃഷി വകുപ്പിന് വ്യക്തമായി അറിയാമെന്നിരിക്കെയാണ് നാശം സംഭവിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രകൃതിക്ഷോഭ ദുരിതാശ്വാസം വഴിയോ ഇൻഷ്വറൻസ് പരിരക്ഷ വഴിയോ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ ദുരിതത്തിലായിരിക്കുന്നത്.

നെല്ലിന് ഹെക്ടറിന് 35,000 രൂപ ഇൻഷ്വറൻസ് പരിരക്ഷയായും അത്ര തന്നെ തുക പ്രകൃതിക്ഷോഭ ദുരിതാശ്വാസമായും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. കുലച്ച വാഴകൾക്ക് ഒന്നിന് 300 രൂപയും കുലക്കാത്ത വാഴകൾക്ക് 100 രൂപാ ക്രമത്തിലും ഇൻഷ്വറൻസ് തുക പ്രഖ്യാപിച്ചിരുന്നു. ഇൻഷ്വറൻസ് ചെയ്യാത്ത കർഷകർക്ക് ഒരു വാഴക്ക് 100 രൂപാ ക്രമത്തിൽ നഷ്ട പരിഹാരം ലഭ്യമാകേണ്ടതുമായിരുന്നു. എന്നാൽ ഈ ആനുകൂല്യങ്ങളൊന്നും കർഷകർക്ക് ലഭിച്ചിട്ടില്ല.

പത്ത് മാസക്കാലം ദൈർഘ്യമുള്ള ഏത്തവാഴ കൃഷിക്കായി തീ വില നൽകി മൈസൂരിൽ നിന്നും മേട്ടുപ്പാളയത്ത് നിന്നുമൊക്കെ ലോഡുകണക്കിന് വാഴ വിത്തുകളാണ് കർഷകർ ഇറക്കുമതി ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണിലെ തുക ലഭിക്കുമെന്ന പ്രതീക്ഷയാണ് പുതിയ വിത്തുകളിറക്കാൻ കർഷകർക്ക് പ്രചോദനമായത്. ഇറക്കുമതി ചെയ്ത വാഴവിത്തുകൾ നടാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് തന്നെ കിടന്ന് കിളിർത്ത് ഇല വിരിഞ്ഞു തുടങ്ങിയിരിക്കുകയാണ്. കുട്ടനാടിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ഈ സീസണിൽ വാഴകൃഷി ചെയ്യാൻ കഴിയില്ലെന്നിരിക്കെ കർഷകരുടെ നഷ്ടം ഇരട്ടിയാകും.

Latest