Uae
കല്‍ബയിലെ കാലാവസ്ഥാ പ്രതിസന്ധി; നാശനഷ്ടങ്ങളുടെ പുനര്‍മൂല്യനിര്‍ണയത്തിന് നിര്‍ദേശം
അതോടൊപ്പം, അല്‍ മവാഫ്ജ ഏരിയയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെ അഭിമുഖീകരിക്കുന്ന അല്‍ മുഫല്‍ഹൂന്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലം വിപുലീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു
ഷാര്‍ജ | കഴിഞ്ഞ മാസങ്ങളില്‍ കാലാവസ്ഥ ന്യൂനമര്‍ദം കാരണം കല്‍ബ നഗരത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വീണ്ടും വിലയിരുത്താനും ഉചിതമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള അംഗീകാരത്തിനായി സമര്‍പ്പിക്കാനും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. ഓരോ നാശനഷ്ടത്തിന്റെ വ്യാപ്തിയും നിര്‍ണയിക്കണം. ഡയറക്ട് ലൈന്‍ പ്രോഗ്രാമില്‍ അല്‍ ബറാഹയിലെ തന്റെ വീടിനുണ്ടായ നാശനഷ്ടവുമായി ബന്ധപ്പെട്ട് നടത്തിയ അഭ്യര്‍ഥനയുടെ പ്രതികരണത്തിലാണ് കല്‍ബ മുനിസിപ്പാലിറ്റിക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
അതോടൊപ്പം, അല്‍ മവാഫ്ജ ഏരിയയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെ അഭിമുഖീകരിക്കുന്ന അല്‍ മുഫല്‍ഹൂന്‍ പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലം വിപുലീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. തീരപ്രദേശത്ത് ഹൈബിസ്‌കസ് ഇനത്തിലുള്ള തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും നിര്‍ദേശിച്ചു.
ഷാര്‍ജ നഴ്സറികളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കെല്ലാം സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നഴ്‌സറികള്‍ കുട്ടികളെ സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്താന്‍ മാത്രമല്ല. കുട്ടികളെ വളര്‍ത്തുന്നതില്‍ അവ വളരെ പ്രധാനമാണ്, വിദ്യാഭ്യാസം നേടാതെ കുട്ടിക്കാലം കഴിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പിതാവും മാതാവും ജോലിയില്‍ തിരക്കിലായിരിക്കാം. അതിനാല്‍ കുട്ടികളെ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പുതിയ നഴ്‌സറികള്‍ നിര്‍മിക്കുന്നു.’ അദ്ദേഹം പറഞ്ഞു


