Connect with us

International

തായ്‍വാനെ വളഞ്ഞ് ചെെനയുടെ സെെനികാഭ്യാസം; യുദ്ധ മുന്നൊരുക്കമെന്ന് ഭീതി

ചെെനയുടെ സെെനികാഭ്യാസങ്ങൾ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തായ്‍വാൻ

Published

|

Last Updated

ബീജിംഗ് | യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്പേയിയിൽ നിന്ന് മടങ്ങിയതിന് പിന്നാലെ തായ്‍വാൻ ദ്വീപിന് ചുറ്റും ചൈന വലിയ തോതിലുള്ള സൈനിക കടൽ, വ്യോമാഭ്യാസങ്ങൾ ആരംഭിച്ചു. തായ്‍വാന് ചുറ്റുമുള്ള ആറ് പ്രദേശങ്ങളിലാണ് അഭ്യാസ പ്രകടനങ്ങൾ നടക്കുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് ആരംഭിച്ച സെെനികാഭ്യാസം ഞായറാഴ്ച ഇതേ സമയം വരെ തുടരുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

പെലോസിയുടെ വരവിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചൈന സൈനിക നീക്കങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് പെലോസിയുടെ സന്ദർശനത്തിന് പ്രതികാരമെന്നോണം സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൈനിക പ്രവർത്തനം ബുധനാഴ്ചയും തുടർന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സെെനികാഭ്യാസത്തിന് തുടക്കം കുറിച്ചത്.

അതേസമയം, ചെെനയുടെ സെെനികാഭ്യാസങ്ങൾ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തായ്‍വാൻ പ്രതികരിച്ചു. തങ്ങളുടെ പ്രാദേശിക ഇടത്തിലേക്ക് ചെെന അതിക്രമിച്ച് കയറുകയാണെന്നും വ്യോമ, സമുദ്ര മേഖലകൾ ഉപരോധിച്ചെന്നും തായ്‍വാൻ വ്യക്തമാക്കി.

ചൈനയുടെ സൈനിക പ്രവർത്തനങ്ങൾ യുക്തിരഹിതവും പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് ദേശീയ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച വിശേഷിപ്പിച്ചത്.

തായ്വാൻ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചെെന ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുദ്ധം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. യുദ്ധ മുന്നൊരുക്കത്തിന്റെ ഭാഗമാണ് ചെെന ഇപ്പോൾ നടത്തുന്ന സെെനികാഭ്യാസമെന്ന അഭ്യൂഹവും ശക്തമാണ്. ചൈനയുമായി ഔപചാരിക നയതന്ത്ര ബന്ധം പുലർത്തുമ്പോൾ തന്നെ, തായ്‍വാനെക്കുറിച്ച് “തന്ത്രപരമായ അവ്യക്തത” എന്ന നയം പിന്തുടരുന്ന അമേരിക്ക, ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ നൽകാൻ നിയമമനുസരിച്ച് ബാധ്യസ്ഥരാണ്.