Connect with us

Kerala

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കെ ജി എം ഒ എ

'ജില്ലാ ജനറല്‍ ആശുപത്രിയില്‍ അനാസ്ഥ ഉണ്ടായിട്ടില്ല. ആവശ്യമായ എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും ആശുപത്രിയില്‍ ലഭ്യമാക്കിയിരുന്നു.'

Published

|

Last Updated

തിരുവനന്തപുരം | പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കെ ജി എം ഒ എ. ജില്ലാ ജനറല്‍ ആശുപത്രിയില്‍ അനാസ്ഥ ഉണ്ടായിട്ടില്ല. ആവശ്യമായ എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും ആശുപത്രിയില്‍ ലഭ്യമാക്കിയിരുന്നതായും കെ ജി എം ഒ എ വ്യക്തമാക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

പത്തനംതിട്ടയിലെ റാന്നിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ മരണപ്പെടുകയായിരുന്നു. പെരുനാട് സ്വദേശി അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ ആഗസ്റ്റ് 14ന് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് വാക്‌സിനും മറ്റും നല്‍കിയിരുന്നു. പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ട പെണ്‍കുട്ടിയെ അസുഖങ്ങളെ തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയില്‍ അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.

 

Latest