Kerala
പെരുന്നാള്‍ ദിനത്തില്‍ പാണക്കാട്ടെത്തി മുഖ്യമന്ത്രി; ഇ ഡി റെയ്ഡിനെപ്പറ്റി ഇന്നും മൗനം
സംഭവത്തിനു ശേഷം ഏഴാം തവണയാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നു പ്രതികരണം തേടിയത്
മലപ്പുറം | പെരുന്നാള്‍ ദിനത്തില്‍ മുസ്്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ചു മുഖ്യമന്ത്രി വി ഡി സതീശന്‍. വിശിഷ്ടമായ പെരുന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ വസതിയില്‍ സ്വീകരിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നു സാദിഖലി തങ്ങള്‍ പ്രതികരിച്ചു. പാണക്കാട്ടു നിന്നു പ്രാതല്‍ കഴിച്ചാണ് മുഖ്യമന്ത്രി തിരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇ ഡി റെയ്ഡും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും ഇന്നും മുഖ്യമന്ത്രി മൗനം പാലിച്ചു. സംഭവത്തിനു ശേഷം ഏഴാം തവണയാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നു പ്രതികരണം തേടിയത്.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറില്‍ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ദില്ലിയില്‍ നാല് തവണയും അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു. റെയ്ഡിന് പിന്നില്‍ വിഡി-ഇഡി-മോഡി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്‌ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസില്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവരും ആരോപിച്ചിരുന്നു.
കരിമണല്‍ കര്‍ത്തയുടെ വിവാദപരമായ ഡയറിയില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പേരുള്ളതിനാലാണ് അദ്ദേഹം മൗനം തുടരുന്നുവെന്നതും വ്യാഖ്യാനിക്കപ്പെടുന്നു. പി വി, ഒ സി, ആര്‍ സി, പി കെ തുടങ്ങിയ പ്രധാന പേരുകളാണ് ഡയറിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞാല്‍ കുരുക്കാകുമോ എന്ന ആശങ്കയാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇഡിക്കെതിരെയുള്ള ആക്രമണങ്ങള്‍ പോലീസിന്റെ വീഴ്ചയാണെന്നും ആരോപണമുയര്‍ന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞാല്‍ ആഭ്യന്തര മന്ത്രി ചെന്നിത്തലക്കു തിരിച്ചടിയാകുമോ എന്നും മുഖ്യമന്ത്രി ഭയപ്പെടുന്നു. സംസ്ഥാനത്ത് ഇ ഡി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയിലായിരിക്കുമെന്ന രാഷ്ട്രീയ നീക്കവും മുഖ്യമന്ത്രിയുടെ മൗനത്തിനു പിന്നില്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.







